യിരെമ്യാവ് 20 - സത്യവേദപുസ്തകം C.L. (BSI)പശ്ഹൂരുമായുള്ള വിവാദം 1 ഇമ്മേരിന്റെ പുത്രനും സർവേശ്വരന്റെ ആലയത്തിലെ മുഖ്യകാര്യവിചാരകനുമായ പശ്ഹൂർ പുരോഹിതൻ യിരെമ്യാ ഇപ്രകാരം പ്രവചിക്കുന്നതു കേട്ടു. 2 അദ്ദേഹം യിരെമ്യാ പ്രവാചകനെ അടിക്കുകയും ദേവാലയത്തിലേക്കുള്ള മുകളിലത്തെ ബെന്യാമീൻ കവാടത്തിൽ ആമത്തിലിടുകയും ചെയ്തു. 3 അടുത്തദിവസം പശ്ഹൂർ യിരെമ്യായെ ആമത്തിൽനിന്നു മോചിപ്പിച്ചപ്പോൾ അദ്ദേഹത്തോടു യിരെമ്യാ പറഞ്ഞു: “സർവേശ്വരൻ ഇനിയും നിന്നെ വിളിക്കുന്നതു പശ്ഹൂർ എന്നല്ല സർവത്രഭീതി എന്നായിരിക്കും. 4 അവിടുന്ന് അരുളിച്ചെയ്യുന്നു: “നിനക്കും നിന്റെ സ്നേഹിതർക്കും നിന്നെ ഞാൻ കൊടുംഭീതിയാക്കിത്തീർക്കും; നിന്റെ കൺമുമ്പിൽ വച്ചുതന്നെ അവർ ശത്രുക്കളുടെ വാളിന് ഇരയായിത്തീരും; യെഹൂദാ മുഴുവനെയും ഞാൻ ബാബിലോൺ രാജാവിന്റെ കൈയിൽ ഏല്പിക്കും; അയാൾ അവരെ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി സംഹരിക്കും. 5 മാത്രമല്ല നഗരത്തിലെ സർവസമ്പത്തും സകല നേട്ടങ്ങളും വിലപിടിപ്പുള്ള സകല വസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല നിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കൾക്കു കൊടുക്കും. അവർ അവ കൊള്ളയടിച്ചു ബാബിലോണിലേക്കു കൊണ്ടുപോകും. 6 പശ്ഹൂരേ, നീയും നിന്റെ ഭവനത്തിലുള്ള എല്ലാവരും ബാബിലോണിലേക്കു പ്രവാസികളായി പോകും. അവിടെ നീയും നിന്റെ വ്യാജപ്രവചനം കേട്ട സ്നേഹിതരും മരിച്ചു സംസ്കരിക്കപ്പെടും. യിരെമ്യായുടെ പരാതി 7 സർവേശ്വരാ, അവിടുന്ന് എന്നെ വഞ്ചിച്ചു; ഞാൻ വഞ്ചിതനായിരിക്കുന്നു; അവിടുന്നു എന്നെക്കാൾ ശക്തനാണ്; അങ്ങ് വിജയിച്ചിരിക്കുന്നു; ദിവസം മുഴുവനും ഞാൻ പരിഹാസപാത്രമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. 8 സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിക്കുന്നു; അക്രമം, നാശം എന്നു ഞാൻ അട്ടഹസിക്കുന്നു; അവിടുത്തെ വചനം എനിക്കു നിരന്തരം നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. 9 അങ്ങയെപ്പറ്റി ഞാൻ ചിന്തിക്കുകയോ അവിടുത്തെ നാമത്തിൽ സംസാരിക്കുകയോ ഇല്ല എന്നു ഞാൻ പറഞ്ഞാൽ കത്തുന്ന അഗ്നി അസ്ഥികൾക്കുള്ളിൽ അടയ്‍ക്കപ്പെട്ടിരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്; അതിനെ ഉള്ളിൽ അടക്കാൻ ശ്രമിച്ച് ഞാൻ തളർന്നിരിക്കുന്നു. എനിക്കിത് അസഹ്യമാണ്. അനേകം പേർ അടക്കം പറയുന്നതു ഞാൻ കേൾക്കുന്നു; 10 എല്ലായിടത്തും ഭീതി; കുറ്റം ആരോപിക്കാം; നമുക്കയാളുടെമേൽ കുറ്റം ആരോപിക്കാം എന്ന് എന്റെ വീഴ്ചയ്‍ക്കു കാത്തിരിക്കുന്ന ഉറ്റസ്നേഹിതന്മാരായിരുന്നവർ പോലും പറയുന്നു; ഒരുവേള അയാളെ വഞ്ചിക്കാൻ കഴിഞ്ഞേക്കാം. അപ്പോൾ നമുക്കയാളെ തോല്പിച്ചു പകരം വീട്ടാം. 11 വീരയോദ്ധാവിനെപ്പോലെ സർവേശ്വരൻ എന്റെ കൂടെയുണ്ട്; അതുകൊണ്ട് എന്നെ പീഡിപ്പിക്കുന്നവർ ഇടറിവീഴും; അവർ വിജയിക്കുകയില്ല. അങ്ങനെ അവർ ലജ്ജിതരാകും; അവരുടെ അപമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. 12 സർവശക്തനായ സർവേശ്വരാ, അവിടുന്നു മനുഷ്യനെ നീതിപൂർവം പരിശോധിച്ച് അവന്റെ ഹൃദയവും മനസ്സും കാണുന്നു; അവിടുന്ന് അവരോടു പ്രതികാരം ചെയ്യുന്നതു കാണാൻ എനിക്ക് ഇടവരുത്തണമേ; എന്റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാൻ സമർപ്പിച്ചിരിക്കുന്നത്. 13 സർവേശ്വരനു പാട്ടു പാടുവിൻ; സർവേശ്വരനെ സ്തുതിക്കുവിൻ; ദുഷ്ടരുടെ കൈയിൽനിന്ന് ദരിദ്രരുടെ ജീവൻ അവിടുന്നു രക്ഷിച്ചിരിക്കുന്നു. 14 ഞാൻ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ; എന്റെ അമ്മ എനിക്കു ജന്മം നല്‌കിയ ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 15 നിനക്ക് ഒരു പുത്രൻ ജനിച്ചിരിക്കുന്നു എന്ന വാർത്ത അറിയിച്ച് എന്റെ പിതാവിനെ ഏറ്റവും സന്തോഷിപ്പിച്ചവനും ശപിക്കപ്പെടട്ടെ. 16-17 സർവേശ്വരൻ നിർദാക്ഷിണ്യം നശിപ്പിച്ച പട്ടണങ്ങൾപോലെ അവൻ ആയിത്തീരട്ടെ; പ്രഭാതത്തിൽ നിലവിളിയും മധ്യാഹ്നത്തിൽ പോർവിളിയും അവൻ കേൾക്കട്ടെ. കാരണം, ഗർഭപാത്രത്തിൽ വച്ചുതന്നെ അവൻ എന്നെ കൊന്നുകളഞ്ഞില്ല; അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്റെ അമ്മ എന്റെ ശവക്കുഴിയും അവരുടെ ഗർഭപാത്രം എന്നേക്കും നിറഞ്ഞതും ആകുമായിരുന്നല്ലോ. 18 കഷ്ടതയും സങ്കടവും കാണാനും ലജ്ജിതനായി ആയുസ്സു കഴിക്കാനുമായി മാത്രം ഗർഭപാത്രത്തിൽനിന്നു ഞാൻ എന്തിനു പുറത്തുവന്നു? |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India