യിരെമ്യാവ് 51 - സത്യവേദപുസ്തകം C.L. (BSI)ന്യായവിധി തുടരുന്നു 1 സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോണിനും അതിലെ നിവാസികൾക്കും എതിരെ വിനാശം വിതയ്‍ക്കുന്ന കാറ്റ് ഞാൻ ഇളക്കിവിടും. 2 പാറ്റുന്നവരെ ഞാൻ ബാബിലോണിലേക്കയയ്‍ക്കും; അവർ അവളെ പാറ്റി ദേശം ശൂന്യമാക്കും; അനർഥദിവസത്തിൽ അവൾക്കെതിരെ എല്ലാ ദേശത്തുനിന്നും അവർ വരും. 3 അവളുടെ വില്ലാളികൾ വില്ലുകുലയ്‍ക്കാനും പടയാളികൾ പടച്ചട്ട ധരിച്ചുകൊണ്ടു നേരെ നില്‌ക്കാനും അനുവദിക്കരുത്; അവളുടെ യൗവനക്കാരെ വെറുതെ വിടരുത്; അവളുടെ സർവസൈന്യത്തെയും നിർമൂലമാക്കിക്കളയുക. 4 ബാബിലോൺദേശത്ത് അവർ മരിച്ചുവീഴും; അവർ മുറിവേറ്റു തെരുവീഥികളിൽ കിടക്കും. 5 അവരുടെ ദൈവമായ സർവശക്തനായ സർവേശ്വരൻ ഇസ്രായേലിനെയും യെഹൂദായെയും തള്ളിക്കളഞ്ഞിട്ടില്ല; എങ്കിലും ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനു വിരോധമായി അവരുടെ ദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു. 6 ബാബിലോണിന്റെ മധ്യത്തിൽനിന്ന് ഓടി ജീവൻ രക്ഷപെടുത്തുവിൻ. അവളുടെ ന്യായവിധിയിൽ നീ വിച്ഛേദിക്കപ്പെട്ടു പോകരുത്; ഇതു സർവേശ്വരന്റെ പ്രതികാരസമയമാണ്; അവിടുന്ന് അവൾക്ക് അർഹമായ ശിക്ഷ നല്‌കും. 7 ലോകത്തെ മുഴുവൻ മത്തു പിടിപ്പിച്ച സുവർണപാനപാത്രമായിരുന്നു സർവേശ്വരന്റെ കൈകളിൽ ബാബിലോൺ; ജനതകൾ അതിൽനിന്നു വീഞ്ഞു കുടിച്ച് ഉന്മത്തരായി. 8 പെട്ടെന്നു ബാബിലോൺ വീണു തകർന്നുപോയി, അവൾക്കുവേണ്ടി വിലപിക്കുവിൻ. അവളുടെ മുറിവിൽ പുരട്ടാൻ തൈലം കൊണ്ടുവരുവിൻ; ഒരുവേള അവൾക്കു സൗഖ്യം ലഭിച്ചേക്കാം. 9 ബാബിലോണിനെ നമ്മൾ സുഖപ്പെടുത്തുമായിരുന്നു, എന്നാൽ അവൾ അതിനു വിസമ്മതിച്ചു; അവളെ വിട്ടേക്കുക; നമുക്കു നമ്മുടെ ദേശങ്ങളിലേക്കു പോകാം; അവളുടെ ന്യായവിധി സ്വർഗത്തോളം ഉയർന്നു; ആകാശംവരെ അത് ഉയർന്നിരിക്കുന്നു. 10 സർവേശ്വരൻ നമുക്കു നീതി കൈവരുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ സർവേശ്വരന്റെ പ്രവൃത്തികൾ നമുക്കു സീയോനിൽ പ്രഘോഷിക്കാം. 11 അമ്പിനു മൂർച്ച വരുത്തുവിൻ, പരിച ധരിക്കുവിൻ; സർവേശ്വരൻ മേദ്യരാജാക്കന്മാരെ ബാബിലോണിനെതിരെ ഇളക്കിവിട്ടിരിക്കുന്നു; ബാബിലോണിനെ നശിപ്പിക്കാൻ അവിടുന്നു തീരുമാനിച്ചിരിക്കുകയാണ്. ഇതു സർവേശ്വരന്റെ പ്രതികാരമാണ്; അവിടുത്തെ ആലയം നശിപ്പിച്ചതിനുള്ള പ്രതികാരം. 12 ബാബിലോണിന്റെ മതിലുകൾക്കെതിരെ കൊടി ഉയർത്തുവിൻ; കാവൽ ശക്തമാക്കുവിൻ; കാവൽഭടന്മാരെ നിർത്തുവിൻ; പതിയിരുപ്പുകാരെ നിയോഗിക്കുവിൻ; ബാബിലോൺനിവാസികളെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്തത് സർവേശ്വരൻ നിറവേറ്റിയിരിക്കുന്നു. 13 അനവധി ജലാശയങ്ങളും ധാരാളം നിക്ഷേപങ്ങളുമുള്ള ബാബിലോണേ, നിന്റെ അന്ത്യം അടുത്തിരിക്കുന്നു; നിന്റെ ജീവപാശം അറ്റുപോയിരിക്കുന്നു. 14 സർവശക്തനായ സർവേശ്വരൻ സ്വന്തം നാമത്തിൽ സത്യം ചെയ്യുന്നു; വെട്ടുക്കിളികളെപ്പോലെ എണ്ണമറ്റ മനുഷ്യരെക്കൊണ്ട് ഞാൻ നിന്നെ നിറയ്‍ക്കും; അവർ നിനക്കെതിരെ ജയഭേരി മുഴക്കും.” ഒരു സ്തുതിഗീതം 15 സ്വന്തം ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചതും ജ്ഞാനത്താൽ അതിനെ സ്ഥാപിച്ചതും വിവേകത്താൽ ആകാശത്തെ വിരിച്ചതും അവിടുന്നാണ്. 16 അവിടുന്നു ശബ്ദം പുറപ്പെടുവിക്കുമ്പോൾ, ആകാശത്തു വെള്ളത്തിന്റെ മുഴക്കമുണ്ടാകുന്നു; ഭൂമിയുടെ അറുതികളിൽ നിന്ന് അവിടുന്നു മേഘങ്ങളെ ഉയർത്തുന്നു; മഴയ്‍ക്കായി മിന്നൽപ്പിണരുകളെ അവിടുന്നു സൃഷ്‍ടിക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. 17 സകല മനുഷ്യരും ബുദ്ധിയില്ലാത്തവരും ഭോഷന്മാരുമാണ്; തങ്ങൾ നിർമിച്ച വിഗ്രഹങ്ങൾ നിമിത്തം സ്വർണപ്പണിക്കാർ ലജ്ജിതരാകുന്നു; അവർ നിർമിച്ച വിഗ്രഹങ്ങൾ വ്യാജമാണ്; അവയ്‍ക്കു ജീവശ്വാസമില്ല. 18 അവയെല്ലാം വിലയില്ലാത്ത മിഥ്യാമൂർത്തികളാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും. 19 യാക്കോബിന്റെ അവകാശമായ ദൈവം അങ്ങനെയല്ല; സകലത്തിനും രൂപം കൊടുത്തത് അവിടുന്നാണ്; ഇസ്രായേൽ തനിക്ക് അവകാശപ്പെട്ട ഗോത്രമാകുന്നു, സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം. ചുറ്റിക 20 ബാബിലോണേ, നീ എന്റെ ചുറ്റിക; യുദ്ധത്തിനുള്ള എന്റെ ആയുധം, നിന്നെക്കൊണ്ടു ഞാൻ ജനതകളെയും രാജ്യങ്ങളെയും തകർക്കും. 21 നിന്നെക്കൊണ്ടു കുതിരകളെയും കുതിരക്കാരെയും ഞാൻ ഇല്ലാതാക്കും. തേരിനെയും തേരാളിയെയും നശിപ്പിക്കും. 22 നിന്നെക്കൊണ്ടു ഞാൻ പുരുഷനെയും സ്‍ത്രീയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ വൃദ്ധനെയും യുവാവിനെയും ഇല്ലാതാക്കും; യുവാവിനെയും യുവതിയെയും തകർക്കും. 23 നിന്നെക്കൊണ്ട് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും ഉന്മൂലമാക്കും; കർഷകരെയും അവരുടെ ഉഴവുകാളകളെയും ഛേദിച്ചുകളയും; നിന്നെക്കൊണ്ട് ഞാൻ ഭരണാധികാരികളെയും അധികാരികളെയും നശിപ്പിക്കും. ബാബിലോണിനുള്ള ശിക്ഷ 24 ബാബിലോണിനെയും അതിലെ സർവജനങ്ങളെയും അവർ സീയോനിൽ ചെയ്ത അതിക്രമങ്ങൾക്കുവേണ്ടി നിങ്ങൾ കാൺകെ ഞാൻ പകരം ചോദിക്കും. 25 ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന വിനാശപർവതമേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിനക്കെതിരെ ഞാൻ എന്റെ കൈ നീട്ടി കടുംതൂക്കായ പാറകളിൽനിന്നു തള്ളിയിടും; നിന്നെ അഗ്നിക്കിരയായ പർവതമാക്കും. 26 നിന്നിൽനിന്ന് ഒരു മൂലക്കല്ലോ അടിസ്ഥാനക്കല്ലോ എടുക്കുകയില്ല; നീ എന്നേക്കും ശൂന്യമായിരിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 27 ദേശത്ത് കൊടി ഉയർത്തുവിൻ. ജനതകളുടെ ഇടയിൽ കാഹളം മുഴക്കുവിൻ; ബാബിലോണിനെതിരെ യുദ്ധം ചെയ്യാൻ ജനതകളെ ഒരുക്കുവിൻ; അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അവൾക്കെതിരെ വിളിച്ചുകൂട്ടുവിൻ; അവൾക്കെതിരെ ഒരു സൈന്യാധിപനെ നിയമിക്കുവിൻ; ഇരമ്പി വരുന്ന വെട്ടുക്കിളികളെപ്പോലെ കുതിരപ്പടയെ കൊണ്ടുവരുവിൻ. 28 ബാബിലോണിനോടു യുദ്ധം ചെയ്യാൻ ജനതകളെ സജ്ജമാക്കുക; മേദ്യരാജാക്കന്മാരും അവരുടെ ഭരണാധികാരികളും ദേശാധിപതികളും അവരുടെ അധീനതയിലുള്ള ദേശങ്ങളും അതിനൊരുങ്ങട്ടെ. 29 ബാബിലോൺദേശം ജനവാസമില്ലാതെ ശൂന്യമാക്കുക എന്ന ദൈവനിശ്ചയം നടപ്പാക്കുന്നതുകൊണ്ടു ദേശം നടുങ്ങുന്നു. 30 ബാബിലോണിലെ യോദ്ധാക്കൾ യുദ്ധം ചെയ്യുന്നതു മതിയാക്കി കോട്ടകളിലേക്കു മടങ്ങി; അവർ ശക്തി ക്ഷയിച്ച് അബലകളായ സ്‍ത്രീകളെപ്പോലെ ആയിരിക്കുന്നു; അവരുടെ പാർപ്പിടങ്ങൾ അഗ്നിക്കിരയാകുന്നു; ഓടാമ്പലുകൾ തകരുന്നു. 31 നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത ബാബിലോൺരാജാവിനെ അറിയിക്കാൻ 32 ഓട്ടക്കാരന്റെ പിന്നാലെ ഓട്ടക്കാരനും, ദൂതന്റെ പിന്നാലെ ദൂതനും ഓടിയെത്തുന്നു. നദിക്കടവുകൾ പിടിക്കപ്പെട്ടിരിക്കുന്നു; കോട്ടകൊത്തളങ്ങൾ അഗ്നിക്കിരയായി, യോദ്ധാക്കൾ ഭയചകിതരായിരിക്കുന്നു. 33 ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ബാബിലോണേ, നീ കൊയ്ത്തുകാലത്തെ മെതിക്കളം പോലെയാകും; അവളുടെ കൊയ്ത്തുകാലം സമീപിച്ചിരിക്കുന്നു. 34 ബാബിലോൺരാജാവായ നെബുഖദ്നേസർ എന്നെ വിഴുങ്ങി; അവൻ എന്നെ തകർത്തു; എന്നെ ഒഴിഞ്ഞ പാത്രമാക്കി; വ്യാളിയെന്നപോലെ എന്നെ വിഴുങ്ങിയിരിക്കുന്നു; എന്റെ വിശിഷ്ടഭോജ്യങ്ങൾ കൊണ്ടു വയറുനിറച്ചശേഷം എന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. 35 എന്നോടും എന്റെ ചാർച്ചക്കാരോടും ചെയ്ത അതിക്രമം ബാബിലോണിനും ഭവിക്കട്ടെ എന്നു സീയോൻനിവാസികൾ പറയട്ടെ; എന്റെ രക്തത്തിനു ബാബിലോൺ നിവാസികൾ ഉത്തരവാദികളായിരിക്കുമെന്നു യെരൂശലേമും പറയട്ടെ. സർവേശ്വരൻ ഇസ്രായേലിനെ സഹായിക്കും 36 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിനക്കുവേണ്ടി വാദിക്കും, നിനക്കുവേണ്ടി പകരം വീട്ടും; അവളുടെ സമുദ്രം വറ്റിക്കും, ഉറവുകൾ ഉണക്കിക്കളയും. 37 ബാബിലോൺ കൽക്കൂമ്പാരമായി മാറും; അതു കുറുനരികളുടെ വിഹാരകേന്ദ്രമാകും; അതു ഭീതിദവും പരിഹാസവിഷയവുമാകും; ആരും അവിടെ പാർക്കുകയില്ല. 38 അവർ സിംഹങ്ങളെപ്പോലെ ഗർജിക്കും; സിംഹക്കുട്ടികളെപ്പോലെ മുരളും. 39 അവർ ജയോന്മത്തരായിരിക്കുമ്പോൾ ഞാൻ അവർക്ക് വിരുന്നൊരുക്കും; ഇനി ഉണരാത്തവിധം നിത്യനിദ്രയിൽ ആകുന്നതിനുവേണ്ടി അവരെ കുടിപ്പിച്ചു മത്തരാക്കും. 40 ആട്ടിൻകുട്ടികളെയും ആണാടുകളെയും ആൺകോലാടുകളെയുംപോലെ കൊലക്കളത്തിലേക്കു ഞാൻ അവരെ നയിക്കും. ബാബിലോണിന്റെ അന്ത്യം 41 സമസ്തലോകത്തിന്റെയും പ്രശംസാപാത്രമായിരുന്ന ബാബിലോൺ എങ്ങനെ പിടിക്കപ്പെട്ടു? ജനതകളുടെ മധ്യേ ബാബിലോൺ എങ്ങനെ ബീഭത്സയായിത്തീർന്നു? 42 കടൽ ബാബിലോണിനെ ആക്രമിച്ചിരിക്കുന്നു; ഇളകി മറിയുന്ന തിരമാലകൾ അതിനെ മൂടിയിരിക്കുന്നു. 43 അവളുടെ നഗരങ്ങൾ ബീഭത്സമായിരിക്കുന്നു; ഉണങ്ങി വരണ്ട മരുപ്രദേശം, ആരും വസിക്കാത്ത സ്ഥലം; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല. 44 ബാബിലോണിലെ ബേൽദേവനെ ഞാൻ ശിക്ഷിക്കും; അവൻ വിഴുങ്ങിയതിനെ ഞാൻ പുറത്തെടുക്കും; ജനതകൾ അവനെ ആരാധിക്കാൻ ഇനി പോകയില്ല; ബാബിലോണിന്റെ മതിലുകൾ വീണിരിക്കുന്നു. 45 എന്റെ ജനമേ, ബാബിലോണിന്റെ മധ്യത്തിൽനിന്നു പുറത്തുപോകുവിൻ; സർവേശ്വരന്റെ ഉഗ്രകോപത്തിൽനിന്നു രക്ഷപെടുവിൻ. അക്രമം ദേശത്തു നടക്കുന്നു; 46 ഒരു ഭരണാധികാരി മറ്റൊരു ഭരണാധികാരിക്ക് എതിരായിരിക്കുന്നു എന്നിങ്ങനെ ദേശത്തു വർഷം തോറും മാറിമാറി കേൾക്കുന്ന വാർത്ത കേട്ടു നിങ്ങൾ അധീരരാകരുത്; ഭയപ്പെടുകയുമരുത്; 47 ബാബിലോണിലെ വിഗ്രഹങ്ങളെ ഞാൻ നശിപ്പിക്കുന്ന കാലം വരുന്നു; അവളുടെ ദേശം ലജ്ജിക്കും; ബാബിലോണിന്റെ മധ്യേ അവളുടെ നിഹതന്മാർ നിപതിക്കും. 48 അപ്പോൾ ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബിലോണിനെച്ചൊല്ലി സന്തോഷിച്ചു പാടും; സംഹാരകർ വടക്കുനിന്ന് അവർക്കെതിരെ വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 49 ലോകത്തെമ്പാടുമുള്ള മനുഷ്യർ മരിച്ചുവീഴുന്നതിനു ബാബിലോൺ കാരണമായതുപോലെ, ഇസ്രായേലിലെ നിഹതന്മാരെപ്രതി ബാബിലോണും വീഴണം. ബാബിലോണിലെ ഇസ്രായേല്യർക്കുള്ള സന്ദേശം 50 വാളിൽനിന്നു രക്ഷപെട്ടവരേ, നില്‌ക്കാതെ ഓടുവിൻ; വിദൂരദേശത്തുനിന്നു സർവേശ്വരനെ ഓർക്കുവിൻ; യെരൂശലേം നിങ്ങളുടെ ഓർമയിൽ ഉണ്ടായിരിക്കട്ടെ. നിന്ദാവചനം കേട്ടു ഞങ്ങൾ ലജ്ജിതരായിരിക്കുന്നു; 51 വിദേശീയർ, അവിടുത്തെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിൽ പ്രവേശിച്ചിരിക്കുകയാൽ അപമാനംകൊണ്ട് ഞങ്ങൾ മുഖം മൂടിയിരിക്കുന്നു. 52 അതുകൊണ്ടു ബാബിലോണിലെ വിഗ്രഹങ്ങളെ നശിപ്പിക്കുന്ന ദിനം വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ദേശത്തെല്ലായിടത്തും മുറിവേറ്റവർ ഞരങ്ങും. 53 ബാബിലോൺ ആകാശത്തോളമുയർന്ന് ഉന്നതങ്ങളിൽ കോട്ടകൾ ഉറപ്പിച്ചാലും ഞാൻ സംഹാരകരെ അവളുടെമേൽ അയയ്‍ക്കും. സംഹാരകൻ അവളുടെമേൽ വരും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. ബാബിലോണിന്റെ നാശം തുടരുന്നു 54 ബാബിലോണിൽനിന്നു നിലവിളി കേൾക്കുന്നു; അവരുടെ ദേശത്തു നിന്നുള്ള മഹാനാശത്തിന്റെ ശബ്ദം തന്നെ. 55 അവിടുന്ന് ബാബിലോണിനെ നശിപ്പിച്ച് അവളുടെ ഗംഭീരശബ്ദം ഇല്ലാതാക്കുന്നു; വൻസമുദ്രങ്ങളിലെ തിരമാലകൾ പോലെ ഇരമ്പിക്കൊണ്ടു ശത്രുസൈന്യങ്ങൾ മുന്നേറുന്നു. 56 സംഹാരകൻ ബാബിലോണിനെതിരെ വന്നു കഴിഞ്ഞു; അവളുടെ യോദ്ധാക്കൾ പിടിക്കപ്പെട്ടു; അവരുടെ വില്ലുകൾ ഒടിഞ്ഞു; സർവേശ്വരൻ പ്രതികാരത്തിന്റെ ദൈവമാണ്; അവിടുന്നു നിശ്ചയമായും പകരം വീട്ടും. 57 അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതികളെയും സൈന്യാധിപന്മാരെയും യോദ്ധാക്കളെയും ഞാൻ ഉന്മത്തരാക്കും; ഇനി ഉണരാത്തവിധം അവർ നിത്യനിദ്രയിലാകും. 58 സർവശക്തനായ സർവേശ്വരനെന്ന നാമമുള്ളവനാണ് ഇത് അരുളിച്ചെയ്യുന്നത്. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോണിന്റെ കനത്തമതിലുകൾ നിലംപതിക്കും; അവളുടെ ഉയർന്ന കവാടങ്ങൾ അഗ്നിക്കിരയാകും. ജനങ്ങളുടെ അധ്വാനം വ്യർഥമാകും; അവരുടെ അധ്വാനഫലം അഗ്നിക്കിരയാകും. യിരെമ്യായുടെ സന്ദേശം 59 യെഹൂദാരാജാവായ സിദെക്കീയായുടെ നാലാം ഭരണവർഷം അയാളോടൊപ്പം ബാബിലോണിലേക്കു പോയ നേര്യായുടെ പുത്രനും മഹ്സേയായുടെ പൗത്രനുമായ സെരായായോടു യിരെമ്യാപ്രവാചകൻ ഇപ്രകാരം കല്പിച്ചു; സെരായാ ആയിരുന്നു ഈ യാത്രയിൽ വിശ്രമസങ്കേതങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്. 60 ബാബിലോണിനു വരാനിരിക്കുന്ന അനർഥങ്ങളും അഥവാ ബാബിലോണിനെക്കുറിച്ചുള്ള സകല വചനങ്ങളും യിരെമ്യാ ഒരു പുസ്തകത്തിലെഴുതി. 61 യിരെമ്യാ സെരായായോടു പറഞ്ഞു: “നീ ബാബിലോണിലെത്തുമ്പോൾ ഈ വാക്യങ്ങളെല്ലാം വായിക്കണം. 62 അതിനുശേഷം, സർവേശ്വരാ ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ശേഷിക്കാതെ എന്നെന്നേക്കും ശൂന്യമായിത്തീരുംവിധം അങ്ങ് ഇതിനെ നശിപ്പിക്കുമെന്നു കല്പിച്ചുവല്ലോ എന്നു പറയണം. 63 പുസ്‍തകം വായിച്ചു തീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ്നദിയുടെ മധ്യത്തിലേക്ക് എറിയണം. 64 അപ്പോൾ നീ പറയണം: ഞാൻ വരുത്തുന്ന അനർഥങ്ങൾ നിമിത്തം ബാബിലോൺ ഇതുപോലെ താണുപോകും. അവൾ തളർന്നുപോകും. ഇനി ഒരിക്കലും പൊങ്ങി വരികയുമില്ല.” യിരെമ്യായുടെ വചനങ്ങൾ ഇവിടെ അവസാനിക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India