Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 46 - സത്യവേദപുസ്തകം C.L. (BSI)


ഈജിപ്തിന്റെ പരാജയം

1 ജനതകളെ സംബന്ധിച്ചു യിരെമ്യാപ്രവാചകനു സർവേശ്വരനിൽനിന്നു ലഭിച്ച അരുളപ്പാട്.

2 ഈജിപ്തിനെ സംബന്ധിച്ചു യെഹൂദാരാജാവായ യോശീയായുടെ പുത്രൻ യെഹോയാക്കീമിന്റെ നാലാം ഭരണവർഷം ബാബിലോൺരാജാവായ നെബുഖദ്നേസർ യൂഫ്രട്ടീസ്നദിയുടെ തീരത്തുള്ള കാർക്കെമീശിൽ വച്ചു തോല്പിച്ച ഫറവോ നെക്കോ എന്ന ഈജിപ്തുരാജാവിന്റെ സൈന്യത്തെക്കുറിച്ചു തന്നെ.

3 പരിചയും പടച്ചട്ടയുമൊരുക്കി യുദ്ധത്തിനു മുന്നേറുവിൻ,

4 കുതിരക്കാരേ, കുതിരകളെ ഒരുക്കി അവയുടെമേൽ കയറുവിൻ, പടത്തൊപ്പി ധരിച്ച് അണിനിരക്കുവിൻ. നിങ്ങളുടെ കുന്തങ്ങൾ മിനുക്കുകയും കവചങ്ങൾ ധരിക്കുകയും ചെയ്യുവിൻ. എന്താണു ഞാൻ കാണുന്നത്?

5 അവർ പരിഭ്രമിച്ചു പിൻവാങ്ങുന്നു; പടയിൽ തോറ്റ അവരുടെ യുദ്ധവീരന്മാർ തിടുക്കത്തിൽ ഓടുന്നു; അവർ പിന്തിരിഞ്ഞു നോക്കുന്നില്ല. സർവത്രഭീതി എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

6 വേഗമേറിയവന് ഓടിപ്പോകാനോ, യുദ്ധവീരനു രക്ഷപെടാനോ കഴിയുന്നില്ല; വടക്ക് യൂഫ്രട്ടീസ്നദിയുടെ തീരത്ത് അവർ ഇടറിവീണു.

7 നൈൽനദിപോലെ പൊങ്ങുകയും കരകവിഞ്ഞൊഴുകുന്ന നദിപോലെയും ഉള്ള ഇവനാര്?

8 ഈജിപ്ത് നൈൽനദിപോലെ പൊങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന നദിപോലെ തന്നെ; ഞാൻ ഉയരും; ഭൂതലത്തെ മൂടും; നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും എന്നവൻ പറയുന്നു.

9 കുതിരകളേ, മുമ്പോട്ടു പായുക, രഥങ്ങളേ, ഇരച്ചു കയറുക! യോദ്ധാക്കൾ മുമ്പോട്ടു നീങ്ങട്ടെ; പരിച പിടിച്ചിരിക്കുന്ന എത്യോപരും പൂത്യരും, വില്ലാളിവീരന്മാരായ ലൂദ്യരും മുന്നേറട്ടെ.

10 അതു സർവശക്തിയുള്ള ദൈവമായ സർവേശ്വരന്റെ ദിനം. ശത്രുക്കളോടു പകരം വീട്ടുന്ന പ്രതികാരത്തിന്റെ ദിനംതന്നെ, സംഹാരം ചെയ്ത് വാളുകൾക്കു മതിവരും. തൃപ്തിയാകുവോളം അവ അവരുടെ രക്തം കുടിക്കും; സർവശക്തിയുള്ള ദൈവമായ സർവേശ്വരൻ, വടക്ക് യൂഫ്രട്ടീസ്നദീതീരത്ത് ഒരു യാഗം കഴിക്കുന്നു.

11 ഈജിപ്തിന്റെ പുത്രിയായ കന്യകയേ, നീ ഗിലെയാദിൽ പോയി തൈലം വാങ്ങുക; പല ഔഷധങ്ങൾ നീ വെറുതെ ഉപയോഗിച്ചു; നിനക്കു സൗഖ്യം ലഭിക്കുകയില്ല.

12 നിന്റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി ജനതകൾ കേട്ടിരിക്കുന്നു; ദേശത്ത് ആകമാനം നിന്റെ നിലവിളി മുഴങ്ങുന്നു; യുദ്ധവീരന്മാർ പരസ്പരം തട്ടി വീഴുന്നു.”


നെബുഖദ്നേസറിന്റെ വരവ്

13 ഈജിപ്തുദേശത്തെ ആക്രമിക്കാൻ ബാബിലോൺരാജാവായ നെബുഖദ്നേസർ വരുന്നതിനെക്കുറിച്ചു സർവേശ്വരൻ യിരെമ്യാ പ്രവാചകനോടരുളിച്ചെയ്തു:

14 “ഈജിപ്തിൽ പ്രഖ്യാപിക്കുക, മിഗ്ദോലിൽ ഘോഷിക്കുക, മെംഫിസിലും തഹ്പനേസിലും വിളിച്ചറിയിക്കുക, നിങ്ങൾക്കു ചുറ്റുമുള്ളവയെല്ലാം വാളിനിരയാകാൻ പോകുകയാണ്;

15 അതുകൊണ്ട് അണിനിരക്കുവിൻ. അപ്പീസ്ദേവൻ എന്തുകൊണ്ട് ഓടിപ്പോയി? ആ ദേവന്റെ പ്രതീകമായ കാള എന്തുകൊണ്ട് ഉറച്ചുനിന്നില്ല? സർവേശ്വരൻ അതിനെ വീഴ്ത്തിയതുകൊണ്ടുതന്നെ.

16 നിന്റെ ജനതതി ഇടറിവീണു; അവർ പരസ്പരം പറഞ്ഞു: “എഴുന്നേല്‌ക്കൂ, മർദകന്റെ വാളിൽനിന്നു രക്ഷപെടാൻ നമ്മുടെ ജന്മദേശത്തേക്കു സ്വന്തം ജനത്തിന്റെ ഇടയിലേക്കു തന്നെ പോകാം.”

17 ഈജിപ്തുരാജാവായ ഫറവോയെ ‘ശബ്ദകോലാഹലമുണ്ടാക്കി അവസരം പാഴാക്കുന്നവൻ’ എന്നു വിളിക്കൂ.

18 സർവശക്തനായ സർവേശ്വരൻ എന്ന നാമമുള്ള രാജാവ് സ്വന്തം നാമത്തിൽ ശപഥം ചെയ്തു പറയുന്നു; പർവതങ്ങളിൽ തലയെടുപ്പുള്ള താബോർപോലെയും കടൽത്തീരത്തുനിന്നു വളരെ ഉയർന്നു നില്‌ക്കുന്ന കർമ്മേൽപർവതംപോലെയും ബലമുള്ള ഒരാൾ വരും.

19 ഈജിപ്തുനിവാസികളേ, പ്രവാസത്തിനായി ഭാണ്ഡമെല്ലാം ഒരുക്കുവിൻ! മെംഫീസ് ശൂന്യമാകും; അതു വിജനമായിത്തീരും.

20 ഈജിപ്ത് ഏറ്റവും അഴകുള്ള പശുക്കുട്ടിയാണ്; രക്തം വലിച്ചുകുടിക്കുന്ന ഈച്ച വടക്കുനിന്നു വന്ന് അതിനെ ആക്രമിക്കും.

21 അതിന്റെ കൂലിപ്പട്ടാളക്കാർ പോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്; എന്നാൽ അവരും പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ വിനാശദിനം ആഗതമായിരിക്കുന്നു; അവരുടെ ശിക്ഷാസമയം തന്നെ.

22 ഇഴഞ്ഞുപോകുന്ന പാമ്പിനെപ്പോലെ ഈജിപ്ത് ശബ്ദമുണ്ടാക്കുന്നു; അവളുടെ ശത്രുസൈന്യം മുന്നേറുന്നു; മരംവെട്ടുകാരെപ്പോലെ കോടാലികളുമായിട്ടാണ് അവൾക്കെതിരെ അവർ വരുന്നത്.

23 അവളുടെ വനം എത്ര നിബിഡമായിരുന്നാലും അവർ അതു വെട്ടി നശിപ്പിക്കും; അവർ വെട്ടിക്കിളികളെക്കാൾ അധികമാണല്ലോ; അവരെ എണ്ണിത്തീർക്കാൻ സാധ്യവുമല്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

24 ഈജിപ്തിലെ ജനം ലജ്ജിതരാകും; വടക്കുനിന്നുള്ള ജനങ്ങളുടെ കൈയിൽ അവർ ഏല്പിക്കപ്പെടും.

25 ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “തേബെസിലെ അമ്മോനെയും ഈജിപ്തിനെയും അവളുടെ ദേവന്മാരെയും രാജാക്കന്മാരെയും ഫറവോയെയും അവനിൽ വിശ്വാസമർപ്പിക്കുന്നവരെയും ഞാൻ ശിക്ഷിക്കും.

26 അവർക്കു പ്രാണഹാനി വരുത്താൻ നോക്കുന്ന ബാബിലോൺരാജാവായ നെബുഖദ്നേസറിന്റെയും അവന്റെ ഭൃത്യന്മാരുടെയും കൈയിൽ ഞാൻ അവരെ ഏല്പിക്കും; എന്നാൽ പിന്നീട് ഈജിപ്തിൽ പണ്ടുണ്ടായിരുന്നതുപോലെ ജനവാസമുണ്ടാകും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”


സർവേശ്വരൻ സ്വന്തജനത്തെ രക്ഷിക്കും

27 “എന്റെ ദാസരായ യാക്കോബ് വംശജരേ, ഭയപ്പെടേണ്ടാ; ഇസ്രായേൽജനമേ, പരിഭ്രമിക്കയും വേണ്ടാ; ദൂരദേശത്തു പ്രവാസത്തിലായിരിക്കുന്ന നിങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞാൻ രക്ഷിക്കും; യാക്കോബു വംശജർ മടങ്ങിവന്നു ശാന്തിയും സ്വസ്ഥതയും അനുഭവിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.

28 എന്റെ ദാസരായ യാക്കോബു വംശജരേ, ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ നിങ്ങളെ ചിതറിച്ച ദേശങ്ങളിലെ ജനതകളെ ഞാൻ പൂർണമായി നശിപ്പിക്കും; എന്നാൽ നിങ്ങളെ ഞാൻ നിശ്ശേഷം നശിപ്പിക്കയില്ല; നിങ്ങൾ അർഹിക്കുന്ന ശിക്ഷ ഞാൻ നിങ്ങൾക്കു നല്‌കും; ഞാൻ നിങ്ങളെ ശിക്ഷിക്കാതെ വിടുകയില്ല.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan