ഇയ്യോബ് 26 - സത്യവേദപുസ്തകം C.L. (BSI)ഇയ്യോബിന്റെ മറുപടി 1 അപ്പോൾ ഇയ്യോബ് പറഞ്ഞു: 2 “ഇങ്ങനെയാണോ നീ ദുർബലനെ സഹായിക്കുന്നത്? ബലഹീനമായ കരങ്ങളെ രക്ഷിക്കുന്നത്? 3 അജ്ഞനു നീ എന്ത് ഉപദേശം നല്‌കി? എത്ര ഉദാരമായിട്ടാണ് നീ വിജ്ഞാനം പകർന്നത്! 4 ആരുടെ സഹായത്തോടെയാണു നീ ഈ വാക്കുകൾ ഉച്ചരിച്ചത്? ആരുടെ ആത്മാവാണ് നിന്നിൽനിന്നു പുറത്തുചാടിയത്? 5 പാതാളവാസികൾ വിറകൊള്ളുന്നു. ജലവും അതിലെ ജീവികളും നടുങ്ങുന്നു. 6 പാതാളം ദൈവമുമ്പാകെ തുറന്നിരിക്കുന്നു; നരകത്തെ ഒന്നും മറയ്‍ക്കുന്നില്ല. 7 ഉത്തരദിക്കിനെ ദൈവം ശൂന്യതയുടെമേൽ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്‍ക്കുമേൽ തൂക്കിയിട്ടു. 8 അവിടുന്നു ജലത്തെ കാർമേഘങ്ങളിൽ ബന്ധിക്കുന്നു; അതു വഹിക്കുന്ന കാർമുകിൽ ചീന്തിപ്പോകുന്നില്ല. 9 അവിടുന്നു ചന്ദ്രന്റെ മുഖത്തെ മറയ്‍ക്കുന്നു. അതിനു മീതെ മേഘത്തെ വിരിക്കുന്നു. 10 ഇരുളും വെളിച്ചവും സന്ധിക്കുന്നു. സമുദ്രമുഖത്ത് അവിടുന്ന് ഒരു വൃത്തം വരച്ചു. 11 ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവിടുത്തെ ശാസനയാൽ അവ നടുങ്ങുന്നു. 12 അവിടുന്നു മഹാശക്തിയാൽ സമുദ്രത്തെ നിശ്ചലമാക്കി; അവിടുത്തെ ജ്ഞാനത്താൽ രഹബിനെ തകർത്തു. 13 അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭയുള്ളതായി; അവിടുത്തെ കരങ്ങൾ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നു. 14 ഇവയൊക്കെ അവിടുത്തെ നിസ്സാര പ്രവർത്തനങ്ങൾ മാത്രമാണ്; അവിടുത്തെ ഒരു നേരിയ സ്വരമേ നാം കേട്ടിട്ടുള്ളൂ. അവിടുത്തെ ശക്തിയുടെ മുഴക്കം ആർക്കു ഗ്രഹിക്കാൻ കഴിയും?” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India