ഇയ്യോബ് 13 - സത്യവേദപുസ്തകം C.L. (BSI)1 “ഇതാ ഞാൻ ഇവയെല്ലാം കാണുകയും കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. 2 നിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു; നിങ്ങളെക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല. 3 സർവശക്തനോടു ഞാൻ സംസാരിക്കാൻ പോകുകയാണ്; ദൈവത്തോട് എന്റെ കാര്യം വാദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 4 നിങ്ങളാകട്ടെ, വ്യാജംകൊണ്ടു വെള്ളപൂശുന്നവർ; നിങ്ങളെല്ലാവരും മുറിവൈദ്യന്മാർതന്നെ. 5 മൗനം ഭജിച്ചിരുന്നെങ്കിൽ അതു നിങ്ങൾക്കു ജ്ഞാനമാകുമായിരുന്നു 6 ഇപ്പോൾ എന്റെ ന്യായവാദം കേട്ടുകൊള്ളുക, എന്റെ വ്യവഹാരം ശ്രദ്ധിക്കുക. 7 നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുമോ? അവിടുത്തേക്കുവേണ്ടി വഞ്ചനാപൂർവം സംസാരിക്കുമോ? 8 നിങ്ങൾ പക്ഷം പിടിച്ച് ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ? 9 അവിടുന്നു നിങ്ങളെ പരിശോധിച്ചാൽ നിങ്ങളിൽ നന്മ കണ്ടെത്തുമോ? മനുഷ്യനെ കബളിപ്പിക്കുന്നതുപോലെ, നിങ്ങൾക്കു ദൈവത്തെ കബളിപ്പിക്കാൻ കഴിയുമോ? 10 നിങ്ങൾ ഗൂഢമായി പക്ഷപാതം കാണിച്ചാൽ ദൈവം നിശ്ചയമായും നിങ്ങളെ ശാസിക്കും. 11 അവിടുത്തെ മഹത്ത്വം നിങ്ങളെ സംഭീതരാക്കുകയില്ലേ? അവിടുത്തെക്കുറിച്ചുള്ള ഭീതി നിങ്ങളിൽ നിപതിക്കുകയില്ലേ? 12 നിങ്ങളുടെ സൂക്തങ്ങൾ കരിഞ്ഞ പഴമൊഴികളാണ്. നിങ്ങളുടെ വാദങ്ങൾ മൺമതിലുകൾ മാത്രം! 13 മിണ്ടാതിരിക്കൂ, ഞാൻ സംസാരിക്കട്ടെ, എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ. 14 എന്റെ ശരീരം അപകടത്തിൽപ്പെടുത്താനും, ജീവൻ പണയപ്പെടുത്താനും ഞാൻ ഒരുക്കമാണ്. 15 ആശ കൈവിട്ട എന്നെ അവിടുന്ന് നിഗ്രഹിച്ചാൽത്തന്നെ എനിക്കെന്ത്? ഞാൻ അവിടുത്തെ മുഖത്തുനോക്കി വാദിക്കും. 16 അധർമി തിരുമുമ്പിൽ വരികയില്ല; അതാണ് എന്റെ രക്ഷ. 17 എന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേൾക്കുക; എന്റെ പ്രഖ്യാപനം നിങ്ങളുടെ കാതിൽ മുഴങ്ങട്ടെ 18 ഇതാ, ഞാൻ എന്റെ ന്യായവാദങ്ങൾ ഒരുക്കിയിരിക്കുന്നു. ഞാൻ നിർദ്ദോഷിയായി വിധിക്കപ്പെടുമെന്ന് എനിക്കറിയാം. 19 ദൈവമേ, അവിടുന്ന് എന്നോടു വാദിക്കാൻ ഒരുങ്ങുകയാണോ? എങ്കിൽ ഞാൻ നിശ്ശബ്ദനായി മരിച്ചുകൊള്ളാം. 20 രണ്ടു കാര്യം മാത്രം എനിക്കു അനുവദിച്ചു തരിക; എന്നാൽ ഞാൻ തിരുമുമ്പിൽനിന്ന് ഒളിക്കുകയില്ല. 21 എന്നെ ശിക്ഷിക്കുന്നതു മതിയാക്കിയാലും അവിടുത്തെ ഭയങ്കരത്വത്താൽ എന്നെ സംഭ്രാന്തനാക്കാതിരുന്നാലും. 22 പിന്നീട് എന്നെ വിളിക്കുക; ഞാൻ ഉത്തരം പറയാം; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; അങ്ങ് ഉത്തരം അരുളിയാലും; 23 എന്റെ പാപങ്ങളും അകൃത്യങ്ങളും എത്രയാണ്? എന്റെ അതിക്രമങ്ങളും പാപങ്ങളും എന്നെ ബോധ്യപ്പെടുത്തിയാലും. 24 തിരുമുഖം എന്നിൽനിന്നു മറയ്‍ക്കുന്നത് എന്തുകൊണ്ട്? എന്നെ അവിടുന്നു ശത്രുവായി കരുതുന്നതെന്ത്? 25 കൊഴിഞ്ഞുവീഴുന്ന ഇലയെ അങ്ങു ഭയപ്പെടുത്തുമോ? ഉണക്കപ്പതിരിനെ അങ്ങു പിന്തുടരുമോ? 26 കയ്പേറിയ അനുഭവങ്ങൾ എനിക്കുവേണ്ടി അവിടുന്ന് എഴുതിവയ്‍ക്കുന്നു. എന്റെ യൗവനത്തിലെ അകൃത്യങ്ങളുടെ ഫലം അനുഭവിക്കുമാറാക്കുന്നു. 27 എന്റെ കാലുകൾ അവിടുന്ന് ആമത്തിലിട്ടു; എന്റെ വഴികളെല്ലാം അങ്ങു സൂക്ഷിച്ചുനോക്കുന്നു. എന്റെ കാലടികൾക്ക് അങ്ങ് പരിധി വച്ചിരിക്കുന്നു. 28 ചീഞ്ഞഴുകിയ വസ്തുപോലെയും ചിതലരിച്ച വസ്ത്രംപോലെയും മനുഷ്യൻ നശിച്ചുപോകുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India