ഇയ്യോബ് 23 - സത്യവേദപുസ്തകം C.L. (BSI)ഇയ്യോബിന്റെ മറുപടി 1 അപ്പോൾ ഇയ്യോബ് പറഞ്ഞു: 2 “ഇന്നും എന്റെ സങ്കടം കയ്പേറിയതു തന്നെ; ഞാൻ ഞരങ്ങിയിട്ടും അവിടുത്തെ കരങ്ങൾ എന്റെമേൽ ഭാരമായിരിക്കുന്നു. 3 ദൈവത്തെ എവിടെ കണ്ടെത്താമെന്ന് അറിഞ്ഞിരുന്നെങ്കിൽ! അവിടുത്തെ സിംഹാസനത്തെ സമീപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! 4 എന്റെ സങ്കടം അവിടുത്തോട് ബോധിപ്പിക്കുകയും എന്റെ എല്ലാ ന്യായവാദങ്ങളും അവിടുത്തോടു പറയുകയും ചെയ്യുമായിരുന്നു. 5 അവിടുന്ന് എനിക്ക് എന്ത് ഉത്തരം അരുളും എന്നും എന്നോട് എന്തു സംസാരിക്കും എന്നും അറിയുമായിരുന്നു. 6 അവിടുത്തെ മഹാശക്തിയാൽ എന്നോടു വാദിക്കുമോ? ഇല്ല; ഞാൻ പറയുന്നത് അവിടുന്നു ശ്രദ്ധിക്കും. 7 നീതിനിഷ്ഠന് അവിടുത്തോടു ന്യായവാദം നടത്താൻ കഴിയും; അങ്ങനെ എന്റെ ന്യായാധിപനായ അവിടുന്ന് എന്നേക്കുമായി എന്നെ മോചിപ്പിക്കും. 8 ഇതാ, ഞാൻ കിഴക്കോട്ടു നടന്നു നോക്കുന്നു. പക്ഷേ അവിടുന്ന് അവിടെയില്ല; പടിഞ്ഞാറു ചെന്നിട്ട് അവിടെയും അവിടുത്തെ കാണുന്നില്ല 9 ഞാൻ വടക്കും തെക്കും അന്വേഷിക്കുന്നു; അവിടെയും അവിടുത്തെ കാണാൻ കഴിയുന്നില്ല; 10 എന്നാൽ എന്റെ വഴി അവിടുന്ന് അറിയുന്നു; അവിടുന്ന് എന്നെ പരീക്ഷിച്ചുകഴിയുമ്പോൾ ഞാൻ സ്വർണംപോലെ ശോഭിക്കും. 11 എന്റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവടുകളെ പിന്തുടരുന്നു; ഇടംവലം തെറ്റാതെ ഞാൻ അവിടുത്തെ മാർഗം അനുസരിക്കുന്നു. 12 അവിടുത്തെ കല്പന ഞാൻ ലംഘിച്ചിട്ടില്ല. അവിടുത്തെ വചനം ഞാൻ നിധിപോലെ സൂക്ഷിക്കുന്നു. 13 എന്നാലും അവിടുത്തേക്കു മാറ്റമില്ല; അവിടുത്തെ പിന്തിരിപ്പിക്കാൻ ആർക്കു കഴിയും? തന്റെ ഇഷ്ടംപോലെ അവിടുന്നു പ്രവർത്തിക്കുന്നു. 14 അവിടുന്ന് എനിക്കു നിശ്ചയിച്ചിരിക്കുന്നത് നിറവേറ്റട്ടെ; ഇതുപോലെ പലതും അവിടുത്തെ മനസ്സിലുണ്ട്. 15 അതിനാൽ തിരുസന്നിധിയിൽ ഞാൻ ഭയന്നു വിറയ്‍ക്കുന്നു; അവിടുത്തെക്കുറിച്ചു ചിന്തിക്കുന്തോറും ഞാൻ ഭയചകിതനാകുന്നു. 16 ദൈവം എന്റെ ഹൃദയത്തെ ദുർബലമാക്കിയിരിക്കുന്നു. സർവശക്തൻ എന്നെ പരിഭ്രമിപ്പിക്കുന്നു. 17 അന്ധകാരം എന്നെ വലയം ചെയ്തിരിക്കുന്നു; കൂരിരുട്ട് എന്റെ മുഖം മൂടിയിരിക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India