Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 28 - സത്യവേദപുസ്തകം C.L. (BSI)


യിരെമ്യായും ഹനന്യാപ്രവാചകനും

1 ആ വർഷംതന്നെ, അതായത് യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്റെ നാലാം വർഷം അഞ്ചാം മാസം, അസ്സൂറിന്റെ പുത്രനും ഗിബെയോനിൽ നിന്നുള്ള പ്രവാചകനുമായ ഹനന്യാ സർവേശ്വരന്റെ ആലയത്തിൽവച്ച്, പുരോഹിതന്മാരുടെയും സർവജനത്തിന്റെയും സാന്നിധ്യത്തിൽ എന്നോടു പറഞ്ഞു:

2 “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവിന്റെ നുകം ഞാൻ തകർത്തിരിക്കുന്നു.

3 ബാബിലോൺരാജാവായ നെബുഖദ്നേസർ ഇവിടെനിന്നു ബാബിലോണിലേക്കു കൊണ്ടുപോയ ദേവാലയത്തിലെ പാത്രങ്ങളെല്ലാം ഞാൻ രണ്ടുവർഷത്തിനകം ഈ സ്ഥലത്തേക്കു മടക്കിക്കൊണ്ടുവരും.

4 യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദയിൽനിന്നു പിടിച്ചുകൊണ്ടുപോയ എല്ലാ പ്രവാസികളെയും ഞാൻ ഈ സ്ഥലത്തു മടക്കിവരുത്തും; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്; ബാബിലോൺരാജാവിന്റെ നുകം ഞാൻ ഒടിക്കും.”

5 അപ്പോൾ യിരെമ്യാപ്രവാചകൻ, സർവേശ്വരന്റെ ആലയത്തിൽ നില്‌ക്കുന്ന പുരോഹിതന്മാരുടെയും സർവജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാ പ്രവാചകനോടു പറഞ്ഞു:

6 “ആമേൻ! സർവേശ്വരൻ അങ്ങനെ ചെയ്യുമാറാകട്ടെ; താങ്കൾ പ്രവചിച്ച വചനം യഥാർഥമാകാൻ അവിടുന്ന് ഇടയാക്കട്ടെ; അവിടുത്തെ ആലയത്തിൽ ബാബിലോണിലേക്കു കൊണ്ടുപോയ പാത്രങ്ങളോടൊപ്പം സകല പ്രവാസികളെയും ഈ സ്ഥലത്തേക്കു തിരിച്ചുകൊണ്ടുവരുമാറാകട്ടെ.

7 എങ്കിലും ഞാൻ താങ്കളോടും സർവജനത്തോടും പറയുന്നതു ശ്രദ്ധിക്കുക.

8 പുരാതനകാലംമുതൽ എനിക്കും താങ്കൾക്കും മുമ്പേ ഉണ്ടായിരുന്ന പ്രവാചകർ അനേകം ദേശങ്ങൾക്കും പ്രബല രാജ്യങ്ങൾക്കും എതിരെ യുദ്ധവും ക്ഷാമവും മഹാമാരിയും പ്രവചിച്ചു.

9 സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ പ്രവചിച്ച കാര്യങ്ങൾ സംഭവിച്ചു കഴിയുമ്പോൾ അയാൾ യഥാർഥത്തിൽ സർവേശ്വരനാൽ അയയ്‍ക്കപ്പെട്ടവനാണെന്നു തെളിയും.”

10 അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞു.

11 സർവജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാ പറഞ്ഞു; “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇതുപോലെ സർവജനതകളുടെയും കഴുത്തിൽ നിന്നു ബാബിലോൺ രാജാവായ നെബുഖദ്നേസർരാജാവിന്റെ നുകം രണ്ടു വർഷത്തിനുള്ളിൽ ഞാൻ ഒടിച്ചുകളയും.” പിന്നീട് യിരെമ്യാ പ്രവാചകൻ തന്റെ വഴിക്കുപോയി.

12 യിരെമ്യാപ്രവാചകന്റെ കഴുത്തിൽ ഇരുന്ന നുകം ഹനന്യാ ഒടിച്ചുകളഞ്ഞതിനുശേഷം യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി:

13 “ഹനന്യായോടു പോയി പറയുക: സർവേശ്വരൻ അരുളിച്ചെയ്യുന്നു; മരംകൊണ്ടുള്ള നുകം നീ ഒടിച്ചുകളഞ്ഞു; അതിനു പകരം ഇരുമ്പുകൊണ്ടുള്ള നുകം ഞാനുണ്ടാക്കും.

14 ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവായ നെബുഖദ്നേസറിനെ സേവിക്കുന്നതിനുവേണ്ടി അടിമത്തത്തിന്റെ ഇരുമ്പുനുകം ഞാൻ സകല ജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അയാളെ സേവിക്കും; കാട്ടിലെ മൃഗങ്ങളെപ്പോലും ഞാൻ അയാൾക്കു കൊടുത്തിരിക്കുന്നു.”

15 പിന്നീട് യിരെമ്യാപ്രവാചകൻ ഹനന്യാ പ്രവാചകനോടു പറഞ്ഞു: “ഹനന്യായേ ശ്രദ്ധിക്കുക; സർവേശ്വരൻ താങ്കളെ അയച്ചിട്ടില്ല; നീ ഈ ജനത്തെ അസത്യത്തിൽ ആശ്രയിക്കുമാറാക്കി.

16 അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഭൂമുഖത്തുനിന്നു ഞാൻ നിന്നെ നീക്കിക്കളയും; ഈ വർഷം തന്നെ നീ മരിക്കും; സർവേശ്വരനോടു മത്സരിക്കാൻ നീ ഈ ജനത്തെ പ്രേരിപ്പിച്ചു.”

17 അതേ വർഷം ഏഴാം മാസം ഹനന്യാ പ്രവാചകൻ മരിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan