ന്യായാധിപന്മാർ 17 - സത്യവേദപുസ്തകം C.L. (BSI)മീഖായുടെ വിഗ്രഹങ്ങൾ 1 ഒരിക്കൽ എഫ്രയീം മലനാട്ടിൽ മീഖാ എന്നൊരാൾ ജീവിച്ചിരുന്നു; 2 അവൻ തന്റെ അമ്മയോടു പറഞ്ഞു: “ഒരിക്കൽ ആയിരത്തി ഒരുനൂറ് വെള്ളിപ്പണം മോഷണം പോയതിന് അമ്മ ശാപം ചൊരിഞ്ഞത് ഞാൻ കേട്ടതാണ്. അമ്മേ! ഞാനാണ് അതെടുത്തത്. ആ പണം എന്റെ കൈവശമുണ്ട്!” “എന്റെ മകനേ, സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് അവന്റെ അമ്മ പറഞ്ഞു. 3 അവൻ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തു. അപ്പോൾ അമ്മ പറഞ്ഞു: “ഈ വെള്ളികൊണ്ട് ഒരു കൊത്തുവിഗ്രഹവും വാർപ്പുവിഗ്രഹവും ഉണ്ടാക്കി മകനെ ശാപവിമുക്തനാക്കാൻവേണ്ടി സർവേശ്വരന് സമർപ്പിക്കാൻ ഞാൻ നേരുന്നു. അതുകൊണ്ട് ഈ വെള്ളി നാണയങ്ങൾ ഞാൻ തിരിച്ചുതരുന്നു.” 4 അവൻ ആ പണം അമ്മയ്‍ക്കു മടക്കിക്കൊടുത്തപ്പോൾ അമ്മ ഇരുനൂറു വെള്ളിപ്പണം ഒരു വെള്ളിപ്പണിക്കാരനെ ഏല്പിച്ചു. അവൻ അതുകൊണ്ട് ഒരു വാർപ്പുരൂപവും കൊത്തുരൂപവും ഉണ്ടാക്കി; അതു മീഖായുടെ വീട്ടിൽ വച്ചു. 5 മീഖായ്‍ക്ക് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു; അയാൾ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും നിർമ്മിച്ചു; പുത്രന്മാരിൽ ഒരാളെ പുരോഹിതനായി അവരോധിച്ചു. 6 ആ കാലത്ത് ഇസ്രായേലിൽ രാജവാഴ്ച ആരംഭിച്ചിരുന്നില്ല; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു. 7 ആ സമയത്ത് യെഹൂദ്യയിലെ ബേത്‍ലഹേമിൽ ഒരു ലേവ്യയുവാവു വന്നു പാർത്തിരുന്നു. 8 ജീവിക്കാൻ പറ്റിയ മറ്റൊരു സ്ഥലം കണ്ടെത്താൻ അവൻ ബേത്‍ലഹേം വിട്ടു. യാത്രാമധ്യേ അവൻ എഫ്രയീം മലനാട്ടിൽ മീഖായുടെ വീട്ടിലെത്തി. 9 “താങ്കൾ എവിടെനിന്നു വരുന്നു” എന്നു മീഖാ അയാളോടു ചോദിച്ചു. “ഞാൻ യെഹൂദ്യയിലെ ബേത്‍ലഹേമിൽനിന്നു വന്ന ഒരു ലേവ്യനാണ്; പാർക്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചുനടക്കുന്നു” എന്ന് അവൻ പറഞ്ഞു. 10 “അങ്ങ് എന്റെ കൂടെ പാർക്കുക; അങ്ങ് എനിക്കൊരു പിതാവും പുരോഹിതനുമായി ഇരുന്നാലും; ആണ്ടുതോറും പത്തു വെള്ളിപ്പണവും വസ്ത്രവും ഭക്ഷണവും ഞാൻ തരാം” എന്നു മീഖാ പറഞ്ഞു. 11 അവന്റെ കൂടെ പാർക്കാൻ ലേവ്യൻ സമ്മതിച്ചു; ആ യുവാവിനെ മീഖാ സ്വപുത്രന്മാരിൽ ഒരാളെപ്പോലെ കരുതി. 12 മീഖാ ലേവ്യനെ തന്റെ പുരോഹിതനായി അവരോധിച്ചു. അങ്ങനെ ആ യുവാവ് മീഖായുടെ വീട്ടിൽ പാർത്തു. 13 “ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതിനാൽ സർവേശ്വരൻ തന്നെ അനുഗ്രഹിക്കുമെന്നു തനിക്കുറപ്പായി” എന്നു മീഖാ പറഞ്ഞു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India