ന്യായാധിപന്മാർ 19 - സത്യവേദപുസ്തകം C.L. (BSI)ലേവ്യനും അവന്റെ ഉപഭാര്യയും 1 ഇസ്രായേലിൽ രാജാവില്ലാതിരുന്ന ആ കാലത്ത് എഫ്രയീം മലനാട്ടിന്റെ ഉൾപ്രദേശത്തു ഒരു ലേവ്യൻ വന്നു പാർത്തിരുന്നു; യെഹൂദ്യയിലെ ബേത്‍ലഹേംകാരിയായ ഒരു സ്‍ത്രീയെ ഉപഭാര്യയായി അയാൾ സ്വീകരിച്ചിരുന്നു. 2 എന്നാൽ അവൾ അയാളോടു പിണങ്ങി ബേത്‍ലഹേമിലുള്ള പിതൃഭവനത്തിൽ പോയി അവിടെ നാലു മാസം പാർത്തു. 3 അവളെ അനുനയപൂർവം മടക്കിക്കൊണ്ടു വരുവാൻ അയാൾ അവളുടെ വീട്ടിലേക്കു പുറപ്പെട്ടു. ഒരു ഭൃത്യനും ഒരു ജോഡി കഴുതകളും കൂടെ ഉണ്ടായിരുന്നു; അവർ അവിടെ ചെന്നപ്പോൾ അവളുടെ പിതാവ് അവരെ സസന്തോഷം സ്വീകരിച്ചു. 4 അയാളുടെ നിർബന്ധംകൊണ്ട് ആ ലേവ്യൻ മൂന്നു ദിവസം അവിടെ പാർത്തു. അവർ അങ്ങനെ തിന്നും കുടിച്ചും രാത്രികൾ കഴിച്ചു; 5 നാലാം ദിവസം അതിരാവിലെ അയാൾ എഴുന്നേറ്റു യാത്രയ്‍ക്കൊരുങ്ങി. അപ്പോൾ അവളുടെ പിതാവ് പറഞ്ഞു: “അല്പം ഭക്ഷണം കഴിച്ച് ഉന്മേഷവാനായി നിനക്കു പോകാം.” 6 അവർ ഒരുമിച്ചിരുന്നു ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു. പിന്നീട് അയാൾ ലേവ്യനോടു പറഞ്ഞു: “ഈ രാത്രിയും ഇവിടെ പാർത്ത് നീ സന്തോഷിക്കുക.” 7 അയാൾ പോകാൻ എഴുന്നേറ്റെങ്കിലും ആ യുവതിയുടെ പിതാവ് വീണ്ടും നിർബന്ധിച്ചതുകൊണ്ട് അന്നും അവിടെ താമസിച്ചു. 8 അഞ്ചാം ദിവസവും പ്രഭാതത്തിൽ അയാൾ പോകാൻ ഒരുങ്ങി; “ഭക്ഷണം കഴിച്ച് ഉന്മേഷവാനായി വെയിലാറിയിട്ടു പോകാം” എന്നു യുവതിയുടെ പിതാവ് പറഞ്ഞു; അവർ ഒന്നിച്ചു ഭക്ഷണം കഴിച്ചു. 9 ലേവ്യനും അയാളുടെ ഉപഭാര്യയും ഭൃത്യനും യാത്രയ്‍ക്കായി എഴുന്നേറ്റു. അപ്പോൾ “നേരം സന്ധ്യയായല്ലോ; ഇവിടെത്തന്നെ രാപാർത്ത് ഉല്ലാസമായി കഴിയൂ; നാളെ അതിരാവിലെ എഴുന്നേറ്റു നിന്റെ വീട്ടിലേക്കു പോകാം” എന്ന് അവളുടെ പിതാവു പറഞ്ഞു. 10 എന്നാൽ അയാൾ അതിനു വിസമ്മതിച്ചു. അവർ യാത്ര പുറപ്പെട്ട് യെബൂസിന് എതിർവശത്തെത്തി. തന്റെ ഉപഭാര്യയും ഭൃത്യനും ജീനിയിട്ട രണ്ടു കഴുതകളും അയാളുടെ കൂടെ ഉണ്ടായിരുന്നു. 11 അയാൾ യെബൂസിനു സമീപത്തെത്തിയപ്പോൾ നേരം വളരെ വൈകിയിരുന്നു; ഭൃത്യൻ ലേവ്യനോടു പറഞ്ഞു: “യെബൂസ്യരുടെ ഈ പട്ടണത്തിൽ നമുക്കു രാത്രികഴിക്കാം.” 12 അയാൾ ഇങ്ങനെ മറുപടി പറഞ്ഞു: “ഇസ്രായേല്യരുടേതല്ലാത്ത ഈ വിജാതീയപട്ടണത്തിൽ നമുക്കു പാർത്തുകൂടാ; നമുക്കു ഗിബെയായിലേക്കു പോകാം.” 13 അയാൾ തുടർന്നു “ഈ കാണുന്ന പട്ടണങ്ങളിൽ ഏതിലേക്കെങ്കിലും നമുക്കു പോകാം; ഗിബെയായിലോ, രാമായിലോ രാത്രികഴിക്കാം.” 14 അവർ യാത്ര തുടർന്നു; ബെന്യാമീന്യരുടെ പട്ടണമായ ഗിബെയായ്‍ക്കു സമീപമെത്തി. അപ്പോൾ സൂര്യൻ അസ്തമിച്ചിരുന്നു. 15 രാപാർക്കുന്നതിന് അവർ ഗിബെയായിൽ പ്രവേശിച്ചു; അവിടെ ആരും അവരെ സ്വീകരിക്കാഞ്ഞതിനാൽ പട്ടണത്തിലെ തുറസ്സായ ഒരു സ്ഥലത്ത് അവർ ഇരുന്നു. 16 അപ്പോൾ ഒരു വൃദ്ധൻ വയലിൽനിന്ന് ജോലി കഴിഞ്ഞു മടങ്ങിവന്നു. അയാൾ എഫ്രയീം മലനാട്ടുകാരനും അവിടെ വന്നുപാർക്കുന്നവനുമായിരുന്നു; ബെന്യാമീൻഗോത്രക്കാരാണ് അവിടെ പാർത്തിരുന്നത്. 17 പട്ടണത്തിലെ തുറസ്സായ സ്ഥലത്ത് ഒരു വഴിയാത്രക്കാരൻ ഇരിക്കുന്നതു കണ്ട് ആ വൃദ്ധൻ ചോദിച്ചു: “താങ്കൾ എവിടേക്കു പോകുന്നു? എവിടെനിന്നു വരുന്നു?” 18 അയാൾ പറഞ്ഞു: “എഫ്രയീം മലനാട്ടിലേക്കു പോകുകയാണ്. അതാണ് എന്റെ നാട്; ഞാൻ യെഹൂദ്യയിലെ ബേത്‍ലഹേമിലേക്കു പോയിരുന്നു; ഇപ്പോൾ എന്റെ വീട്ടിലേക്ക് മടങ്ങിപ്പോകുകയാണ്. എന്നാൽ ഈ രാത്രി കഴിച്ചുകൂട്ടുന്നതിന് ഇവിടെ ആരും എന്നെ സ്വീകരിക്കുന്നില്ല. 19 ഞങ്ങളുടെ കഴുതകൾക്കാവശ്യമായ വൈക്കോലും തീറ്റയും ഞങ്ങളുടെ കൈവശമുണ്ട്; എനിക്കും എന്റെ ഉപഭാര്യക്കും ഭൃത്യനും ആവശ്യമായ അപ്പവും വീഞ്ഞും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഞങ്ങളുടെ കൈയിലുണ്ട്.” 20 വൃദ്ധൻ പറഞ്ഞു: “വിഷമിക്കേണ്ടാ, നിനക്ക് ആവശ്യമുള്ളതെല്ലാം ഞാൻ നല്‌കാം. ഈ തുറസ്സായ സ്ഥലത്ത് രാപാർക്കരുത്.” 21 വൃദ്ധൻ അവരെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; കഴുതകൾക്കു തീറ്റകൊടുത്തു; അവർ കൈകാലുകൾ കഴുകി ഭക്ഷണപാനീയങ്ങൾ കഴിച്ചു. 22 അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ പട്ടണത്തിലെ ചില നീചന്മാർ വീടു വളഞ്ഞു. വാതിലിൽ തട്ടി. അവർ വൃദ്ധനായ വീട്ടുടമയോടു പറഞ്ഞു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്തുവിടുക; ഞങ്ങൾ അവനോടൊത്തു രമിക്കട്ടെ.” 23 വൃദ്ധൻ പുറത്തുവന്ന് അവരോടു പറഞ്ഞു: “എന്റെ സഹോദരന്മാരേ, അങ്ങനെയരുത്; ഈ തിന്മ നിങ്ങൾ ചെയ്യരുത്; ഈ മനുഷ്യൻ എന്റെ അതിഥിയാണ്. ഇയാളോടു നീചമായി പ്രവർത്തിക്കരുത്. 24 ഇതാ, എന്റെ കന്യകയായ പുത്രിയും ഈ മനുഷ്യന്റെ ഉപഭാര്യയും. നിങ്ങളുടെ ഇഷ്ടംപോലെ ഇവരോടു പ്രവർത്തിച്ചുകൊള്ളുക; ഈ മനുഷ്യനോടു ഹീനമായി പെരുമാറരുത്.” 25 എന്നാൽ അയാൾ പറഞ്ഞത് അവർ ശ്രദ്ധിച്ചില്ല; ലേവ്യൻ തന്റെ ഉപഭാര്യയെ അവർക്കു വിട്ടുകൊടുത്തു; രാത്രി മുഴുവൻ അവർ അവളെ ബലാൽക്കാരം ചെയ്തു. 26 പ്രഭാതമായപ്പോൾ അവർ അവളെ വിട്ടയച്ചു; ഉടനെ അവൾ തന്റെ ഭർത്താവു പാർത്തിരുന്ന വൃദ്ധന്റെ വീട്ടുപടിക്കൽ വന്നു തളർന്നു കിടന്നു. 27 രാവിലെ എഴുന്നേറ്റു യാത്രയ്‍ക്കുവേണ്ടി ലേവ്യൻ വാതിൽ തുറന്നപ്പോൾ അവൾ കട്ടിളപ്പടിമേൽ കൈ വച്ചു കിടക്കുന്നതു കണ്ടു. 28 അവൻ അവളോടു പറഞ്ഞു: “എഴുന്നേല്‌ക്കൂ, നമുക്കു പോകാം.” എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. അയാൾ അവളെ എടുത്തു കഴുതപ്പുറത്തുവച്ചു സ്വദേശത്തേക്കു പോയി. 29 വീട്ടിൽ എത്തിയ ഉടൻതന്നെ ഒരു കത്തിയെടുത്ത് അവൻ തന്റെ ഉപഭാര്യയുടെ അവയവങ്ങൾ ഛേദിച്ച് പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലിൽ എല്ലായിടത്തേക്കും കൊടുത്തയച്ചു. 30 അതു കണ്ടവരെല്ലാം പറഞ്ഞു: “ഇസ്രായേൽജനം ഈജിപ്തിൽനിന്നു പോന്നതിനുശേഷം ഇതുപോലൊരു സംഭവം കണ്ടിട്ടില്ല, ഉണ്ടായിട്ടുമില്ല; ആലോചിച്ച് എന്താണ് ചെയ്യേണ്ടതെന്നു പറയൂ.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India