യിരെമ്യാവ് 19 - സത്യവേദപുസ്തകം C.L. (BSI)ഉടഞ്ഞ മൺകലം 1 സർവേശ്വരൻ അരുളിച്ചെയ്തു: “നീ കുശവന്റെ അടുക്കൽ ചെന്ന് ഒരു മൺകുടം വാങ്ങുക; ജനപ്രമാണികളിലും പുരോഹിതശ്രേഷ്ഠരിലും ചിലരെ കൂട്ടിക്കൊണ്ട് 2 ഹർസീത്ത് കവാടത്തിന്റെ പുറത്തുള്ള ബെൻ-ഹിന്നോം താഴ്‌വരയിൽ ചെന്ന് ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വചനം പ്രഖ്യാപിക്കുക. നീ ഇപ്രകാരം പറയണം, യെഹൂദാ രാജാക്കന്മാരേ, 3 യെരൂശലേംനിവാസികളേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുവിൻ, ഇസ്രായേലിന്റെ ദൈവമായ സർവശക്തിയുള്ള സർവേശ്വരൻ അരുളിച്ചെയ്യുന്നു: കേൾക്കുന്ന എല്ലാവരുടെയും ചെവി തരിപ്പിക്കുന്ന തരത്തിലുള്ള അനർഥം ഈ സ്ഥലത്തു ഞാൻ വരുത്താൻ പോകുന്നു. 4 കാരണം, ജനം എന്നെ ഉപേക്ഷിച്ചു; അവരോ അവരുടെ പിതാക്കന്മാരോ യെഹൂദാരാജാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്കു ധൂപമർപ്പിച്ച് ഈ സ്ഥലം അവർ അശുദ്ധമാക്കി; നിഷ്കളങ്കരുടെ രക്തംകൊണ്ട് അവർ ദേശം നിറച്ചു. 5 ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ അഗ്നിയിൽ ദഹിപ്പിക്കുന്നതിനു പൂജാഗിരികൾ അവർ പണിതു; അങ്ങനെയൊന്നു ഞാൻ ആജ്ഞാപിക്കുകയോ സംസാരിക്കുകയോ ചിന്തിക്കുക പോലുമോ ചെയ്തിരുന്നില്ല. 6 അതുകൊണ്ട് ഇവിടം, തോഫെത്ത് എന്നോ, ബെൻ-ഹിന്നോം താഴ്‌വര എന്നോ വിളിക്കപ്പെടാതെ കൊലയുടെ താഴ്‌വര എന്നു വിളിക്കപ്പെടുന്ന കാലംവരും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 7 യെഹൂദ്യയുടെയും യെരൂശലേമിന്റെയും ആലോചനകൾ ഈ സ്ഥലത്തുവച്ചു ഞാൻ നിഷ്ഫലമാക്കും; അവിടെ വസിക്കുന്നവർ ശത്രുക്കളുടെ വാളുകൊണ്ടും അവരെ നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കരങ്ങൾകൊണ്ടും മരിച്ചു വീഴും; അവരുടെ മൃതശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും വന്യമൃഗങ്ങൾക്കും ഞാൻ ആഹാരമായി നല്‌കും. 8 ഈ നഗരത്തെ ഞാൻ ഭീതിക്കും പരിഹാസത്തിനും പാത്രമാക്കും. അതിലൂടെ കടന്നുപോകുന്നവർ ഭയപ്പെടുകയും അതിലെ കെടുതികൾ കണ്ടു വിസ്മയിച്ചു ചൂളം വിളിക്കുകയും ചെയ്യും. 9 അവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്താൻ നോക്കുന്നവരും അവരെ വളയുകയും ഞെരുക്കുകയും ചെയ്യുമ്പോൾ അവർ തങ്ങളുടെ പുത്രീപുത്രന്മാരുടെയും തങ്ങളുടെ സ്നേഹിതരുടെയും മാംസം ഭക്ഷിക്കാൻ ഞാൻ ഇടവരുത്തും. 10 പിന്നീട്, നിന്റെ കൂടെ വന്നിരിക്കുന്നവരുടെ മുമ്പിൽ ആ മൺകുടം ഉടച്ചിട്ട് അവരോടു പറയണം: 11 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഒരിക്കലും നന്നാക്കാനാകാത്തവിധം ആ കുടം തകർന്നതുപോലെ ഈ ജനത്തെയും നഗരത്തെയും ഞാൻ തകർക്കും;” സംസ്കരിക്കുന്നതിനു മറ്റിടമില്ലാത്തതിനാൽ തോഫെത്തിൽ അവരെ സംസ്കരിക്കും. 12 ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഞാൻ ഇപ്രകാരം ചെയ്യും. ഈ നഗരത്തെ ഞാൻ തോഫെത്തിനു തുല്യമാക്കും. 13 യെരൂശലേമിലെ ഗൃഹങ്ങളും യെഹൂദാരാജാക്കന്മാരുടെ കൊട്ടാരങ്ങളും മട്ടുപ്പാവുകളിൽ വച്ച് ആകാശശക്തികൾക്കു ധൂപാർപ്പണം നടത്തുകയും അന്യദേവന്മാർക്കു പാനീയബലി അർപ്പിക്കുകയും ചെയ്ത സകല ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും. 14 പ്രവചിക്കുന്നതിനുവേണ്ടി സർവേശ്വരൻ തോഫെത്തിലേക്കയച്ച യിരെമ്യാ മടങ്ങിവന്നു; സർവേശ്വരന്റെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് സകലജനങ്ങളോടുമായി പറഞ്ഞു: 15 “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ നഗരത്തിന്മേലും അടുത്തുള്ള പട്ടണങ്ങളിന്മേലും വരുത്തുമെന്നു ഞാൻ പ്രഖ്യാപിച്ചിരുന്ന സകല അനർഥങ്ങളും ഞാൻ വരുത്തുകയാണ്; എന്റെ വാക്ക് അനുസരിക്കാതെ അവർ ദുശ്ശാഠ്യത്തോടെ ജീവിക്കുകയാണല്ലോ.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India