Biblia Todo Logo
Bìoball air-loidhne

- Sanasan -

ഇയ്യോബ് 1 - സത്യവേദപുസ്തകം C.L. (BSI)


ഇയ്യോബിനെ സാത്താൻ പരീക്ഷിക്കുന്നു

1 ഊസ്ദേശത്ത് ഇയ്യോബ് എന്നൊരാൾ ഉണ്ടായിരുന്നു; നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായിരുന്നു അദ്ദേഹം.

2 ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അദ്ദേഹത്തിനു ജനിച്ചു.

3 ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെൺകഴുതയും കൂടാതെ ഒട്ടുവളരെ ഭൃത്യഗണങ്ങളും ഉണ്ടായിരുന്നു; പൂർവദേശക്കാരിൽ ഏറ്റവും മഹാനായിരുന്നു അദ്ദേഹം.

4 ഇയ്യോബിന്റെ പുത്രന്മാർ ഓരോരുത്തരും തവണവച്ചു തങ്ങളുടെ വീടുകളിൽ വിരുന്നുസൽക്കാരം നടത്തിപ്പോന്നു. തങ്ങളോടൊത്തു ഭക്ഷിച്ചുല്ലസിക്കാൻ അവർ മൂന്നു സഹോദരിമാരെയും ക്ഷണിച്ചിരുന്നു.

5 വിരുന്നിനിടയിൽ പുത്രന്മാർ പാപം ചെയ്യുകയും മനസ്സുകൊണ്ടു ദൈവത്തെ അനാദരിക്കുകയും ചെയ്തിരിക്കും എന്നു കരുതി ഇയ്യോബ് അവരെ വിളിച്ചു വരുത്തി ശുദ്ധീകരിക്കുകയും അതിരാവിലെതന്നെ എഴുന്നേറ്റ് ഓരോരുത്തർക്കുംവേണ്ടി ഹോമയാഗം അർപ്പിക്കുകയും പതിവായിരുന്നു.

6 ഒരുനാൾ പതിവുപോലെ മാലാഖമാർ സർവേശ്വരന്റെ സന്നിധിയിലെത്തി. അവരുടെ കൂട്ടത്തിൽ സാത്താനും ഉണ്ടായിരുന്നു.

7 സർവേശ്വരൻ സാത്താനോടു ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” സാത്താൻ പറഞ്ഞു: “ഞാൻ ഭൂമിയിൽ എല്ലായിടവും ചുറ്റി സഞ്ചരിച്ചശേഷം വരുന്നു.”

8 അവിടുന്നു വീണ്ടും ചോദിച്ചു: “നീ എന്റെ ദാസനായ ഇയ്യോബിന്മേൽ നോട്ടം വച്ചിരിക്കുന്നുവോ? അവനെപ്പോലെ നിഷ്കളങ്കനും നീതിനിഷ്ഠനും ദൈവഭക്തനും തിന്മ തീണ്ടാത്തവനുമായി ആരും ഭൂമിയിലില്ല.”

9 അപ്പോൾ സാത്താൻ സർവേശ്വരനോടു പറഞ്ഞു: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു വെറുതെയോ?

10 അവിടുന്ന് അയാൾക്കും അയാളുടെ ഭവനത്തിനും സമ്പത്തിനും വേലി കെട്ടി സംരക്ഷണം നല്‌കിയിരിക്കുന്നല്ലോ. അങ്ങ് അയാളുടെ പ്രയത്നങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു; അയാളുടെ മൃഗസമ്പത്ത് ദേശത്തു പെരുകിയിരിക്കുന്നു.

11 തൃക്കൈ നീട്ടി അയാളുടെ സമ്പത്തൊക്കെയും എടുത്തുകളയുക. അയാൾ തിരുമുഖത്തു നോക്കി അങ്ങയെ ശപിക്കും.”

12 സർവേശ്വരൻ സാത്താനോട്: “ഇതാ അവനുള്ളതെല്ലാം നിനക്കു വിട്ടുതന്നിരിക്കുന്നു. അവനെ മാത്രം നീ ഉപദ്രവിക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താൻ സർവേശ്വരന്റെ സന്നിധിയിൽനിന്നു പോയി.


ഇയ്യോബിന്റെ കഷ്ടതകൾ

13 ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠസഹോദരന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു.

14 അപ്പോൾ ഒരു ദൂതൻ ഇയ്യോബിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടി നിലം ഉഴുകയായിരുന്നു. കഴുതകൾ സമീപത്തു മേഞ്ഞുകൊണ്ടിരുന്നു.

15 അപ്പോൾ ശെബായർ ചാടിവീണ് അവയെ പിടിച്ചുകൊണ്ടുപോയി; വേലക്കാരെ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.”

16 അയാൾ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരുവൻ വന്നു പറഞ്ഞു: “ആകാശത്തുനിന്നു തീജ്വാല ഇറങ്ങി ആടുകളെയും ഭൃത്യരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രം രക്ഷപെട്ടു പോന്നു.”

17 അയാൾ ഇതു പറഞ്ഞുകൊണ്ടിരിക്കെ മറ്റൊരാൾ വന്നു പറഞ്ഞു: “മൂന്നു സംഘം കൽദായർ വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകുകയും ഭൃത്യന്മാരെ വാളിനിരയാക്കുകയും ചെയ്തു. വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.”

18 അയാൾ പറഞ്ഞു തീരുന്നതിനു മുമ്പു വേറൊരാൾ വന്ന് അറിയിച്ചു: “അങ്ങയുടെ പുത്രീപുത്രന്മാർ ജ്യേഷ്ഠസഹോദരന്റെ ഗൃഹത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വീശി;

19 അതു വീടിന്റെ നാലു മൂലയ്‍ക്കും ആഞ്ഞടിച്ചു. വീടു തകർന്നു വീണ് അങ്ങയുടെ മക്കളെല്ലാം മരിച്ചു. ഈ വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ ശേഷിച്ചുള്ളൂ.”

20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല മുണ്ഡനം ചെയ്തു നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു:

21 “ഞാൻ നഗ്നനായി അമ്മയുടെ ഉദരത്തിൽനിന്നു വന്നു; നഗ്നനായിത്തന്നെ മടങ്ങിപ്പോകും. സർവേശ്വരൻ തന്നു; സർവേശ്വരൻ എടുത്തു; അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.”

22 ഇതെല്ലാമായിട്ടും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan