Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 1 - സത്യവേദപുസ്തകം C.L. (BSI)

1 ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതരിൽ ഒരാളായ ഹില്‌ക്കിയായുടെ മകൻ യിരെമ്യായുടെ വാക്കുകൾ:

2 ആമോന്റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാമാണ്ടിൽ സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കു ലഭിച്ചു.

3 യെഹൂദാരാജാവായ യോശീയായുടെ പുത്രൻ യെഹോയാക്കീമിന്റെ ഭരണകാലത്തും യോശീയായുടെ പുത്രൻ സെദെക്കിയായുടെ ഭരണത്തിന്റെ പതിനൊന്നാം വർഷം അവസാനംവരെയും അതായത് അഞ്ചാംമാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോകുംവരെ സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കു ലഭിച്ചുകൊണ്ടിരുന്നു.


യിരെമ്യായെ വിളിക്കുന്നു

4 സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു:

5 “ഗർഭപാത്രത്തിൽ നിനക്കു രൂപം നല്‌കുന്നതിനു മുമ്പു ഞാൻ നിന്നെ അറിഞ്ഞു; ഉദരത്തിൽനിന്നു പുറത്തുവരുന്നതിനു മുമ്പുതന്നെ നിന്നെ ഞാൻ വേർതിരിച്ച് ജനതകൾക്കു പ്രവാചകനായി നിയമിച്ചു.”

6 അപ്പോൾ ഞാൻ പറഞ്ഞു: “ദൈവമായ സർവേശ്വരാ, എനിക്കു സംസാരിക്കുവാൻ വശമില്ല, ഞാൻ ബാലനാണല്ലോ.”

7 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “വെറും ബാലനെന്നു നീ പറയരുത്; ഞാൻ അയയ്‍ക്കുന്ന എല്ലാവരുടെയും അടുത്തേക്കു നീ പോകണം; ഞാൻ കല്പിക്കുന്നതെല്ലാം നീ സംസാരിക്കണം.

8 അവരെ നീ ഭയപ്പെടേണ്ടാ; നിന്നെ രക്ഷിക്കാൻ ഞാൻ നിന്നോടു കൂടെയുണ്ട്; സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്.”

9 പിന്നീട് അവിടുന്നു കൈ നീട്ടി എന്റെ അധരത്തിൽ തൊട്ടുകൊണ്ടു പറഞ്ഞു: “എന്റെ വചനം നിന്റെ നാവിൽ നിക്ഷേപിച്ചിരിക്കുന്നു.

10 പിഴുതെറിയാനും ഇടിച്ചുകളയാനും നശിപ്പിക്കാനും മറിച്ചുകളയാനും പണിതുയർത്താനും നടാനും ജനതകളുടെയും രാജ്യങ്ങളുടെയുംമേൽ ഞാൻ നിനക്ക് അധികാരം നല്‌കിയിരിക്കുന്നു.”


രണ്ടു ദർശനങ്ങൾ

11 സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “യിരെമ്യായേ, നീ എന്തു കാണുന്നു” എന്ന് എന്നോടു ചോദിച്ചു. “ജാഗ്രത് വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു” എന്നു ഞാൻ പ്രതിവചിച്ചു;

12 അപ്പോൾ അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ കണ്ടതു ശരി, എന്റെ വചനം നിറവേറ്റാൻ ഞാൻ ജാഗ്രതയോടിരിക്കുന്നു.”

13 സർവേശ്വരന്റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: “നീ എന്തു കാണുന്നു” എന്ന് എന്നോടു ചോദിച്ചു; ഞാൻ പറഞ്ഞു: “തിളയ്‍ക്കുന്ന ഒരു പാത്രം തെക്കോട്ടു ചരിയുന്നതു ഞാൻ കാണുന്നു.”

14 അപ്പോൾ അവിടുന്ന് എന്നോടരുളിച്ചെയ്തു: “വടക്കുനിന്നു സകല ദേശവാസികളുടെയുംമേൽ അനർഥം തിളച്ചൊഴുകും.”

15 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഉത്തരദിക്കിലെ രാജവംശങ്ങളെയെല്ലാം ഞാൻ വിളിക്കും; അവർ വന്നു യെരൂശലേമിന്റെ പ്രവേശനകവാടങ്ങളിലും ചുറ്റുമുള്ള മതിലുകൾക്കും യെഹൂദ്യയിലെ എല്ലാ നഗരങ്ങൾക്കു മുമ്പിലും സിംഹാസനങ്ങൾ സ്ഥാപിക്കും.

16 തങ്ങളുടെ ദുഷ്ടത നിമിത്തം എന്റെ ജനം എന്നെ നിരസിച്ചു; ഞാൻ അവരുടെമേൽ ശിക്ഷാവിധി പ്രസ്താവിക്കും; അവർ അന്യദേവന്മാർക്കു ധൂപം അർപ്പിക്കുകയും സ്വന്തം കൈകളുടെ സൃഷ്‍ടികളെ ആരാധിക്കുകയും ചെയ്തുവല്ലോ.

17 എന്നാൽ നീ അരമുറുക്കി ഞാൻ കല്പിക്കുന്നതെല്ലാം അവരോടു പറയുക; അവരെ നീ ഭയപ്പെടേണ്ടാ, ഭയപ്പെട്ടാൽ അവരുടെ മുമ്പിൽവച്ചു ഞാൻ നിന്നെ പരിഭ്രാന്തനാക്കും.

18 യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും അതിലെ ജനങ്ങൾക്കും എന്നല്ല ഈ ദേശത്തുള്ള എല്ലാവർക്കും എതിരെ നില്‌ക്കാൻവേണ്ടി ഇന്നു ഞാൻ നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി ഉറപ്പിച്ചിരിക്കുന്നു.

19 അവർ നിന്നോടു യുദ്ധം ചെയ്യും; പക്ഷേ ജയിക്കയില്ല. നിന്റെ രക്ഷയ്‍ക്കു ഞാൻ കൂടെയുണ്ടല്ലോ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan