യിരെമ്യാവ് 39 - സത്യവേദപുസ്തകം C.L. (BSI)യെരൂശലേമിന്റെ പതനം 1 യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്റെ ഒമ്പതാം വർഷം പത്താം മാസം ബാബിലോൺരാജാവായ നെബുഖദ്നേസർ സർവസൈന്യങ്ങളുമായി വന്നു യെരൂശലേം വളഞ്ഞു. 2 സിദെക്കീയായുടെ ഭരണത്തിന്റെ പതിനൊന്നാം വർഷം, നാലാം മാസം, ഒമ്പതാം ദിവസം നഗരത്തിന്റെ മതിൽ ഭേദിക്കപ്പെട്ടു. 3 യെരൂശലേം പിടിച്ചടക്കിയപ്പോൾ ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരായ നേർഗൽ-ശരേസ്സർ, ശംഗർ-നെബോസർ-സെഖീം, രബ്-സാരീസ്, നേർഗൽ-ശരേസർ എന്ന രബ്-മാഗ് എന്നിവരും ബാബിലോൺ രാജാവിന്റെ മറ്റ് ഉദ്യോഗസ്ഥന്മാരും വന്നു മധ്യവാതില്‌ക്കൽ സമ്മേളിച്ചു. 4 യെഹൂദാരാജാവായ സിദെക്കീയായും സൈനികരും അവരെ കണ്ടപ്പോൾ ഓടിപ്പോയി; രാത്രിയിൽ രാജാവിന്റെ ഉദ്യാനത്തിലൂടെ രണ്ടു മതിലുകൾക്ക് ഇടയിലുള്ള വാതിലിൽ കൂടി അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവർ ഓടിപ്പോയത്. 5 എന്നാൽ ബാബിലോണ്യ സൈന്യം അവരെ പിന്തുടർന്ന് യെരീഹോസമതലത്തിൽ വച്ചു സിദെക്കീയായെ പിടികൂടി; അവർ അയാളെ ഹാമാത്ത് ദേശത്ത് രിബ്ലയിൽ ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെ അടുക്കൽ കൊണ്ടുവന്നു; നെബുഖദ്നേസർ സിദെക്കിയായ്‍ക്കു ശിക്ഷവിധിച്ചു. 6 രിബ്ലയിൽ ബാബിലോൺരാജാവ് സിദെക്കീയായുടെ പുത്രന്മാരെ അയാൾ കാൺകെ വധിച്ചു; യെഹൂദായിലെ എല്ലാ ശ്രേഷ്ഠന്മാരെയും ബാബിലോൺരാജാവ് കൊന്നു. 7 സിദെക്കീയായുടെ കണ്ണുകൾ ചൂഴ്ന്നെടുത്തശേഷം ബാബിലോണിലേക്കു കൊണ്ടുപോകാൻ അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു. 8 ബാബിലോണ്യർ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും അഗ്നിക്കിരയാക്കി; യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുനിരത്തി. 9 നഗരത്തിൽ ശേഷിച്ചവരെയും തന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും മറ്റെല്ലാവരെയും അകമ്പടി സേനാനായകനായ നെബൂസർ-അദാൻ, പ്രവാസികളായി ബാബിലോണിലേക്കു പിടിച്ചു കൊണ്ടുപോയി. 10 നെബൂസർ-അദാൻ ഏറ്റവും ദരിദ്രരായ ജനങ്ങളിൽ ചിലരെ യെഹൂദ്യയിൽ പാർപ്പിച്ചു; അവർക്കു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും നല്‌കി. യിരെമ്യായുടെ മോചനം 11 ബാബിലോൺരാജാവായ നെബുഖദ്നേസർ, അകമ്പടിസേനാനായകനായ നെബൂസർ-അദാനോട് യിരെമ്യായെക്കുറിച്ച് ഇപ്രകാരം കല്പിച്ചു: 12 “നീ യിരെമ്യായെ കൊണ്ടുവന്നു സംരക്ഷിക്കുക. ഒരു ഉപദ്രവവും ചെയ്യരുത്. അയാളുടെ ഇഷ്ടാനുസരണം അയാളോടു പെരുമാറുക.” 13 അതനുസരിച്ച് അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാൻ എന്ന രബ്-സാരീസ്സും നേർഗൽ-ശരേസർ എന്ന രബ്-മാഗും ബാബിലോൺ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും കൂടി ആളയച്ചു 14 കാവല്‌ക്കാരുടെ അങ്കണത്തിൽ നിന്നു യിരെമ്യായെ കൂട്ടിക്കൊണ്ടുവന്നു; അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യായുടെകൂടെ അവർ യിരെമ്യായെ പറഞ്ഞയച്ചു; അങ്ങനെ യിരെമ്യാ ജനത്തിന്റെ ഇടയിൽ പാർത്തു. ഏബെദ്-മേലെക്കിനു പ്രതീക്ഷ 15 കാവല്‌ക്കാരുടെ അങ്കണത്തിൽ യിരെമ്യാ തടവുകാരനായിരുന്നപ്പോൾ അദ്ദേഹത്തിനു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 16 “എത്യോപ്യനായ ഏബെദ്-മേലെക്കിനോടു നീ പോയി പറയണം; ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഈ നഗരത്തിനെതിരെ ഞാൻ പറഞ്ഞിരുന്ന വാക്കുകളെല്ലാം സംഭവിക്കും; നന്മയ്‍ക്കല്ല തിന്മയ്‍ക്കുതന്നെ; നിന്റെ കൺമുമ്പിൽ വച്ച് അവയെല്ലാം ആ ദിവസം സംഭവിക്കും. 17 എന്നാൽ അന്നു ഞാൻ നിന്നെ രക്ഷിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നീ ഭയപ്പെടുന്നവരുടെ കൈയിൽ നിന്നെ ഏല്പിക്കുകയില്ല. 18 ഞാൻ നിന്നെ നിശ്ചയമായും രക്ഷിക്കും; നീ വാളിന് ഇരയാകയില്ല; യുദ്ധത്തിലെ കൊള്ളമുതൽ പോലെ നിന്റെ ജീവൻ നിനക്കു ലഭിക്കും; നീ എന്നിൽ ആശ്രയിച്ചുവല്ലോ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India