Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 43 - സത്യവേദപുസ്തകം C.L. (BSI)


യിരെമ്യായെ ഈജിപ്തിലേക്കു കൊണ്ടുപോകുന്നു

1 ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യാൻ കല്പിച്ച വചനങ്ങളെല്ലാം യിരെമ്യാ ജനത്തോടു പറഞ്ഞു.

2 പിന്നീട് ഹോശയ്യായുടെ പുത്രൻ അസര്യായും കാരേഹിന്റെ പുത്രൻ യോഹാനാനും അഹങ്കാരികളായ മറ്റുള്ളവരും ചേർന്നു യിരെമ്യായോടു പറഞ്ഞു: “നീ കള്ളം പറയുന്നു. ഈജിപ്തിൽപോയി അവിടെ പാർക്കരുത് എന്നു പറയാൻ ഞങ്ങളുടെ ദൈവമായ സർവേശ്വരൻ നിന്നെ അയച്ചിട്ടില്ല.

3 ബാബിലോണ്യർ ഞങ്ങളെ കൊല്ലുന്നതിനോ ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോകുന്നതിനോവേണ്ടി അവരുടെ കൈയിൽ ഞങ്ങളെ ഏല്പിച്ചുകൊടുക്കാൻ നേര്യായുടെ പുത്രൻ ബാരൂക്ക് നിന്നെ പ്രേരിപ്പിക്കുന്നു.”

4 അങ്ങനെ കാരേഹിന്റെ പുത്രനായ യോഹാനാനും സൈന്യാധിപന്മാരും സർവജനങ്ങളും യെഹൂദ്യയിൽ തന്നെ പാർക്കണമെന്നുള്ള സർവേശ്വരന്റെ കല്പന അനുസരിച്ചില്ല.

5 യോഹാനാനും സൈന്യാധിപന്മാരുംകൂടി ചിതറിപ്പോയ സ്ഥലങ്ങളിൽനിന്നു യെഹൂദ്യയിൽ പാർക്കാൻ മടങ്ങിവന്ന യെഹൂദന്മാരെയും

6 സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും രാജകുമാരിമാരെയും അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ, ഗെദല്യായുടെ അടുക്കൽ അകമ്പടി സേനാനായകനായ നെബൂസർ-അദാൻ ഏല്പിച്ചിരുന്ന സർവജനങ്ങളെയും യിരെമ്യാപ്രവാചകനെയും നേര്യായുടെ പുത്രൻ ബാരൂക്കിനെയും ഈജിപ്തിലേക്കു കൊണ്ടുപോയി.

7 സർവേശ്വരന്റെ കല്പന അനുസരിക്കാതെ അവർ ഈജിപ്തുദേശത്തു തഹ്പനേസിൽ എത്തി.

8 തഹ്പനേസിൽവച്ചു സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി.

9 “നീ വലിയ കല്ലുകൾ എടുത്തു യെഹൂദന്മാർ കാൺകെ തഹ്പനേസിൽ ഫറവോയുടെ കൊട്ടാരത്തിന്റെ പടിവാതില്‌ക്കലുള്ള കൽത്തളത്തിലെ കുമ്മായക്കൂട്ടിൽ കുഴിച്ചിടുക.

10 പിന്നീട് അവരോടു പറയണം, ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ദാസനായ നെബുഖദ്നേസറിനെ ഞാൻ ഇവിടേക്ക് അയയ്‍ക്കും; ഞാൻ കുഴിച്ചിട്ട കല്ലുകളുടെ മുകളിൽ അദ്ദേഹത്തിന്റെ സിംഹാസനം ഉറപ്പിക്കും; തന്റെ രാജകീയ വിരിപ്പന്തൽ അവയുടെമേൽ ഉയർത്തും.

11 അവൻ വന്ന് ഈജിപ്തുദേശത്തെ തകർക്കും; പകർച്ചവ്യാധിക്കു വിധിക്കപ്പെട്ടവരെ പകർച്ചവ്യാധിക്കും പ്രവാസത്തിനു വിധിക്കപ്പെട്ടവരെ പ്രവാസത്തിനും വാളിനു വിധിക്കപ്പെട്ടവരെ വാളിനും ഇരയാക്കും.

12 ഈജിപ്തിൽ ദേവന്മാരുടെ ക്ഷേത്രങ്ങൾക്ക് തീ വയ്‍ക്കും; ദേവന്മാരെ അഗ്നിക്കിരയാക്കുകയോ ബന്ദികളായി കൊണ്ടുപോകുകയോ ചെയ്യും; ആട്ടിടയൻ തന്റെ പുതപ്പിൽനിന്നു പ്രാണികളെ കുടഞ്ഞുകളഞ്ഞ് അതു ശുദ്ധമാക്കുന്നതുപോലെ ഈജിപ്ത് ദേശം ഞാൻ ശുദ്ധമാക്കും; സമാധാനത്തോടെ ബാബിലോൺരാജാവ് മടങ്ങിപ്പോകുകയും ചെയ്യും.

13 ഈജിപ്തിലുള്ള സൂര്യക്ഷേത്രത്തിലെ സ്തംഭങ്ങൾ അവൻ തകർക്കും; ഈജിപ്തിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾ അവൻ അഗ്നിക്കിരയാക്കും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan