Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 9 - സത്യവേദപുസ്തകം C.L. (BSI)

1 എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ!

2 മരുഭൂമിയിൽ എനിക്കൊരു വഴിയമ്പലം ലഭിച്ചിരുന്നെങ്കിൽ, എന്റെ ജനത്തെ വിട്ടു ഞാൻ പോകുമായിരുന്നു; അവരെല്ലാവരും വ്യഭിചാരികളാണ്; വഞ്ചകരുടെ ഒരു കൂട്ടം.

3 വില്ലുപോലെ അവർ നാവ് വളയ്‍ക്കുന്നു. സത്യമല്ല വ്യാജമാണു ദേശത്തു പ്രത്യക്ഷപ്പെടുന്നത്. അവർ തിന്മയിൽനിന്നു മറ്റൊരു തിന്മയിലേക്കു നീങ്ങുന്നു. അവർ എന്നെ അറിയുന്നില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

4 എല്ലാവരും തങ്ങളുടെ അയൽക്കാർക്കെതിരെ കരുതലോടെയിരിക്കട്ടെ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഏതൊരു സഹോദരനും ചതിയനാണ്; സ്നേഹിതരെല്ലാം ഏഷണി പരത്തുന്നു.

5 എല്ലാവരും അയൽക്കാരനെ വഞ്ചിക്കുന്നു; ആരും സത്യം പറയുന്നില്ല; വ്യാജം പറയാൻ നാവിനെ അവർ അഭ്യസിപ്പിച്ചിരിക്കുന്നു. തിന്മയിൽനിന്നു പിന്തിരിയാൻ അവർക്കു കഴിയുന്നില്ല.

6 മർദനത്തിനുമേൽ മർദനവും ചതിക്കുമേൽ ചതിയും അവർ കൂട്ടിവയ്‍ക്കുന്നു; എന്നെ അവർ അറിയുന്നില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

7 അതുകൊണ്ടു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നോക്കൂ! ഞാൻ അവരെ ഉരുക്കി ശോധന ചെയ്യും; എന്റെ ജനത്തിനുവേണ്ടി മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും?

8 അവരുടെ നാവ് മാരകമായ അസ്ത്രമാണ്. അവർ പറയുന്നതു വഞ്ചനയാണ്; അധരംകൊണ്ടു സൗഹാർദമായി അയൽക്കാരനോടു സംസാരിക്കുമ്പോൾ തന്നെ ഹൃദയത്തിൽ അയാൾക്കുവേണ്ടി അവർ കെണി ഒരുക്കുന്നു.

9 ഇതു നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ? ഇതുപോലെയുള്ള ജനതയോടു പ്രതികാരം ചെയ്യേണ്ടതല്ലേ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

10 മലകളെക്കുറിച്ചു വിലപിക്കുവിൻ; വിജനപ്രദേശത്തുള്ള മേച്ചിൽസ്ഥലങ്ങളെക്കുറിച്ചു കരയുവിൻ; അവ ശൂന്യമായതിനാൽ ആരും അതിലൂടെ കടന്നുപോകുന്നില്ല; കന്നുകാലികളുടെ ശബ്ദം അതു കേൾക്കുന്നില്ല; ആകാശത്തിലെ പറവകൾമുതൽ മൃഗങ്ങൾവരെ അവിടെനിന്നു പോയിരിക്കുന്നു.

11 ഞാൻ യെരൂശലേമിനെ നാശകൂമ്പാരമാക്കും; അതു കുറുനരികളുടെ പാർപ്പിടമായിത്തീരും; യെഹൂദാപട്ടണങ്ങൾ ഞാൻ വിജനഭൂമിയാക്കും.

12 ഇതു ഗ്രഹിക്കാൻ തക്ക ജ്ഞാനം ആർക്കുണ്ട്? ഇതു വിളംബരം ചെയ്യാൻ ആരോടാണു സർവേശ്വരൻ പറഞ്ഞിരുന്നത്? ആരും കടന്നുപോകാത്തവിധം ദേശം നശിച്ചു മരുഭൂമിപോലെ പാഴാകാൻ കാരണമെന്ത്?

13 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ അവർക്കു നല്‌കിയിരുന്ന ധർമശാസ്ത്രം അവർ അവഗണിച്ചു; അവർ എന്റെ വാക്കു കേൾക്കുകയോ, അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്.

14 ദുശ്ശാഠ്യത്തോടെ തന്നിഷ്ടപ്രകാരം അവർ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ചതുപോലെ അവർ ബാൽവിഗ്രഹങ്ങളെ ആരാധിച്ചു.

15 അതുകൊണ്ട് ഇസ്രായേലിന്റെ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ ഇവരെ കാഞ്ഞിരം തീറ്റുകയും, വിഷം കലർത്തിയ വെള്ളം കുടിപ്പിക്കുകയും ചെയ്യും.

16 അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത ജനതകളുടെ ഇടയിലേക്കു ഞാൻ അവരെ ചിതറിക്കും; അവർ നിശ്ശേഷം നശിക്കുന്നതുവരെ വാൾ അവരെ പിന്തുടരും.


സഹായത്തിനായി നിലവിളിക്കുന്നു

17 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “സംഭവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുവിൻ. വിലാപക്കാരികളെ വിളിക്കുവിൻ; അതിൽ സമർഥരായ സ്‍ത്രീകളെ ആളയച്ചു വരുത്തുവിൻ.

18 അവർ വേഗമെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ; നമ്മുടെ കണ്ണുകൾ കണ്ണുനീരുകൊണ്ടു നിറയട്ടെ; നമ്മുടെ കൺപോളകൾ കവിഞ്ഞൊഴുകട്ടെ.

19 സീയോനിൽനിന്നു വിലാപശബ്ദം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു! നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. നാം ദേശം ഉപേക്ഷിച്ചു; നമ്മുടെ വീടുകൾ അവർ നശിപ്പിച്ചു.

20 സ്‍ത്രീകളേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ; അവിടുന്ന് ഉച്ചരിക്കുന്നതു നിങ്ങളുടെ കാതു കേൾക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപഗാനം പഠിപ്പിക്കുവിൻ; ഓരോരുത്തരും തന്റെ അയൽക്കാരിയെ ശോകഗാനം പഠിപ്പിക്കട്ടെ.

21 മൃത്യു കിളിവാതിലുകളിലൂടെ നമ്മുടെ കൊട്ടാരങ്ങളിൽ പ്രവേശിച്ചുകഴിഞ്ഞു; തെരുവീഥികളിൽ കുട്ടികളെയും പൊതുസ്ഥലങ്ങളിൽ യുവാക്കളെയും അതു സംഹരിക്കുന്നു.”

22 വിളിച്ചുപറയുവിൻ; സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യരുടെ ശവശരീരങ്ങൾ വയലിൽ വീഴുന്ന ചാണകം പോലെയും, കൊയ്ത്തുകാരുടെ കൈയിൽനിന്നു വീണുപോകുന്ന കതിർമണിപോലെയും വീഴും; ആരും അവ ശേഖരിക്കുകയില്ല.”

23 സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തന്റെ ജ്ഞാനത്തിലും ബലവാൻ തന്റെ ബലത്തിലും ധനവാൻ തന്റെ ധനത്തിലും അഹങ്കരിക്കരുത്.

24 ആരെങ്കിലും പ്രശംസിക്കുന്നെങ്കിൽ അത് എന്നെ ഗ്രഹിച്ചറിയുന്നതിൽ ആയിരിക്കട്ടെ. കാരണം, ഭൂമിയിൽ സുസ്ഥിരസ്നേഹവും നീതിയും ന്യായവും പുലർത്തുന്ന സർവേശ്വരനാണല്ലോ ഞാൻ; ഇവയിലാണു ഞാൻ സന്തോഷിക്കുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

25-26 ബാഹ്യമായി പരിച്ഛേദനം നടത്തിയവരെങ്കിലും ആന്തരികമായ പരിച്ഛേദനം ഏല്‌ക്കാത്ത എല്ലാവരെയും ശിക്ഷിക്കുന്ന ദിനങ്ങൾ ഇതാ ആഗതമാകുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഈജിപ്ത്, യെഹൂദാ, എദോം, അമ്മോന്യർ, മോവാബ്യർ, തലയുടെ അരികുവടിക്കുന്ന മരുഭൂവാസികൾ എന്നീ ജനതകളും ഇസ്രായേൽഭവനവും ഹൃദയത്തിൽ പരിച്ഛേദനം ഏല്‌ക്കാത്തവരാണല്ലോ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan