Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 7 - സത്യവേദപുസ്തകം C.L. (BSI)

1 മനുഷ്യജീവിതം നിർബന്ധിതസേവനമല്ലേ? മനുഷ്യന്റെ ദിനങ്ങൾ കൂലിക്കാരന്റെ ദിനങ്ങൾപോലെയല്ലേ?

2 അടിമയെപ്പോലെ അവൻ തണൽ കൊതിക്കുന്നു; കൂലിക്കാരനെപ്പോലെ കൂലിക്കു കാത്തിരിക്കുന്നു.

3 എനിക്കു ലഭിച്ചതാകട്ടെ വ്യർഥമാസങ്ങളും കഷ്ടരാത്രികളും മാത്രം,

4 കിടക്കുമ്പോൾ ഉറക്കം കിട്ടാതെ എത്രനേരം കഴിയേണ്ടിവരുമെന്നാണ് എന്റെ വിചാരം രാത്രിയോ അതിദീർഘം; വെളുക്കുവോളം കിടന്നുരുളുകതന്നെ എനിക്കു പണി.

5 അഴുക്കും പുഴുക്കളും എന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു; എന്റെ ത്വക്ക് വ്രണം പൊട്ടി ഒലിക്കുന്നു.

6 എന്റെ ദിനങ്ങൾ നെയ്ത്തുകാരന്റെ ഓടത്തെക്കാൾ വേഗത്തിൽ ചലിക്കുന്നു. പ്രത്യാശയില്ലാതെ അവ അവസാനിക്കുന്നു.

7 “ദൈവമേ, എന്റെ ജീവിതം ഒരു ശ്വാസം മാത്രമെന്ന് ഓർത്താലും, എന്റെ കണ്ണ് ഇനി ഒരിക്കലും നന്മ കാണുകയില്ല.

8 എന്നെ കണ്ടുകൊണ്ടിരിക്കുന്നവന്റെ കണ്ണുകൾ ഇനിമേൽ എന്നെ കാണുകയില്ല; നീ നോക്കിയിരിക്കെ ഞാൻ പോയ്‍ക്കഴിഞ്ഞിരിക്കും.

9 മേഘം മാഞ്ഞുമറയുന്നതുപോലെ പാതാളത്തിലേക്ക് ഇറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.

10 അവൻ തന്റെ ഭവനത്തിലേക്കു മടങ്ങുകയില്ല. അവന്റെ സ്ഥലം ഇനി അവനെ അറിയുകയില്ല.

11 അതുകൊണ്ട് എനിക്കു മിണ്ടാതിരിക്കാൻ കഴിയുകയില്ല. എന്റെ മനോവേദനയ്‍ക്കിടയിൽ ഞാൻ പുലമ്പിക്കൊണ്ടിരിക്കും. ആത്മനൊമ്പരങ്ങൾക്കിടയിൽ ഞാൻ ആവലാതിപ്പെടും.

12 അങ്ങ് എനിക്കു കാവലേർപ്പെടുത്താൻ ഞാൻ കടലോ കടൽജന്തുവോ?

13 ‘എന്റെ കിടക്ക എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ സങ്കടം ശമിപ്പിക്കും.’

14 എന്നു ഞാൻ കരുതുമ്പോൾ സ്വപ്നംകൊണ്ട് അങ്ങ് എന്നെ ഞെട്ടിക്കുന്നു; പേക്കാഴ്ചകൾകൊണ്ട് എന്നെ നടുക്കുന്നു.

15 അതുകൊണ്ട് അസ്ഥിപഞ്ജരം ആകുന്നതിനെക്കാൾ കഴുത്തു ഞെരിച്ചു കൊല്ലപ്പെടാനാണ് എനിക്കിഷ്ടം.

16 എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു. ഞാൻ സദാകാലവും ജീവിച്ചിരിക്കുകയില്ല. എന്നെ വിട്ടേക്കുക; എന്റെ ജീവിതം ഒരു ശ്വാസം മാത്രമാണല്ലോ.

17 മർത്യനെ പരിഗണിക്കാനും ശ്രദ്ധിക്കാനും അവൻ എന്ത്?

18 പ്രഭാതംതോറും നിരീക്ഷിക്കാനും പ്രതിനിമിഷം പരീക്ഷിക്കാനും അവൻ എന്തുള്ളൂ!

19 എത്രകാലം അവിടുന്ന് എന്റെമേൽ ദൃഷ്‍ടി പതിപ്പിക്കും? എത്രകാലം എന്നെ അങ്ങ് നോക്കിയിരിക്കും?

20 മനുഷ്യന്റെമേൽ കണ്ണുനട്ടിരിക്കുന്നവനേ, ഞാൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അങ്ങേക്കെന്താണ്? അങ്ങ് എന്നെ ഉന്നംവച്ചിരിക്കുന്നതെന്തിന്? ഞാൻ അങ്ങേക്ക് ഭാരമായിത്തീർന്നത് എന്തുകൊണ്ട്?

21 എന്റെ അതിക്രമം അവിടുന്നു ക്ഷമിക്കുന്നില്ല. എന്റെ അകൃത്യം നീക്കിക്കളയുന്നുമില്ല. ഞാൻ ഇപ്പോൾ പൂഴിയോടു ചേരും, അവിടുന്ന് എന്നെ അന്വേഷിക്കും, എന്നാൽ ഞാൻ ഉണ്ടായിരിക്കുകയില്ല.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan