Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 11 - സത്യവേദപുസ്തകം C.L. (BSI)


സോഫറിന്റെ മറുപടി

1 നയമാത്യനായ സോഫർ പറഞ്ഞു:

2 “ഈ അതിഭാഷണത്തിനു മറുപടി നല്‌കാതെ വിടുകയോ? ഏറെ പറയുന്നതുകൊണ്ടു നീതീകരിക്കപ്പെടുമോ?

3 നിന്റെ ജല്പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കാൻ ആരുമില്ലെന്നോ?

4 നിന്റെ വാക്കുകൾ സത്യമാണെന്നും നീ ദൈവമുമ്പാകെ നിർമ്മലനാണെന്നും അല്ലേ അവകാശപ്പെടുന്നത്?

5 ദൈവം സംസാരിച്ചിരുന്നെങ്കിൽ!

6 ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കു വെളിപ്പെടുത്തിയിരുന്നെങ്കിൽ നിന്റെ അകൃത്യങ്ങൾക്ക് അർഹിക്കുന്നതിൽ വളരെ കുറച്ചു മാത്രമേ ശിക്ഷ അവിടുന്നു നിനക്കു നല്‌കുന്നുള്ളൂ എന്ന് അറിഞ്ഞുകൊൾക.

7 ദൈവത്തിന്റെ മഹിമയുടെയും ശക്തിയുടെയും അതിരുകളും വ്യാപ്തിയും കണ്ടുപിടിക്കാൻ കഴിയുമോ?

8 അത് ആകാശത്തെക്കാൾ ഉന്നതം; നീ എന്തുചെയ്യും? അതു പാതാളത്തെക്കാൾ അഗാധം; നീ എന്തു ഗ്രഹിക്കും?

9 അതു ഭൂമിയെക്കാൾ നീളമുള്ളതും മഹാസമുദ്രത്തെക്കാൾ വീതിയുള്ളതും ആണ്.

10 അവിടുന്നു നിന്നെ ബന്ധിച്ച് ന്യായവിസ്താരത്തിനായി കൊണ്ടുവന്നാൽ ആർ അവിടുത്തെ തടയും?

11 കൊള്ളരുതാത്തവരെ അവിടുന്ന് അറിയുന്നു; അധർമം കാണുമ്പോൾ അവിടുന്നു ഗൗനിക്കാതിരിക്കുമോ?

12 എന്നാൽ, കാട്ടുകഴുതയുടെ കുട്ടി മനുഷ്യനായി പിറക്കുമെങ്കിലേ മൂഢൻ വിവേകം പ്രാപിക്കൂ.

13 ഇയ്യോബേ, നിന്റെ ഹൃദയം നേരെയാക്കുക, അവിടുത്തെ അടുക്കലേക്കു കൈ നീട്ടുക.

14 നീ അധർമം ചെയ്യുന്നെങ്കിൽ അത് ഉപേക്ഷിക്കുക; ദുഷ്ടത നിന്റെ കൂടാരത്തിൽ വസിക്കാൻ അനുവദിക്കരുത്.

15 അപ്പോൾ നീ കളങ്കരഹിതനായി മുഖം ഉയർത്തും നിശ്ചയം! നീ നിർഭയനും സുരക്ഷിതനുമായിരിക്കും.

16 നിന്റെ ദുരിതങ്ങൾ നീ വിസ്മരിക്കും, ഒഴുകിപ്പോയ വെള്ളംപോലെ മാത്രം നീ അവയെ ഓർക്കും.

17 നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശമാനമാകും. അന്ധകാരമയമായ ജീവിതം പ്രഭാതം പോലെയാകും

18 പ്രത്യാശയാൽ നിനക്ക് ആത്മവിശ്വാസമുണ്ടാകും; നീ സംരക്ഷിക്കപ്പെടും; നീ സുരക്ഷിതനായി വിശ്രമിക്കും.

19 വിശ്രമംകൊള്ളുന്ന നിന്നെ ആരും ഭയപ്പെടുത്തുകയില്ല. അനേകം പേർ നിന്റെ പ്രീതി തേടും.

20 ദുഷ്ടന്മാരുടെ കണ്ണു മങ്ങും; രക്ഷപെടാൻ അവർക്ക് ഒരു പഴുതും ലഭിക്കയില്ല. അവർക്കു കാത്തിരിക്കാൻ മരണമേയുള്ളൂ.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan