Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 32 - സത്യവേദപുസ്തകം C.L. (BSI)


എലീഹൂവിന്റെ വാക്കുകൾ

1 നീതിമാനെന്ന് ഇയ്യോബിന് സ്വയം തോന്നിയതുകൊണ്ട് ഈ മൂന്നു പേരും തങ്ങളുടെ വാദം അവസാനിപ്പിച്ചു.

2 ഇയ്യോബ് ദൈവത്തെ സാധൂകരിക്കുന്നതിനു പകരം സ്വയം സാധൂകരിച്ചതുകൊണ്ട് രാമിന്റെ കുടുംബത്തിൽപ്പെട്ട ബൂസ്യനായ ബറഖേലിന്റെ പുത്രൻ എലീഹൂ കോപിഷ്ഠനായി.

3 ഇയ്യോബിനു തെറ്റുപറ്റി എന്നു പറഞ്ഞെങ്കിലും അതു സമർഥിക്കാതെ മൗനംപൂണ്ട മൂന്നു സ്നേഹിതന്മാരുടെ നേരെയും അയാൾ കോപിച്ചു.

4 അവർ തന്നെക്കാൾ പ്രായമുള്ളവരായിരുന്നതിനാൽ എലീഹൂ അതുവരെ മൗനം അവലംബിക്കുകയായിരുന്നു.

5 എന്നാൽ ആ മൂന്നൂ പേർക്കും ഉത്തരംമുട്ടി എന്നു കണ്ടപ്പോൾ എലീഹൂവിനു കോപം ജ്വലിച്ചു.

6 ബൂസ്യനായ ബറഖേലിന്റെ പുത്രൻ എലീഹൂ പറഞ്ഞു: “പ്രായംകൊണ്ട് ഞാൻ യുവാവും നിങ്ങൾ വൃദ്ധരുമാകുന്നു. അതുകൊണ്ട് എന്റെ അഭിപ്രായം തുറന്നുപറയാൻ എനിക്കു ഭയവും ശങ്കയുമുണ്ടായിരുന്നു.

7 ‘പ്രായമുള്ളവർ സംസാരിക്കട്ടെ; വയോധികർ ജ്ഞാനം ഉപദേശിക്കട്ടെ’ എന്നു ഞാൻ വിചാരിച്ചു.

8 എന്നാൽ മനുഷ്യനിലുള്ള ദിവ്യചൈതന്യം- സർവശക്തന്റെ ശ്വാസം-ആണ് അവനെ വിവേകിയാക്കുന്നത്.

9 പ്രായമുള്ളവർ ജ്ഞാനികളോ, വയോധികർ ശരിയായുള്ളത് ഗ്രഹിക്കുന്നവരോ ആകണമെന്നില്ല.

10 അതുകൊണ്ട് ഞാൻ പറയുന്നതു കേൾക്കുക, ഞാനും എന്റെ അഭിപ്രായം വ്യക്തമാക്കട്ടെ.

11 നിങ്ങളുടെ അഭിപ്രായം ഞാൻ ശ്രദ്ധിച്ചുകേട്ടു. എന്തു പറയണമെന്നു നിങ്ങൾ ആലോചിക്കുമ്പോൾ നിങ്ങളുടെ ജ്ഞാനവചസ്സുകൾക്കായി ഞാൻ കാതോർത്തു.

12 നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധിച്ചു; പക്ഷേ, നിങ്ങളിലാർക്കും ഇയ്യോബിന്റെ വാദമുഖം തെറ്റാണെന്നു തെളിയിക്കാനോ അദ്ദേഹത്തിനു തക്ക മറുപടി നല്‌കാനോ കഴിഞ്ഞില്ല.

13 ‘ഞങ്ങൾക്കു വിവേകം കിട്ടി; മനുഷ്യനല്ല ദൈവം തന്നെ അയാൾക്കു മറുപടി കൊടുക്കട്ടെ’ എന്നു പറഞ്ഞുപോകാതിരിക്കാൻ സൂക്ഷിച്ചുകൊൾക.

14 എനിക്കെതിരായിട്ടല്ല അദ്ദേഹം സംസാരിച്ചത് അയാളുടെ വാക്കുകൾ എന്നെയല്ല ലക്ഷ്യമാക്കിയത്. അതുകൊണ്ട് നിങ്ങളുടെ ഭാഷണംകൊണ്ടു ഞാൻ അദ്ദേഹത്തിനു മറുപടി നല്‌കുന്നില്ല.

15 അവർ കുഴഞ്ഞു; അവർക്കു മൊഴിമുട്ടി; ഒരു വാക്കുപോലും അവർക്കു പറയാനില്ല;

16 അവർ മിണ്ടാതെ നില്‌ക്കുന്നതുകൊണ്ട്, അവർക്കു മറുപടി ഇല്ലാതായതുകൊണ്ട്, ഞാനും മിണ്ടാതെ നില്‌ക്കണമെന്നോ?

17 ഞാനും എന്റെ മറുപടി പറയും; ഞാൻ എന്റെ അഭിപ്രായം തുറന്നുപറയും.

18 വാക്കുകൾ നിറഞ്ഞു ഞാൻ വീർപ്പുമുട്ടുന്നു. അന്തരാത്മാവ് എന്നെ നിർബന്ധിക്കുന്നു.

19 വീഞ്ഞു നിറച്ച് അടച്ചുവച്ച പാത്രം പോലെയാണ് എന്റെ ഹൃദയം. പുതിയ തോൽക്കുടംപോലെ അത് ഏതു നിമിഷവും പൊട്ടാം.

20 എനിക്കു സംസാരിക്കണം; എങ്കിലേ എനിക്ക് ആശ്വാസം ലഭിക്കൂ. ഞാൻ സംസാരിക്കാൻ പോകുകയാണ്.

21 ഞാൻ ആരുടെയും മുഖം നോക്കുകയില്ല. ആരോടും ഞാൻ മുഖസ്തുതി പറയുകയുമില്ല.

22 മുഖസ്തുതി പറയാൻ എനിക്കു വശമില്ല. അങ്ങനെ പറഞ്ഞാൽ എന്റെ സ്രഷ്ടാവ് എന്നെ വേഗം നശിപ്പിക്കട്ടെ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan