യോവേൽ 3 - സത്യവേദപുസ്തകം C.L. (BSI)ന്യായവിധി 1 ആ സമയം വരുമ്പോൾ, യെഹൂദ്യയുടെയും യെരൂശലേമിന്റെയും ഐശ്വര്യം പുനഃസ്ഥാപിക്കുന്ന നാളുകൾ വരുമ്പോൾ, 2 ഞാൻ സകല ജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത്താഴ്‌വരയിലേക്കു നയിക്കും. അവിടെവച്ച് എന്റെ സ്വന്തജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടി അവരുടെമേൽ ന്യായവിധി നടത്തും. അവർ എന്റെ ജനത്തെ തങ്ങളുടെ ഇടയിൽ ചിതറിക്കുകയും എന്റെ ദേശം അവർ വിഭജിച്ചെടുക്കുകയും ചെയ്തുവല്ലോ. 3 അവർ നറുക്കിട്ട് എന്റെ ജനത്തെ പങ്കിട്ടു. അവർ വേശ്യക്കുവേണ്ടി ബാലനെയും വീഞ്ഞുകുടിക്കാൻവേണ്ടി ബാലികയെയും വിറ്റു. 4 സോരേ, സീദോനേ, സകല ഫെലിസ്ത്യപ്രദേശങ്ങളേ, നിങ്ങൾക്കെന്നോടെന്തു കാര്യം? ഞാൻ ചെയ്തതിനു നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുമോ? എങ്കിൽ നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ ശിരസ്സിൽ ഞാൻ നിപതിപ്പിക്കും. 5 കാരണം എന്റെ സ്വർണവും വെള്ളിയും വിലപ്പെട്ട നിധികളും നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു നിങ്ങൾ കൊണ്ടുപോയി. 6 യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളെ നിങ്ങൾ ഗ്രീക്കുകാർക്കു വിറ്റുകളഞ്ഞു. അങ്ങനെ അവരുടെ സ്വന്തം ദേശത്തുനിന്ന് അവരെ അകറ്റി. 7 എന്നാൽ നിങ്ങൾ അവരെ വിറ്റ സ്ഥലത്തുനിന്നു ഞാൻ അവരെ ഇളക്കിവിടും. നിങ്ങളുടെ പ്രവൃത്തിയുടെ ഫലം നിങ്ങളുടെ തലയിൽത്തന്നെ വരുത്തും. 8 നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ യെഹൂദാജനതയ്‍ക്ക് വിൽക്കും. അവർ അവരെ വിദൂരസ്ഥരായ ശെബായർക്കു വിറ്റുകളയും. ഇത് സർവേശ്വരന്റെ വചനം. 9 ഇതു ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുക. യുദ്ധത്തിന് ഒരുങ്ങുവിൻ. വീരന്മാരെ ഉണർത്തുവിൻ. സകല യോദ്ധാക്കളും ചേർന്നുവരട്ടെ; 10 നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും തീർപ്പിക്കുക. “ഞാനൊരു വീരയോദ്ധാവെന്ന്” ദുർബലൻപോലും പറയട്ടെ. 11 ചുറ്റുമുള്ള ജനതകളേ, വേഗം വരുവിൻ; നിങ്ങൾ ഒരുമിച്ചു കൂടുവിൻ. സർവേശ്വരാ, അവിടുത്തെ യോദ്ധാക്കളെ അയച്ചാലും. 12 ജനതകൾ ഉണർന്ന് യെഹോശാഫാത്ത്താഴ്‌വരയിലേക്കു വരട്ടെ. ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാനായി ഞാൻ അവിടെ ഇരിക്കും. 13 അരിവാൾ കൈയിലെടുക്കുക; വിളവു പാകമായിരിക്കുന്നു; പോയി ചവിട്ടുക; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ നിറഞ്ഞു കവിയുന്നു; അവരുടെ ദുഷ്ടത അത്രയ്‍ക്കു വലുതാണല്ലോ. 14 അതാ ജനസഞ്ചയങ്ങൾ! വിധിയുടെ താഴ്‌വരയിൽ ജനസഞ്ചയങ്ങൾ! സർവേശ്വരന്റെ ദിനം സമീപിച്ചിരിക്കുന്നു; 15 സൂര്യചന്ദ്രന്മാർ ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങളുടെ പ്രഭ നഷ്ടപ്പെട്ടിരിക്കുന്നു. ദൈവം തന്റെ ജനത്തെ അനുഗ്രഹിക്കും 16 സർവേശ്വരൻ സീയോനിൽനിന്നു ഗർജിക്കുന്നു; യെരൂശലേമിൽനിന്ന് അവിടുന്നു ശബ്ദം പുറപ്പെടുവിക്കുന്നു. ആകാശവും ഭൂമിയും വിറയ്‍ക്കുന്നു; എന്നാൽ തന്റെ ജനത്തിനു സർവേശ്വരൻ രക്ഷാസങ്കേതമത്രേ; ഇസ്രായേൽജനത്തിന് അവിടുന്നു ശക്തിദുർഗമാകുന്നു. 17 അതുകൊണ്ട് വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്ന നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഞാനാകുന്നു എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യർ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല. 18 അന്നു മുന്തിരിത്തോട്ടങ്ങൾകൊണ്ടു നിറഞ്ഞ പർവതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; ആടുമാടുകൾ നിറഞ്ഞ കുന്നുകൾ പാൽ ഒഴുക്കും. യെഹൂദ്യയിലെ അരുവികളിൽ ജലം നിറഞ്ഞൊഴുകും. സർവേശ്വരന്റെ ആലയത്തിൽനിന്ന് ഒരു നീരുറവു പുറപ്പെട്ട് ശിത്തീം താഴ്‌വരയെ നനയ്‍ക്കും. 19 യെഹൂദാനിവാസികളോട് അക്രമം പ്രവർത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിരപരാധികളുടെ രക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്തു ശൂന്യമാകും; എദോം നിർജനമരുഭൂമിയായിത്തീരും; 20 എന്നാൽ യെഹൂദ്യയിൽ എന്നേക്കും മനുഷ്യവാസമുണ്ടായിരിക്കും; യെരൂശലേമിലും തലമുറതലമുറകളായി ജനം വസിക്കും. 21 വധിക്കപ്പെട്ടവർക്കുവേണ്ടി ഞാൻ പ്രതികാരം ചെയ്യും; കുറ്റവാളികളെ ഞാൻ വെറുതെ വിടുകയില്ല; സർവേശ്വരൻ സീയോനിൽ വസിക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India