യിരെമ്യാവ് 49 - സത്യവേദപുസ്തകം C.L. (BSI)അമ്മോന്യർക്കുള്ള ശിക്ഷ 1 അമ്മോന്യരെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേലിനു പുത്രന്മാരും അവകാശികളും ഇല്ലാഞ്ഞിട്ടാണോ ഗാദിന്റെ ദേശം മില്‌ക്കോംദേവൻ കൈവശപ്പെടുത്തി അതിന്റെ നഗരങ്ങളിൽ സ്വന്തം ജനത്തെ പാർപ്പിച്ചത്? 2 അതുകൊണ്ട്, അമ്മോന്യരുടെ മുഖ്യനഗരമായ രബ്ബയ്‍ക്കെതിരെ ഞാൻ പോർവിളി മുഴക്കുന്ന കാലം ഇതാ വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; രബ്ബ പാഴ്കൂമ്പാരമാകും, അതിലെ ഗ്രാമങ്ങൾ അഗ്നിക്കിരയാകും; അന്നു തങ്ങളുടെ ദേശം കൈവശപ്പെടുത്തിയവരിൽനിന്ന് ഇസ്രായേൽ അതു വീണ്ടെടുക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 3 ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിരിക്കുന്നു; രബ്ബാ പുത്രിമാരേ, കരയുവിൻ; നിങ്ങൾ ചാക്കുതുണി ധരിക്കുവിൻ; വിലപിച്ചുകൊണ്ടു പരിഭ്രാന്തരായി ഓടുവിൻ; മില്‌കോം ദേവൻ തന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊപ്പം പ്രവാസത്തിലേക്കു പോകുമല്ലോ. 4 ആര് എനിക്കെതിരെ വരും എന്നു പറഞ്ഞു സ്വന്തം നിക്ഷേപങ്ങളിൽ ആശ്രയിക്കുന്ന അവിശ്വസ്തയായ ജനതയേ, നിങ്ങളുടെ താഴ്‌വരകളെക്കുറിച്ച് എന്തിനു പ്രശംസിക്കുന്നു? സർവശക്തനായ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: 5 “എല്ലാ ദിക്കുകളിൽനിന്നും നിങ്ങൾക്കു കൊടുംഭീതി ഞാൻ വരുത്തും; നിങ്ങൾ ഓരോരുത്തനും പ്രാണരക്ഷാർഥം ഓടിപ്പോകും; ചിതറിപ്പോയവരെ ആരും ഒരുമിച്ചു കൂട്ടുകയുമില്ല. 6 എന്നാൽ ഒടുവിൽ അമ്മോന്യർക്കു ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു. എദോമിന്റെമേൽ ന്യായവിധി 7 സർവശക്തനായ സർവേശ്വരൻ എദോമിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “എദോമിൽ ജ്ഞാനം ഒട്ടുമില്ലേ? വിവേകികളുടെ ഉപദേശം ഇല്ലാതായോ? അവരുടെ ജ്ഞാനം നശിച്ചുപോയോ? 8 ദേദാൻ നിവാസികളേ, പിന്തിരിഞ്ഞ് ഓടുവിൻ; കുഴികളിൽ ഒളിച്ചിരിക്കുവിൻ; ശിക്ഷാകാലത്ത് ഏശാവിന്റെ പിൻതലമുറക്കാരുടെമേൽ ഞാൻ വിനാശം വരുത്തും. 9 മുന്തിരിപ്പഴം ശേഖരിക്കുന്നവർ നിന്റെ അടുക്കൽ വരുമ്പോൾ കാലാ പറിക്കാൻ കുറെ ശേഷിപ്പിക്കുകയില്ലേ? രാത്രിയിൽ കള്ളന്മാർ വരുമ്പോൾ തങ്ങൾക്ക് ആവശ്യമുള്ളതു മാത്രമല്ലേ അവർ എടുക്കുകയുള്ളൂ. 10 ഏശാവിന്റെ പിൻതലമുറക്കാരെ ഞാൻ നഗ്നരാക്കുകയും അവരുടെ ഒളിയിടങ്ങൾ തുറന്ന സ്ഥലങ്ങളാക്കുകയും ചെയ്തു; ഇനിയും അവർക്ക് ഒളിച്ചിരിക്കാൻ സാധ്യമല്ല; അവരുടെ സന്തതികളും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയിരിക്കുന്നു. 11 നിങ്ങളുടെ അനാഥരായ സന്തതികളെ വിട്ടേക്കുക; ഞാൻ അവരെ സംരക്ഷിക്കും; നിങ്ങളുടെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ. സർവേശ്വരൻ അരുളിച്ചെയ്യുന്നു: 12 “ശിക്ഷാർഹരല്ലാത്തവർപോലും ശിക്ഷയുടെ പാനപാത്രത്തിൽ നിന്നു കുടിക്കേണ്ടിവന്നെങ്കിൽ, നീ കുടിച്ചേ മതിയാവൂ. 13 എന്റെ സ്വന്തനാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബൊസ്രാ ഭീകരവും പരിഹാസവിഷയവും ശൂന്യവും ശാപവുമായിത്തീരും; അവളുടെ നഗരങ്ങൾ എന്നേക്കും ശൂന്യമായിത്തീരും. 14 സർവേശ്വരനിൽനിന്ന് എനിക്കൊരു വാർത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്ക് ഒരു ദൂതൻ അയയ്‍ക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ എദോമിനെതിരെ എഴുന്നേറ്റു യുദ്ധത്തിന് ഒന്നിച്ചുകൂടുവിൻ. 15 ജനതകളുടെ ഇടയിൽ ഞാൻ നിന്നെ ചെറുതാക്കും; മനുഷ്യരുടെ ഇടയിൽ നിന്ദാപാത്രമാക്കും. 16 പാറക്കെട്ടുകളിൽ പാർക്കുകയും പർവതശൃംഗങ്ങൾ കീഴടക്കുകയും ചെയ്തവനേ, നീ ഉളവാക്കിയ ഭീതിയും നിന്റെ ഹൃദയത്തിലെ ഗർവും നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ ഉയരത്തിൽ നിന്റെ കൂടുകെട്ടിയാലും അവിടെനിന്നു ഞാൻ നിന്നെ താഴെയിറക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 17 എദോം ഭീതിക്കു പാത്രമാകും; അതിലൂടെ കടന്നുപോകുന്നവർ ഭയപ്പെടും; അതിനു നേരിട്ട അനർഥങ്ങൾ നിമിത്തം അവളെ പരിഹസിക്കും. 18 സൊദോമും ഗൊമോറായും അയൽനഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോൾ എന്നപോലെ എദോമിലും ആരും പാർക്കുകയില്ല; ആരും അതിലൂടെ കടന്നുപോകയുമില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 19 ഒരു വലിയ ആട്ടിൻപറ്റത്തിന്റെ നേരെ വരുന്ന സിംഹംപോലെ ഞാൻ യോർദ്ദാനിലെ വനത്തിൽനിന്ന് ഇറങ്ങിവരും. അവരെ എദോമിൽനിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടപ്പെട്ടവനെ ഞാൻ എദോമിന്റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏതിടയന് എന്റെ നേരെ നില്‌ക്കാൻ കഴിയും? 20 അതുകൊണ്ട് എദോമിനെതിരെ സർവേശ്വരൻ തയ്യാറാക്കിയിട്ടുള്ള പദ്ധതിയും തേമാനിലെ നിവാസികൾക്ക് എതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊൾവിൻ: “ആട്ടിൻകൂട്ടത്തിൽ ഏറ്റവും ചെറുതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടു പോകും; അവയുടെ ദുർവിധി കണ്ട് ആലകൾ പോലും സ്തംഭിച്ചുപോകും; 21 അവരുടെ വീഴ്ചയുടെ ശബ്ദം കേൾക്കുമ്പോൾ ഭൂമി വിറയ്‍ക്കും; അവരുടെ കരച്ചിലിന്റെ ശബ്ദം ചെങ്കടലിൽ മാറ്റൊലികൊള്ളും. 22 ഇതാ, ഒരാൾ കഴുകനെപ്പോലെ പറന്നുവരുന്നു. അതിന്റെ ചിറകുകൾ ബൊസ്രായുടെമേൽ വിരിച്ചിരിക്കുന്നു; എദോമിലെ യോദ്ധാക്കളുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവ് പോലെയായിരിക്കും. ദമാസ്കസിനെതിരെയുള്ള ന്യായവിധി 23 ദമാസ്കസിനെ സംബന്ധിച്ച്: ഹാമാത്തും അർപ്പാദും ദുർവർത്തമാനങ്ങൾ കേട്ടു പരിഭ്രമിച്ചിരിക്കുന്നു; അവർ ഭയന്ന് ഉരുളുന്നു; പ്രശാന്തമാകാത്ത കടൽപോലെ അവർ ഇളകിമറിയുന്നു. 24 ദമാസ്കസ് ധൈര്യഹീനയായി ഓടാൻ ഭാവിക്കുകയാണ്; എന്നാൽ ഭയം അവളെ പിടിച്ചു നിർത്തിയിരിക്കുന്നു; ഈറ്റുനോവനുഭവിക്കുന്നവളെപ്പോലെ കൊടിയ വേദനയും ദുഃഖവും അവൾ അനുഭവിക്കുന്നു. 25 ആ പ്രശസ്ത നഗരം-ആഹ്ലാദത്തിന്റെ നഗരം തന്നെ-എങ്ങനെ ഉപേക്ഷിക്കപ്പെട്ടു? 26 അവളുടെ യുവാക്കന്മാർ തെരുവീഥികളിൽ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 27 ദമാസ്കസിന്റെ മതിലിൽ ഞാൻ തീ കൊളുത്തും; അതു ബൻഹദദിന്റെ കോട്ടയും കൊത്തളങ്ങളും ദഹിപ്പിക്കും. കേദാറിനും ഹാസോറിനും എതിരെയുള്ള ന്യായവിധി 28 ബാബിലോൺരാജാവായ നെബുഖദ്നേസർ നശിപ്പിച്ച ഹാസോറിനെയും കേദാർ നഗരത്തെയുംകുറിച്ച് സർവേശ്വരൻ അരുളിച്ചെയ്യുന്നു: എഴുന്നേറ്റ് കേദാറിനെതിരെ മുന്നേറുക; പൗരസ്ത്യജനതയെ നശിപ്പിക്കുക. 29 അവരുടെ കൂടാരങ്ങളും ആട്ടിൻപറ്റങ്ങളും തിരശ്ശീലകളും അവരുടെ സകല വസ്തുക്കളും പിടിച്ചെടുക്കണം; അവരുടെ ഒട്ടകങ്ങളെ പിടിച്ചെടുത്തശേഷം എങ്ങും ഭീതി എന്നു വിളിച്ചുപറയുക. 30 ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; വിദൂരസ്ഥലത്തേക്കു പോയി കുഴികളിൽ ഒളിച്ചിരിക്കുവിൻ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ബാബിലോൺരാജാവായ നെബുഖദ്നേസർ നിങ്ങൾക്കെതിരെ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. 31 എഴുന്നേല്‌ക്കുക, വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ സ്വൈരമായും സുരക്ഷിതമായും കഴിയുന്ന ഒരു ജനതയ്‍ക്കെതിരെ മുന്നേറുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 32 അവരുടെ ഒട്ടകങ്ങളെ കവർന്നെടുക്കും; അവരുടെ അസംഖ്യം ആടുമാടുകൾ കൊള്ളയടിക്കപ്പെടും; തലയുടെ അരികു വടിക്കുന്നവരെ ഓരോ കാറ്റിലും ഞാൻ ചിതറിക്കും; എല്ലാ വശത്തുനിന്നും ഞാൻ അവർക്ക് അനർഥം വരുത്തും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 33 ഹാസോർ കുറുനരികളുടെ സങ്കേതമാകും; അത് എന്നും ശൂന്യമായി കിടക്കും; അവിടെ ആരും പാർക്കുകയില്ല; ആരും യാത്രയ്‍ക്കിടയിൽ അവിടെ തങ്ങുകയുമില്ല.” ഏലാമിന് എതിരെയുള്ള ന്യായവിധി 34 യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണാരംഭത്തിൽ യിരെമ്യാപ്രവാചകനു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 35 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഏലാമിന്റെ വില്ല് ഞാൻ ഒടിക്കും. അതാണല്ലോ അവരുടെ ബലം. 36 നാലുദിക്കുകളിൽനിന്നും അടിക്കുന്ന കാറ്റ് ഏലാമിന്റെമേൽ വരുത്തും; അതോടൊപ്പം ഞാൻ അവരെ ചിതറിക്കുകയും ചെയ്യും. ഏലാമിൽനിന്നു ചിതറിക്കപ്പെട്ട ജനം ചെന്നുചേരാത്ത ഒരു സ്ഥലവും ഉണ്ടായിരിക്കുകയില്ല. 37 ഏലാമിനെ അവരുടെ ശത്രുക്കളുടെ മുമ്പിൽ, അവർക്കു പ്രാണഹാനി വരുത്തുവാൻ ശ്രമിക്കുന്നവരുടെ മുമ്പിൽവച്ചു തന്നെ ഞാൻ സംഭീതരാക്കും; എന്റെ ഉഗ്രകോപത്തിൽ ഞാൻ അവർക്ക് അനർഥം വരുത്തും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അവരെ സംഹരിച്ചുതീരുന്നതുവരെ എന്റെ വാൾ അവരെ പിന്തുടരും. 38 എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിച്ച് അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 39 എന്നാൽ ഒടുവിൽ അവരുടെ ഐശ്വര്യം ഞാൻ അവർക്കു വീണ്ടെടുത്തു കൊടുക്കും എന്നും അവിടുന്നു അരുളിച്ചെയ്യുന്നു.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India