യിരെമ്യാവ് 24 - സത്യവേദപുസ്തകം C.L. (BSI)രണ്ടുകുട്ട അത്തിപ്പഴം 1 ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും അയാളോടൊപ്പം യെഹൂദായിലെ പ്രഭുക്കന്മാർ, കരകൗശലപ്പണിക്കാർ, ലോഹപ്പണിക്കാർ എന്നിവരെയും യെരൂശലേമിൽനിന്ന് ബാബിലോണിലേക്കു പിടിച്ചുകൊണ്ടുവന്നശേഷം സർവേശ്വരൻ എനിക്കൊരു ദർശനം കാണിച്ചുതന്നു. ഇതാ, രണ്ടു കുട്ട അത്തിപ്പഴം ദേവാലയത്തിനു മുമ്പിൽ ഇരിക്കുന്നു. 2 ഒരു കുട്ടയിൽ ആദ്യഫലങ്ങൾ പോലെയുള്ള നല്ല പഴങ്ങൾ; എന്നാൽ മറ്റേ കുട്ടയിൽ തിന്നാൻ പാടില്ലാത്തവിധം ചീത്തയായ അത്തിപ്പഴങ്ങളും. 3 “യിരെമ്യായേ, നീ എന്തു കാണുന്നു” എന്നു സർവേശ്വരൻ എന്നോടു ചോദിച്ചു; “അത്തിപ്പഴങ്ങൾ” എന്നു ഞാൻ മറുപടി പറഞ്ഞു; നല്ല പഴങ്ങൾ വളരെ നല്ലവയും ചീഞ്ഞ പഴങ്ങളാകട്ടെ, തിന്നാൻ കൊള്ളാത്തവിധം അത്ര മോശവും ആകുന്നു. 4 അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി. 5 “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: യെഹൂദാ ദേശത്തുനിന്നു ബാബിലോണിലേക്കു ഞാൻ അയച്ച പ്രവാസികളെ ഈ നല്ല അത്തിപ്പഴംപോലെ നന്നായി കരുതും. 6 ഞാൻ അവരെ കടാക്ഷിച്ച് അവർക്കു നന്മ വരുത്തും. ഈ ദേശത്തേക്കു ഞാൻ അവരെ മടക്കികൊണ്ടുവരും; ഞാൻ അവരെ പണിതുയർത്തും; അവരെ നശിപ്പിക്കയില്ല; ഞാൻ അവരെ നട്ടുപിടിപ്പിക്കും; പിഴുതുകളകയില്ല. 7 ഞാനാണു സർവേശ്വരൻ എന്നു ഗ്രഹിക്കുന്നതിനുള്ള ഹൃദയം ഞാനവർക്കു കൊടുക്കും; അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും; പൂർണഹൃദയത്തോടു കൂടിയാണല്ലോ അവർ എങ്കലേക്കു മടങ്ങിവരുന്നത്. 8 എന്നാൽ സർവേശ്വരൻ അരുളിച്ചെയ്യുന്നു: തിന്നാൻ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ, യെഹൂദാരാജാവായ സിദെക്കീയായെയും അവന്റെ പ്രഭുക്കന്മാരെയും ഈ ദേശത്ത് അവശേഷിച്ച് ഇവിടെ പാർക്കുന്ന യെരൂശലേംകാരെയും ഇവിടെനിന്ന് ഈജിപ്തിൽ പോയി പാർക്കുന്നവരെയും ഞാൻ കണക്കാക്കും. 9 ഭൂമിയിലെ സകല രാജ്യങ്ങൾക്കും അവർ ഒരു ഭീതിദവിഷയമാകും; ഞാൻ അവരെ ചിതറിക്കുന്ന ദേശങ്ങളിലെല്ലാം അവർ പരിഹാസത്തിനും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രമായിത്തീരും. 10 അവർക്കും അവരുടെ പിതാക്കന്മാർക്കും ഞാൻ നല്‌കിയ ദേശത്തുനിന്ന് അവർ നശിപ്പിക്കപ്പെടുന്നതുവരെ വാളും ക്ഷാമവും മഹാമാരിയും ഞാൻ അയയ്‍ക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India