Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 34 - സത്യവേദപുസ്തകം C.L. (BSI)


സിദെക്കിയായ്‍ക്കു സന്ദേശം

1 ബാബിലോൺരാജാവായ നെബുഖദ്നേസറും അയാളുടെ സർവസൈന്യവും അയാളുടെ ആധിപത്യത്തിലുള്ള സകല രാജ്യങ്ങളും ജനതകളും യെരൂശലേമിനോടും അതിന്റെ സകല നഗരങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി.

2 ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായുടെ അടുക്കൽ ചെന്നു പറയുക, സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏല്പിക്കും. അവൻ അത് അഗ്നിക്കിരയാക്കും.

3 അവന്റെ കൈയിൽനിന്നു നീ രക്ഷപെടുകയില്ല; നീ ബന്ദിയായി അവന്റെ കൈയിൽ ഏല്പിക്കപ്പെടും; നീ ബാബിലോൺരാജാവിനെ നേരിട്ടു കാണും; അവനോട് അഭിമുഖമായി സംസാരിക്കും; നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്യും.

4 യെഹൂദാരാജാവായ സിദെക്കീയായേ, സർവേശ്വരന്റെ വചനം കേൾക്കുക; നിന്നെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു:

5 “നീ വാളാൽ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പു രാജാക്കന്മാരായിരുന്ന നിന്റെ പിതാക്കന്മാരുടെ ശവസംസ്കാരത്തിനു ചെയ്തതുപോലെ സുഗന്ധദ്രവ്യങ്ങൾ നിനക്കുവേണ്ടിയും കത്തിക്കും; അയ്യോ, ഞങ്ങളുടെ രാജാവ് എന്നു പറഞ്ഞ് ജനം വിലപിക്കും; ഞാനാണ് ഇതു പറയുന്നത് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”

6 യിരെമ്യാപ്രവാചകൻ ഇവയെല്ലാം യെരൂശലേമിൽ വച്ചു യെഹൂദാരാജാവായ സിദെക്കീയായോടു പറഞ്ഞു.

7 അന്നു ബാബിലോൺരാജാവിന്റെ സൈന്യം യെരൂശലേമിനും യെഹൂദാനഗരങ്ങളിൽ ശേഷിച്ചിരുന്ന ലാഖീശ്, അസേക്കാ എന്നീ നഗരങ്ങൾക്കുമെതിരെ യുദ്ധം ചെയ്യുകയായിരുന്നു; കോട്ടകെട്ടി ഉറപ്പിച്ച യെഹൂദാനഗരങ്ങളിൽ ശേഷിച്ചത് ഇവ മാത്രമായിരുന്നു.


എബ്രായ അടിമകളെ വഞ്ചിക്കുന്നു

8 എബ്രായ അടിമകളെയെല്ലാം സ്വതന്ത്രരായി പ്രഖ്യാപിക്കാൻ സിദെക്കീയാരാജാവ് യെരൂശലേമിലെ ജനങ്ങളുമായി ഒരു ഉടമ്പടി ചെയ്തു.

9 അതിനുശേഷം യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി, ഉടമ്പടി അനുസരിച്ച് ആരും തങ്ങളുടെ സഹോദരങ്ങളായ യെഹൂദരെ അടിമകളാക്കാൻ പാടില്ലായിരുന്നു.

10 സ്‍ത്രീപുരുഷന്മാരായ സകല അടിമകളെയും സ്വതന്ത്രരാക്കാമെന്നും, അവരെ വീണ്ടും അടിമകളാക്കുകയില്ലെന്നും ഉടമ്പടി ചെയ്ത സകല പ്രഭുക്കന്മാരും ജനങ്ങളും സമ്മതിച്ചു; അങ്ങനെ അവർ അടിമകളെ സ്വതന്ത്രരാക്കി.

11 പിന്നീട് അവരുടെ മനസ്സ് മാറി; അവർ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ വീണ്ടും അടിമകളാക്കി.

12 അപ്പോൾ യിരെമ്യാക്കു സർവേശ്വരനിൽനിന്ന് അരുളപ്പാടുണ്ടായി.

13 ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അടിമഗൃഹമായ ഈജിപ്തിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ ഞാൻ അവരുമായി ഉടമ്പടി ചെയ്തിരുന്നു.

14 അതനുസരിച്ച് എബ്രായ സഹോദരൻ തന്നെത്തന്നെ നിനക്കു വിൽക്കുകയും അവൻ ആറുവർഷം നിന്നെ സേവിക്കുകയും ചെയ്താൽ, ഏഴാം വർഷം അവനെ മോചിപ്പിക്കണം; നിനക്ക് അടിമവേല ചെയ്യുന്നതിൽ നിന്ന് അവനെ സ്വതന്ത്രനാക്കണം; എങ്കിലും നിങ്ങളുടെ പിതാക്കന്മാർ എന്റെ വാക്കു കേൾക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.

15 ഏതാനും ദിവസങ്ങൾക്കു മുമ്പ് നിങ്ങൾ അനുതപിക്കുകയും അയൽക്കാരുടെ സ്വാതന്ത്ര്യം പ്രഖാപിച്ചുകൊണ്ട് എനിക്കു ഹിതകരമായി പ്രവർത്തിക്കുകയും ചെയ്തു; എന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ആലയത്തിൽ വച്ച് എന്റെ സാന്നിധ്യത്തിൽ നിങ്ങൾ ഒരു ഉടമ്പടിയുമുണ്ടാക്കി.

16 എന്നാൽ നിങ്ങൾ പിന്തിരിയുകയും അവരുടെ ആഗ്രഹമനുസരിച്ചു നിങ്ങൾ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ തിരിച്ചെടുത്തു നിങ്ങൾ അവരെ വീണ്ടും അടിമകളാക്കുകയും എന്റെ നാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.

17 അതുകൊണ്ടു സർവേശ്വരൻ കല്പിക്കുന്നു: നിങ്ങൾ എന്നെ അനുസരിച്ചില്ല, നിങ്ങളുടെ സഹോദരനും അയൽക്കാരനും സ്വാതന്ത്ര്യം നല്‌കിയില്ല; ഇതാ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; വാളിനും മഹാമാരിക്കും ക്ഷാമത്തിനും ഇരയാകാനുള്ള സ്വാതന്ത്ര്യംതന്നെ; ലോകത്തിലുള്ള സകല ജനതകൾക്കും നിങ്ങൾ ഭീതിദവിഷയമായിത്തീരും.

18-19 കാളക്കുട്ടിയെ രണ്ടായി പിളർന്ന് അവയ്‍ക്കിടയിലൂടെ കടന്നുപോയി ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാതെ അതു ലംഘിച്ച സകല പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും പുരോഹിതരെയും ദേശത്തിലെ സകല ജനങ്ങളെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും;

20 അവർക്കു പ്രാണഹാനി വരുത്താൻ ശ്രമിക്കുന്നവരുടെ കൈയിൽതന്നെ; അവരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.

21 യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ പ്രഭുക്കന്മാരെയും ശത്രുക്കളുടെ കൈയിൽ ഏല്പിക്കും. അവരെ നിഗ്രഹിക്കാൻ നോക്കുന്നവരുടെയും നിങ്ങളിൽനിന്നു പിൻവാങ്ങിയ ബാബിലോൺരാജാവിന്റെ സൈന്യത്തിന്റെയും കൈയിൽതന്നെ. എന്റെ കല്പനയാൽ ഈ നഗരത്തിലേക്കു ഞാൻ ബാബിലോണ്യരെ മടക്കിവരുത്തും.

22 അവർ അതിനെതിരെ യുദ്ധം ചെയ്ത് അതിനെ പിടിച്ചടക്കി തീ വച്ചു ചുട്ടുകളയും; യെഹൂദാ നഗരങ്ങൾ ജനവാസമില്ലാതെ ശൂന്യമാകും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan