Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 27 - സത്യവേദപുസ്തകം C.L. (BSI)

1 ഇയ്യോബ് ഇങ്ങനെ തുടർന്നു:

2 “എനിക്കു നീതി നിഷേധിക്കുകയും എന്റെ ജീവിതം കയ്പുള്ളതാക്കുകയും ചെയ്ത സർവശക്തനായ ദൈവത്തെ മുൻനിറുത്തി ഞാൻ പറയുന്നു:

3 എന്നിൽ പ്രാണൻ അവശേഷിക്കുന്നിടത്തോളം, ദൈവത്തിന്റെ ശ്വാസം എന്റെ നാസികയിൽ ഉള്ളിടത്തോളം

4 ഞാൻ അസത്യം സംസാരിക്കുകയില്ല; ഞാൻ വഞ്ചന ഉച്ചരിക്കുകയില്ല.

5 നിങ്ങൾ പറയുന്നതു ശരിയാണെന്ന് ഒരിക്കലും ഞാൻ സമ്മതിക്കുകയില്ല. മരണംവരെ ഞാൻ നിഷ്കളങ്കത ഉപേക്ഷിക്കുകയില്ല.

6 ഞാൻ നീതിനിഷ്ഠ കൈവിടുകയില്ല. ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തുകയില്ല.

7 എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി അധർമിയെപ്പോലെയും ആയിരിക്കട്ടെ.

8 അഭക്തനെ ദൈവം നശിപ്പിക്കുമ്പോൾ അവന്റെ പ്രത്യാശ എന്തായിരിക്കും?

9 അവനു കഷ്ടതയും പ്രയാസവും നേരിടുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?

10 അവൻ സർവശക്തനിൽ ആനന്ദം കണ്ടെത്തുമോ? എല്ലാ കാലത്തും അവൻ ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

11 ദൈവത്തിന്റെ ശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കും, അവിടുത്തെ ഉദ്ദേശ്യം എന്തെന്നു ഞാൻ മറച്ചുവയ്‍ക്കുകയില്ല.

12 നിങ്ങളെല്ലാവരും അതു കണ്ടറിഞ്ഞിരിക്കുന്നുവല്ലോ; പിന്നെ എന്തിന് ഈ വ്യർഥഭാഷണം?

13 ഇതാണു ദുഷ്ടനു ദൈവത്തിൽനിന്നു ലഭിക്കുന്ന ഓഹരി; പരദ്രോഹി സർവശക്തനിൽനിന്നു നേടുന്ന അവകാശം.

14 അവനു സന്താനങ്ങൾ പെരുകുന്നത് വാളിന് ഇരയാകാൻ വേണ്ടിയാണ്. അവന്റെ സന്തതിക്കു വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല.

15 അവശേഷിക്കുന്നവർ മഹാമാരിക്ക് ഇരയാകും; അവരുടെ വിധവമാർ അവരെക്കുറിച്ചു വിലപിക്കുകയുമില്ല.

16 അവർ നിലത്തെ പൂഴിപോലെ വെള്ളി കൂട്ടിവച്ചേക്കാം. മണ്ണുപോലെ വസ്ത്രം വാരിക്കൂട്ടിയേക്കാം.

17 പക്ഷേ നീതിമാന്മാർ ആയിരിക്കും അവ ധരിക്കുക. നിഷ്കളങ്കരായിരിക്കും വെള്ളി വീതിച്ചെടുക്കുക.

18 ചിലന്തി തന്റെ വല കെട്ടുന്നതുപോലെയും കാവല്‌ക്കാർ മാടം നിർമ്മിക്കുന്നതുപോലെയും അവൻ വീടു പണിയുന്നു.

19 അവൻ ഉറങ്ങാൻ പോകുന്നതു ധനവാനായിട്ടായിരിക്കും. പക്ഷേ അതു നീണ്ടുനില്‌ക്കുകയില്ല. ഉണരുമ്പോഴേക്ക് അവന്റെ ധനം നഷ്ടപ്പെട്ടിരിക്കും.

20 പെരുവെള്ളംപോലെ ഭയം അവനെ കീഴ്പെടുത്തും. രാത്രിയിൽ കൊടുങ്കാറ്റ് അവനെ പറപ്പിച്ചു കൊണ്ടുപോകും.

21 കിഴക്കൻകാറ്റ് അവനെ പൊക്കി എടുക്കും. പിന്നെ അവനെ കാണുകയില്ല; അവന്റെ സ്ഥാനത്തുനിന്ന് അത് അവനെ തൂത്തുമാറ്റും.

22 നിർദ്ദയം അത് അവനെ ചുഴറ്റിയെറിയും; അതിന്റെ പിടിയിൽനിന്ന് ഒഴിഞ്ഞുമാറാൻ അവൻ നോക്കും.

23 അത് അവനെ നോക്കി കൈകൊട്ടും, അവന്റെ നേരേ സീൽക്കാരം പുറപ്പെടുവിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan