Biblia Todo Logo
Bìoball air-loidhne

- Sanasan -

ന്യായാധിപന്മാർ 21 - സത്യവേദപുസ്തകം C.L. (BSI)


ബെന്യാമീന്യർക്കു ഭാര്യമാർ

1 “ഞങ്ങളിൽ ആരും പെൺമക്കളെ ബെന്യാമീൻഗോത്രക്കാർക്കു വിവാഹംചെയ്തു കൊടുക്കുകയില്ല” എന്ന് ഇസ്രായേല്യർ മിസ്പായിൽ ഒന്നിച്ചുകൂടി പ്രതിജ്ഞ എടുത്തിരുന്നു.

2 അവർ ബേഥേലിൽ ദൈവസന്നിധിയിൽ ചെന്നു സന്ധ്യവരെ ഉറക്കെ കരഞ്ഞു.

3 അവർ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, ഇസ്രായേലിൽ ഒരു ഗോത്രം ഇല്ലാതാകാൻ തക്കവിധം ഇങ്ങനെ സംഭവിച്ചതു എന്ത്?”

4 ജനം അടുത്ത പ്രഭാതത്തിൽ ഒരു യാഗപീഠം പണിത് അതിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.

5 “മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വരാത്ത ഏതെങ്കിലും ഗോത്രക്കാരുണ്ടോ” എന്നു ഇസ്രായേൽജനം ചോദിച്ചു. അവിടുത്തെ സന്നിധിയിൽ വരാത്തവനെ കൊന്നുകളയണമെന്നു മിസ്പായിൽ വച്ച് അവർ ശപഥം ചെയ്തിരുന്നു.

6 തങ്ങളുടെ സഹോദരന്മാരായ ബെന്യാമീൻഗോത്രക്കാരെക്കുറിച്ച് ഇസ്രായേല്യർക്ക് അനുകമ്പ തോന്നി. “ഇസ്രായേലിൽ ഒരു ഗോത്രം അറ്റുപോയിരിക്കുന്നു എന്ന്” അവർ പറഞ്ഞു.

7 “ശേഷിച്ചിരിക്കുന്ന ബെന്യാമീന്യർക്കു ഭാര്യമാരെ ലഭിക്കാൻ നാം എന്തു ചെയ്യണം? നമ്മുടെ പുത്രിമാരെ അവർക്കു ഭാര്യമാരായി കൊടുക്കുകയില്ല എന്നു നാം ശപഥം ചെയ്തിട്ടുണ്ടല്ലോ.”

8 “ഇസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വരാത്ത ഏതെങ്കിലും വിഭാഗമുണ്ടോ എന്നവർ അന്വേഷിച്ചു. ‘ഗിലെയാദിലെ യാബേശിൽനിന്നു സമ്മേളനത്തിൽ പങ്കെടുക്കാൻ ആരും വന്നിട്ടില്ല എന്നു മനസ്സിലായി.

9 ജനത്തെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ഗിലെയാദിലെ യാബേശ്നിവാസികളിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല.

10 അതുകൊണ്ട് ആ സമ്മേളനത്തിൽ വച്ച് യുദ്ധവീരന്മാരായ പന്തീരായിരം ആളുകളെ അവിടേക്കു നിയോഗിച്ചുകൊണ്ടു കല്പിച്ചു: “സ്‍ത്രീകളും കുട്ടികളുമടക്കം ഗിലെയാദിലെ യാബേശിലുള്ള എല്ലാവരെയും വാളുകൊണ്ടു സംഹരിക്കണം.

11 നിങ്ങൾ ഇങ്ങനെയാണു ചെയ്യേണ്ടത്: സകല പുരുഷന്മാരെയും പുരുഷസംഗമം ഉണ്ടായിട്ടുള്ള എല്ലാ സ്‍ത്രീകളെയും നശിപ്പിക്കണം.”

12 അവർ ഗിലെയാദിലെ യാബേശ്നിവാസികളിൽ പുരുഷനോടൊത്തു ശയിക്കാത്ത നാനൂറു കന്യകമാരെ കണ്ടെത്തി; അവരെ കനാൻദേശത്തു ശീലോവിലെ പാളയത്തിൽ കൊണ്ടുവന്നു.

13 പിന്നീട് സമൂഹം മുഴുവൻ ചേർന്നു രിമ്മോൻ പാറയിൽ പാർത്തിരുന്ന ബെന്യാമീന്യരുടെ അടുക്കൽ ആളയച്ചു സമാധാനസന്ദേശം അറിയിച്ചു.

14 ബെന്യാമീൻഗോത്രക്കാർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിൽനിന്നു കൂട്ടിക്കൊണ്ടുവന്ന കന്യകമാരെ അവർക്കു ഭാര്യമാരായി നല്‌കി. എങ്കിലും എല്ലാവർക്കും തികഞ്ഞില്ല;

15 ബെന്യാമീന്യർക്കും മറ്റ് ഇസ്രായേൽഗോത്രങ്ങൾക്കും ഇടയിൽ സർവേശ്വരൻ ഒരു വിടവുണ്ടാക്കിയതുകൊണ്ട് ഇസ്രായേൽജനം ബെന്യാമീന്യരെ കുറിച്ച് സഹതപിച്ചു.

16 “ശേഷിച്ചവർക്കുകൂടി ഭാര്യമാരെ ലഭിക്കുന്നതിനു നാം എന്താണു ചെയ്യേണ്ടത്? ബെന്യാമീൻഗോത്രത്തിൽ ഇനിയും സ്‍ത്രീകളില്ലല്ലോ” എന്നു ജനനേതാക്കന്മാർ പറഞ്ഞു.

17 അവർ തുടർന്നു: “ഇസ്രായേലിൽനിന്ന് ഒരു ഗോത്രം തുടച്ചുനീക്കപ്പെടാതിരിക്കാൻ ബെന്യാമീൻഗോത്രത്തിന്റെ നിലനില്പിന് നാം എന്തെങ്കിലും മാർഗം കണ്ടുപിടിക്കണം.

18 ‘ബെന്യാമീൻഗോത്രക്കാർക്കു ഭാര്യമാരെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന് ഇസ്രായേൽജനം ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് നമ്മുടെ പുത്രിമാരെ അവർക്കു നല്‌കുക സാധ്യമല്ല.”

19 അതുകൊണ്ട് അവർ പറഞ്ഞു: “ശിലോവിൽവച്ച് വർഷംതോറും നടത്താറുള്ള സർവേശ്വരന്റെ ഉത്സവം അടുത്തുവരുന്നല്ലോ.” ബേഥേലിനു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിയുടെ കിഴക്കും ലെബോനയ്‍ക്കു തെക്കും ആയിക്കിടന്നിരുന്ന സ്ഥലമായിരുന്നു ശീലോവ്.

20 അവർ ബെന്യാമീന്യരോടു നിർദ്ദേശിച്ചു: “നിങ്ങൾ മുന്തിരിത്തോട്ടങ്ങളിൽ പതിയിരിക്കണം;

21 ശീലോവിലെ യുവതികൾ ഉത്സവസമയത്തു നൃത്തം ചെയ്യാൻ വരുമ്പോൾ നിങ്ങൾ പുറത്തുവന്ന് ഓരോരുത്തനും ഓരോ സ്‍ത്രീയെ ബലമായി പിടിച്ചു സ്വദേശത്തേക്കു കൊണ്ടുപൊയ്‍ക്കൊള്ളുക.

22 അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളുടെ അടുക്കൽ വന്നു പരാതിപ്പെട്ടാൽ ഞങ്ങൾ പറയും: അവരോടു ക്ഷമിക്കുക; യുദ്ധത്തിൽ നാം അവർക്കോരോരുത്തനും വേണ്ടി സ്‍ത്രീകളെ കൈവശപ്പെടുത്തിയില്ലല്ലോ; നിങ്ങൾ അവർക്ക് ഭാര്യമാരെ കൊടുത്തതുമില്ല; കൊടുത്തിരുന്നെങ്കിൽ നിങ്ങൾ കുറ്റക്കാരാകുമായിരുന്നു.”

23 ബെന്യാമീന്യർ അപ്രകാരംതന്നെ പ്രവർത്തിച്ചു; തങ്ങളുടെ എണ്ണത്തിനനുസരിച്ചു നൃത്തം ചെയ്യാൻ വന്ന യുവതികളിൽനിന്നു ഭാര്യമാരെ പിടിച്ചുകൊണ്ടുപോയി; തങ്ങളുടെ അവകാശദേശത്തു മടങ്ങിച്ചെന്നു പട്ടണങ്ങൾ പുതുക്കിപ്പണിത് അവിടെ പാർത്തു.

24 ഇസ്രായേൽജനം അവിടെനിന്നു മടങ്ങി; ഓരോരുത്തനും അവനവന്റെ ഗോത്രത്തിലേക്കും കുടുംബത്തിലേക്കും മടങ്ങിപ്പോയി അവനവന്റെ അവകാശഭൂമിയിൽ പാർത്തു.

25 അക്കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan