Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 27 - സത്യവേദപുസ്തകം C.L. (BSI)


ബാബിലോണിന്റെ നുകം

1 യോശിയായുടെ പുത്രനും യെഹൂദാരാജാവുമായ സിദെക്കിയായുടെ ഭരണാരംഭത്തിൽ യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി.

2 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ അടിമക്കയറും നുകവുമുണ്ടാക്കി കഴുത്തിൽ വയ്‍ക്കുക.

3 എദോം, മോവാബ്, അമ്മോൻ, സോർ, സീദോൻ എന്നിവിടങ്ങളിലെ രാജാക്കന്മാർക്ക് യെഹൂദാരാജാവായ സിദെക്കീയായെ കാണാൻ യെരൂശലേമിൽ വന്ന അവരുടെ ദൂതന്മാർ വഴി സന്ദേശം അറിയിക്കുക.

4 തങ്ങളുടെ യജമാനന്മാർക്കായി ഈ സന്ദേശം നീ അവരെ അറിയിക്കണം; ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങളുടെ യജമാനന്മാരോട് ഇങ്ങനെ പറയുവിൻ.

5 “മഹാശക്തിയാലും ബലമുള്ള കരത്താലും ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്‍ടിച്ചതു ഞാനാണ്; എനിക്ക് ഉചിതമെന്നു തോന്നുന്നവനു ഞാൻ അതു നല്‌കും.

6 ഇപ്പോൾ ഈ ദേശങ്ങളെയെല്ലാം എന്റെ ദാസനും ബാബിലോണിലെ രാജാവുമായ നെബുഖദ്നേസർരാജാവിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; കാട്ടുമൃഗങ്ങൾ പോലും അവനെ സേവിക്കാൻ ഞാൻ ഇടയാക്കും.

7 സകല ജനതകളും അവനെയും അവന്റെ പുത്രനെയും പൗത്രനെയും അവന്റെ രാജ്യത്തിന്റെ പതനംവരെ സേവിക്കും; പിന്നീട് അനേകം ജനതകളും മഹാരാജാക്കന്മാരും ചേർന്ന് അവനെ അടിമയാക്കും.

8 ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോൺരാജാവായ നെബുഖദ്നേസർരാജാവിനെ സേവിക്കാതെയോ, ബാബിലോൺ രാജാവിന്റെ നുകത്തിനു കീഴിൽ തന്റെ കഴുത്തു വച്ചുകൊടുക്കാതെയോ ഇരുന്നാൽ, ഞാൻ അവരെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും. അവന്റെ കൈകളാൽ അവർ ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ അവ തുടരും.

9 അതുകൊണ്ട്, ബാബിലോൺ രാജാവിനെ നിങ്ങൾ സേവിക്കയില്ല എന്നു പറയുന്ന പ്രവാചകന്മാർക്കും പ്രശ്നക്കാർക്കും സ്വപ്നക്കാർക്കും ശകുനക്കാർക്കും ക്ഷുദ്രക്കാർക്കും നിങ്ങൾ ചെവി കൊടുക്കരുത്.

10 അവർ നിങ്ങളോടു പ്രവചിക്കുന്നതു നുണയാണ്; തത്ഫലമായി സ്വദേശത്തുനിന്നു നിങ്ങൾ വിദൂരദേശത്തേക്കു നീക്കപ്പെടും; ഞാൻ നിങ്ങളെ പുറത്താക്കും; നിങ്ങൾ നശിക്കും.

11 എന്നാൽ ഏതെങ്കിലും ജനത ബാബിലോൺരാജാവിന്റെ നുകത്തിനു കീഴിൽ തലവച്ചു രാജാവിനെ സേവിച്ചാൽ ഞാൻ അവരെ അവരുടെ ദേശത്തുതന്നെ വസിക്കുമാറാക്കും; അവർ കൃഷി ചെയ്ത് അവിടെ പാർക്കും.

12 യെഹൂദാരാജാവായ സിദെക്കീയായോടു ഞാൻ ഇതേ രീതിയിൽ സംസാരിച്ചു: “നിങ്ങളുടെ കഴുത്തുകൾ ബാബിലോൺരാജാവിന്റെ നുകത്തിനു കീഴിൽവച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുവിൻ; എന്നാൽ നിങ്ങൾ ജീവിക്കും.

13 ബാബിലോൺരാജാവിനെ സേവിക്കാത്ത ഏതൊരു ജനതയെ സംബന്ധിച്ചും സർവേശ്വരൻ അരുളിച്ചെയ്യുന്നതുപോലെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും നിങ്ങൾ എന്തിനു മരിക്കണം?

14 ബാബിലോൺരാജാവിനെ നിങ്ങൾ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കരുത്; അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണല്ലോ.

15 ഞാൻ അവരെ അയച്ചിട്ടില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; എന്റെ നാമത്തിൽ അവർ വ്യാജമായി സംസാരിക്കുകയാണ്; തത്ഫലമായി ഞാൻ നിങ്ങളെ ഓടിക്കും; നിങ്ങൾ നശിക്കും; നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചു പോകും.

16 പിന്നീട് പുരോഹിതന്മാരോടും സർവജനത്തോടും ഞാൻ പറഞ്ഞു; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ദേവാലയത്തിലെ പാത്രങ്ങൾ ബാബിലോണിൽനിന്ന് ഉടനെ മടക്കിക്കൊണ്ടുവരും എന്നു നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കരുത്; അവർ പ്രവചിക്കുന്നതു വ്യാജമാണ്.

17 അവരെ ശ്രദ്ധിക്കരുത്; ബാബിലോൺരാജാവിനെ സേവിച്ചുകൊണ്ടു ജീവിക്കുവിൻ. ഈ നഗരം എന്തിനു ശൂന്യമാകണം.

18 അവർ പ്രവാചകന്മാരാണെങ്കിൽ, സർവേശ്വരന്റെ വചനം അവരോടുകൂടെയുണ്ടെങ്കിൽ അവർ സർവശക്തനായ സർവേശ്വരനോട് അപേക്ഷിക്കട്ടെ; അങ്ങനെ അവിടുത്തെ ആലയത്തിലും യെഹൂദാരാജാവിന്റെ കൊട്ടാരത്തിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന പാത്രങ്ങൾ ബാബിലോണിലേക്ക് ഇനിയും കൊണ്ടുപോകാതിരിക്കട്ടെ.

19 യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദ്യയിലെയും യെരൂശലേമിലെയും സകല ശ്രേഷ്ഠന്മാരെയും പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയപ്പോൾ

20 ബാബിലോൺരാജാവ് എടുക്കാതെയിരുന്ന സ്തംഭങ്ങൾ, ജലസംഭരണികൾ, പീഠങ്ങൾ, ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന മറ്റു പാത്രങ്ങൾ എന്നിവയെക്കുറിച്ചു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.

21 ഇസ്രായേലിന്റെ ദൈവമായ സർവശക്തനായ സർവേശ്വരൻ അവിടുത്തെ ആലയത്തിലും യെഹൂദാ രാജാവിന്റെ ഗൃഹത്തിലും യെരൂശലേമിലും ശേഷിച്ചിട്ടുള്ള പാത്രങ്ങളെക്കുറിച്ചുതന്നെ അരുളിച്ചെയ്യുന്നു:

22 അവയെ ബാബിലോണിലേക്കു കൊണ്ടുപോകും; ഞാൻ ബാബിലോണ്യരെ ശിക്ഷിക്കുന്ന നാൾ വരെ അവ അവിടെയായിരിക്കും; പിന്നീട് ഞാൻ അവ മടക്കിക്കൊണ്ടുവന്ന് ഈ സ്ഥലത്തു പുനഃസ്ഥാപിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan