ഇയ്യോബ് 41 - സത്യവേദപുസ്തകം C.L. (BSI)1 നിനക്ക് ലിവ്യാഥാനെ ചൂണ്ടയിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ട് ബന്ധിക്കാമോ? 2 അതിന്റെ മൂക്കിൽ കയറിടാമോ? അതിന്റെ താടിയെല്ലിൽ കൊളുത്തു കടത്താമോ? 3 അതു നിന്റെ മുമ്പിൽ യാചന നിരത്തുമോ? അതു നിന്നോടു കെഞ്ചിപ്പറയുമോ? 4 എക്കാലവും നിനക്കു ദാസ്യം വഹിക്കാമെന്ന് അതു നിന്നോട് ഉടമ്പടി ചെയ്യുമോ? 5 ഒരു കിളിയോടെന്നവിധം നിനക്ക് അതിനോടു കളിക്കാമോ? നിന്റെ ദാസിമാർക്കുവേണ്ടി, അതിനെ പിടിച്ചു കെട്ടിയിടുമോ? 6 വ്യാപാരികൾ അതിനു വിലപേശുമോ? കച്ചവടക്കാർക്ക് അതിനെ പകുത്തു വില്‌ക്കുമോ? 7 അതിന്റെ തൊലി നിറയെ ചാട്ടുളിയും തലയിൽ മുപ്പല്ലിയും തറയ്‍ക്കാമോ? 8 അതിനെ ഒന്നു തൊട്ടാൽ എന്തൊരു പോരായിരിക്കുമെന്ന് ഓർത്തുനോക്കൂ; പിന്നെ നീ അതിനു തുനിയുകയില്ല. 9 നോക്കൂ; അതിനെ കീഴ്പെടുത്താമെന്ന ആശ ആർക്കും വേണ്ട; ഒന്നേ നോക്കൂ; അതോടെ നോക്കുന്നവൻ നിലംപതിക്കും. 10 അതിനെ പ്രകോപിപ്പിക്കാൻ തക്ക ശൗര്യം ആർക്കും ഇല്ല. എങ്കിൽ പിന്നെ എന്നെ നേരിടാൻ ആർക്കു കഴിയും? 11 ഞാൻ മടക്കിക്കൊടുക്കാൻ ആരെങ്കിലും എന്തെങ്കിലും എന്നെ ഏല്പിച്ചിട്ടുണ്ടോ? ആകാശത്തിൻകീഴുള്ള സമസ്തവും എൻറേതല്ലേ? 12 അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും വടിവൊത്ത ശരീരഘടനയെയുംപറ്റി മൗനം അവലംബിക്കാൻ എനിക്കു സാധ്യമല്ല. 13 അതിന്റെ പുറംചട്ട ഉരിയാൻ ആർക്കു കഴിയും? അതിന്റെ ഇരട്ടക്കവചം തുളയ്‍ക്കാൻ ആർക്കു കഴിയും? 14 അതിന്റെ വായ് ആരു തുറക്കും? അതിന്റെ പല്ലുകൾ ഭീകരമാണ്. 15 പരിചകൾ അടുക്കിയാണ് അതിന്റെ പുറം നിർമ്മിച്ചിരിക്കുന്നത്. അവ വിടവുതീർത്തു മുദ്രവച്ചിരിക്കുന്നു. 16 വായു കടക്കാത്തവിധം അവ യോജിപ്പിച്ചിരിക്കുന്നു; 17 അകറ്റാൻ അരുതാത്തവിധം അവ പറ്റിച്ചേർന്നിരിക്കുന്നു. 18 അതു തുമ്മുമ്പോൾ മിന്നൽപ്പിണർ പ്രസരിക്കുന്നു; അതിന്റെ കണ്ണ് പ്രഭാതകിരണങ്ങൾ പോലെയാണ്. 19 അതിന്റെ വായിൽനിന്ന് അഗ്നിജ്വാലകൾ പുറപ്പെടുന്നു; തീപ്പൊരികൾ ചിതറുന്നു. 20 അതിന്റെ നാസാരന്ധ്രങ്ങളിൽനിന്ന് കോരപ്പുല്ലു കത്തി വെള്ളം തിളയ്‍ക്കുന്ന കലത്തിൽ നിന്നെന്ന പോലെ പുക ഉയരുന്നു. 21 അതിന്റെ ശ്വാസം ഏറ്റ് കനൽക്കട്ട ജ്വലിക്കുന്നു. അതിന്റെ വായിൽനിന്ന് അഗ്നിജ്വാല പായുന്നു. 22 അതിന്റെ ബലം കഴുത്തിൽ കുടികൊള്ളുന്നു. അതിന്റെ മുമ്പിൽ ഭീകരത താണ്ഡവമാടുന്നു. 23 അതിന്റെ മാംസപാളികൾ ഇളകാത്തവിധം ഉറപ്പായി ചേർന്നിരിക്കുന്നു; 24 അതിന്റെ നെഞ്ച് കല്ലുപോലെ കടുപ്പമുള്ളതത്രേ; തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളത്. 25 അത് തല ഉയർത്തുമ്പോൾ ബലശാലികൾ പേടിക്കുന്നു; അവർ അന്ധാളിച്ചുപോകുന്നു. 26 വാളോ, കുന്തമോ, അസ്ത്രമോ, ചാട്ടുളിയോകൊണ്ട് അതിനെ നേരിടുക സാധ്യമല്ല. 27 ഇരുമ്പ് അതിനു വൈക്കോൽപോലെയാണ്. ഓട് ചെതുക്കുതടിപോലെയും. 28 അസ്ത്രം എയ്ത് അതിനെ ഓടിക്കുക സാധ്യമല്ല. കവിണക്കല്ല് അതിന് വൈക്കോൽ പോലെയാണ്. 29 ഗദയും അതിന് വൈക്കോൽ പോലെയാണ്. വേൽ പ്രയോഗിക്കുമ്പോൾ അതു പരിഹസിച്ചു ചിരിക്കുന്നു. 30 അതിന്റെ അടിഭാഗം കൂർത്തുമൂർത്ത ഓട്ടുകഷണം പോലെയാകുന്നു. മെതിത്തടിപോലെ അതു ചെളിപ്പുറത്ത് കിടക്കുന്നു. 31 കുട്ടകത്തിലെ വെള്ളം എന്നപോലെ അതു സമുദ്രജലത്തെ തിളപ്പിക്കുന്നു. അതു സമുദ്രത്തെ ഒരു കുടം തൈലം പോലെയാക്കുന്നു. 32 അതു മുന്നോട്ടു നീങ്ങുമ്പോൾ പിറകിൽ തിളങ്ങുന്ന പാതപോലെ ജലരേഖ കാണാം. അതു കണ്ടാൽ ആഴിക്കു നര ബാധിച്ചതു പോലെ തോന്നും. 33 അതിനു തുല്യമായ ഒരു ജന്തുവും ഭൂമിയിലില്ല. അതിനെപ്പോലെ ഭയമില്ലാത്ത വേറൊരു ജീവിയില്ല. 34 ഉന്നതമായതെല്ലാം അതു കാണുന്നു; അത് ഗർവിഷ്ഠരുടെയെല്ലാം രാജാവാകുന്നു.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India