Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 13 - സത്യവേദപുസ്തകം C.L. (BSI)


അരക്കച്ച

1 സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “നീ പോയി ഒരു ചണവസ്ത്രം വാങ്ങി അരയ്‍ക്കു കെട്ടുക; അതു വെള്ളത്തിൽ മുക്കരുത്.”

2 അവിടുന്നു കല്പിച്ചതുപോലെ ഞാൻ പോയി, അരക്കച്ച വാങ്ങി, അരയ്‍ക്കു കെട്ടി.

3 അവിടുത്തെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി:

4 “നീ വാങ്ങി ധരിച്ചിരിക്കുന്ന അരക്കച്ചയുമായി യൂഫ്രട്ടീസ് നദീതീരത്തുപോയി, അവിടെയുള്ള പാറയിടുക്കിൽ അത് ഒളിച്ചുവയ്‍ക്കുക.”

5 സർവേശ്വരൻ കല്പിച്ചതുപോലെ ഞാൻ യൂഫ്രട്ടീസ്തീരത്തു ചെന്ന് അത് അവിടെ ഒളിച്ചുവച്ചു.

6 വളരെ ദിവസങ്ങൾക്കുശേഷം അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ എഴുന്നേറ്റ് യൂഫ്രട്ടീസ്തീരത്തു ചെന്നു ഞാൻ കല്പിച്ചപ്രകാരം നീ ഒളിച്ചുവച്ച അരക്കച്ച എടുക്കുക.”

7 അങ്ങനെ ഞാൻ അവിടെ ചെന്ന് അത് എടുത്തു. അതാകട്ടെ ഒന്നിനും കൊള്ളാത്തവിധം ജീർണിച്ചിരുന്നു.

8 അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി.

9 യെഹൂദായുടെ ഗർവും യെരൂശലേമിന്റെ ഔദ്ധത്യവും ഞാൻ ഇതുപോലെ നശിപ്പിക്കും.

10 എന്റെ വാക്ക് അനുസരിക്കാതെ ദുശ്ശാഠ്യത്തോടെ നടക്കുകയും അന്യദേവന്മാരുടെ പിന്നാലെ പോയി അവരെ സേവിച്ച് ആരാധിക്കുകയും ചെയ്യുന്ന ദുഷ്ടജനത്തെ ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെയാക്കും.

11 അരക്കച്ച ഒരുവന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ സർവ ഇസ്രായേൽഗൃഹവും, സർവ യെഹൂദാഗൃഹവും എന്നോടു പറ്റിച്ചേരുമാറാക്കി. അവർ എന്റെ ജനവും എന്റെ കീർത്തിയും എന്റെ അഭിമാനവും എന്റെ മഹത്ത്വവും ആയിത്തീരുന്നതിനുവേണ്ടി ആയിരുന്നു അത്. അവരാകട്ടെ അതു ശ്രദ്ധിച്ചില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


തോല്‌ക്കുടങ്ങൾ

12 നീ അവരോടു പറയുക; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും; അപ്പോൾ അവർ നിന്നോടു പറയും, എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും എന്നു ഞങ്ങൾക്കറിഞ്ഞുകൂടേ?

13 അപ്പോൾ നീ അവരോടു പറയണം: “സർവേശ്വരൻ അരുളിച്ചെയ്യുന്നു; ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാർ, പുരോഹിതന്മാർ, പ്രവാചകർ, സർവ യെരൂശലേംനിവാസികൾ എന്നീ ദേശവാസികളെയെല്ലാം ഞാൻ ലഹരികൊണ്ട് ഉന്മത്തരാക്കും.

14 ഞാൻ അവരെ തമ്മിൽ തമ്മിലും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും കൂട്ടിയടിപ്പിച്ചു നശിപ്പിക്കുമാറാക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാൻ ആരോടും ദയ കാണിക്കയില്ല; ആരെയും വെറുതേ വിടുകയില്ല, ആരോടും കരുണ കാണിക്കയുമില്ല. ഞാൻ അവരെയെല്ലാം നശിപ്പിക്കും.”


അഹങ്കാരത്തിനെതിരെ മുന്നറിയിപ്പ്

15 നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ, അഹങ്കരിക്കരുത്; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്.

16 ഞാൻ അന്ധകാരം വരുത്തും മുമ്പേ, അന്ധകാരാവൃതമായ പർവതങ്ങളിൽ നിങ്ങളുടെ കാലിടറും മുമ്പേ, നിങ്ങളുടെ ദൈവമായ സർവേശ്വരനു മഹത്ത്വം നല്‌കുവിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ തന്നെ അവിടുന്ന് അതിനെ മരണത്തിന്റെ കരിനിഴലും കൂരിരുട്ടുമാക്കും.

17 നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അഹങ്കാരത്തെക്കുറിച്ച് എന്റെ ആത്മാവ് രഹസ്യമായി കേഴും; സർവേശ്വരൻ ആട്ടിൻകൂട്ടത്തെ അടിമത്തത്തിലേക്കു കൊണ്ടുപോയിരിക്കുന്നതിനാൽ ഞാൻ ഹൃദയം നൊന്തു കരയും; കണ്ണുനീർ ധാരധാരയായി ഒഴുകും.

18 രാജാവിനോടും രാജമാതാവിനോടും പറയുക: “നിന്റെ മനോഹരമായ കിരീടം ശിരസ്സിൽനിന്നു വീണുപോയിരിക്കുന്നതുകൊണ്ടു സിംഹാസനത്തിൽ നിന്നിറങ്ങി താഴെ ഇരിക്കുക.”

19 നെഗബിലെ നഗരങ്ങൾ ഉപരോധിക്കപ്പെട്ടിരിക്കയാണ്; അവ ഭേദിക്കാൻ ആരുമില്ല. യെഹൂദായിലെ എല്ലാ ജനങ്ങളെയും പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു.

20 യെരൂശലേമേ, നിന്റെ കണ്ണുകളുയർത്തി വടക്കുനിന്നു വരുന്നവരെ കാണുക; നിന്നെ ഏല്പിച്ചിരുന്ന നിന്റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ?

21 സുഹൃത്തുക്കളെന്നു കരുതിയിരുന്നവർ നിന്നെ തോല്പിച്ചു നിന്നെ ഭരിക്കുമ്പോൾ നീ എന്തു പറയും? ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ നീ വേദനപ്പെടുകയില്ലേ?

22 “എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നീ സ്വയം ചോദിച്ചേക്കാം; നിന്റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവർ നിന്റെ വസ്ത്രമുരിഞ്ഞു നിന്നെ അപമാനിച്ചത്.

23 എത്യോപ്യനു തന്റെ തൊലിയോ പുള്ളിപ്പുലിക്ക് അതിന്റെ പുളളിയോ മാറ്റാൻ കഴിയുമോ? എങ്കിൽ മാത്രമേ തിന്മചെയ്യാൻ മാത്രം ശീലിച്ച നിനക്കു നന്മ ചെയ്യാൻ കഴിയുകയുള്ളൂ.

24 മരുഭൂമിയിൽനിന്നു വീശുന്ന കാറ്റിൽ പറക്കുന്ന പതിരുപോലെ ഞാൻ നിങ്ങളെ ചിതറിക്കും.

25 നീ എന്നെ മറന്ന് വ്യർഥകാര്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു നിനക്കു ലഭിച്ചിരിക്കുന്ന അവകാശവും ഞാൻ നിനക്ക് അളന്നു തന്നിരിക്കുന്ന ഓഹരിയും ഇതാണ്.

26 ഞാൻ നിന്റെ ഉടുതുണി നിന്റെ മുഖം വരെ ഉയർത്തും. അങ്ങനെ നിന്റെ നഗ്നത വെളിവാകും. നിന്റെ മ്ലേച്ഛതകൾ ഞാൻ കണ്ടിരിക്കുന്നു,

27 നിന്റെ വ്യഭിചാരവും മദഗർജനവും കാമാർത്തമായ വേശ്യാവൃത്തിയും കുന്നുകളിലും വയലുകളിലും ഞാൻ കണ്ടു; യെരൂശലേമേ, നിനക്കു ദുരിതം! നീ ശുദ്ധയാകാൻ എത്രകാലം വേണ്ടിവരും?”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan