Biblia Todo Logo
Bìoball air-loidhne

- Sanasan -

ന്യായാധിപന്മാർ 14 - സത്യവേദപുസ്തകം C.L. (BSI)


ശിംശോന്റെ വിവാഹം

1 ഒരിക്കൽ ശിംശോൻ തിമ്നായിലേക്ക് പോയി; അവിടെവച്ച് ഒരു ഫെലിസ്ത്യ യുവതിയെ കാണാനിടയായി.

2 അയാൾ ഭവനത്തിൽ മടങ്ങിവന്നു മാതാപിതാക്കളോടു പറഞ്ഞു: “ഞാൻ തിമ്നായിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു; അവളെ എനിക്കു വിവാഹം ചെയ്തുതരണം.”

3 അയാളുടെ മാതാപിതാക്കൾ ചോദിച്ചു: “നമ്മുടെ ചാർച്ചക്കാരുടെ ഇടയിലോ ഇസ്രായേൽസമൂഹത്തിലോ പെൺകുട്ടികൾ ഇല്ലാഞ്ഞിട്ടാണോ പരിച്ഛേദനം സ്വീകരിക്കാത്ത ഫെലിസ്ത്യരുടെ അടുത്തുനിന്ന് ഭാര്യയെ എടുക്കുന്നത്?” അപ്പോൾ ശിംശോൻ പിതാവിനോടു പറഞ്ഞു: “ഞാൻ അവളെ അതിയായി ഇഷ്ടപ്പെടുന്നു; എനിക്ക് അവളെ ഭാര്യയായി തരിക.”

4 ഇതിനുള്ള പ്രേരണ നല്‌കിയതു സർവേശ്വരനാണെന്ന് അവന്റെ മാതാപിതാക്കൾ അറിഞ്ഞില്ല. ഫെലിസ്ത്യരെ എതിരിടുന്നതിന് അവിടുന്ന് ഒരു അവസരം തേടുകയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു ഇസ്രായേലിനെ ഭരിച്ചിരുന്നത്.

5 ശിംശോൻ മാതാപിതാക്കളുടെ കൂടെ തിമ്നായിലേക്കു പുറപ്പെട്ടു. അവിടെ മുന്തിരിത്തോട്ടങ്ങളുടെ അടുത്തെത്തിയപ്പോൾ ഒരു സിംഹക്കുട്ടി ശിംശോന്റെ നേരേ ഗർജിച്ചുകൊണ്ടു വന്നു.

6 അപ്പോൾ സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ശക്തമായി വന്നു. ആയുധങ്ങളൊന്നും കൈയിൽ ഇല്ലാതെതന്നെ അയാൾ അതിനെ ആട്ടിൻകുട്ടിയെ എന്നപോലെ പിച്ചിച്ചീന്തിക്കളഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് അയാൾ പറഞ്ഞില്ല.

7 അതിനുശേഷം ശിംശോൻ ചെന്ന് ആ യുവതിയോടു സംസാരിച്ചു; അയാൾക്ക് അവളെ വളരെ ഇഷ്ടമായി.

8 ഏതാനും ദിവസങ്ങൾക്കു ശേഷം അയാൾ അവളെ കൂട്ടിക്കൊണ്ടു പോകാൻ വീണ്ടും ചെന്നു. പോകുന്ന വഴിക്കു താൻ മുമ്പു കൊന്ന സിംഹത്തിന്റെ ഉടൽ കാണാൻ അയാൾ പോയി; സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂടും തേനും കണ്ടു.

9 അയാൾ തേൻ അടർത്തിയെടുത്തു തിന്നുംകൊണ്ടു നടന്നു. തന്റെ മാതാപിതാക്കളുടെ അടുക്കൽ പോയി അവർക്കും കൊടുത്തു. അവരും അതു തിന്നു; എന്നാൽ തേൻ സിംഹത്തിന്റെ ഉടലിൽനിന്നെടുത്തതാണെന്ന് അവരോടു പറഞ്ഞില്ല.

10 ശിംശോന്റെ പിതാവ് യുവതിയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു. യുവാക്കന്മാർ അങ്ങനെ ചെയ്യുക പതിവായിരുന്നു.

11 ഫെലിസ്ത്യർ അയാളെ കണ്ടപ്പോൾ അയാളോടൊത്ത് ഇരിക്കുന്നതിനു യുവാക്കന്മാരായ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.

12 ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസങ്ങൾക്കുള്ളിൽ അതിനു മറുപടി പറഞ്ഞാൽ ഞാൻ നിങ്ങൾക്കു മുപ്പതു ലിനൻ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും തരും.

13 ഉത്തരം പറയാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിൽ മുപ്പതു ലിനൻ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും നിങ്ങൾ എനിക്കു തരണം.” അവർ അവനോടു പറഞ്ഞു: “നിന്റെ കടം പറയുക; ഞങ്ങൾ കേൾക്കട്ടെ.”

14 അയാൾ പറഞ്ഞു: “ഭോക്താവിൽനിന്നു ഭോജ്യവും ശക്തനിൽനിന്നു മധുരവും പുറപ്പെട്ടു.” മൂന്നു ദിവസം കഴിഞ്ഞിട്ടും അവർക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല.

15 നാലാം ദിവസം അവർ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “കടത്തിന്റെ ഉത്തരം പറഞ്ഞുതരുന്നതിനുവേണ്ടി നീ ഭർത്താവിനെ വശീകരിക്കുക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനക്കാരെയും ചുട്ടുകളയും. ഞങ്ങൾ ദരിദ്രരായിത്തീരുന്നതിനുവേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചുവരുത്തിയത്.”

16 ശിംശോന്റെ ഭാര്യ അയാളുടെ മുമ്പിൽ കരഞ്ഞുകൊണ്ടു പറഞ്ഞു: “നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ല. നിങ്ങൾക്ക് എന്നോടു വെറുപ്പാണ്. എന്റെ കൂട്ടത്തിൽപ്പെട്ടവരോട് നിങ്ങൾ ഒരു കടങ്കഥ പറഞ്ഞു; അതിന്റെ ഉത്തരം എന്നോട് പറഞ്ഞില്ലല്ലോ.” അയാൾ അവളോട്: “അത് എന്റെ മാതാപിതാക്കളോടുപോലും ഞാൻ പറഞ്ഞിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ?

17 വിരുന്നിന്റെ ഏഴു ദിവസവും അവൾ കരഞ്ഞുകൊണ്ടിരുന്നു. അവൾ വല്ലാതെ അസഹ്യപ്പെടുത്തിയതുകൊണ്ട് ഏഴാം ദിവസം ശിംശോൻ ഉത്തരം പറഞ്ഞുകൊടുത്തു. അവൾ അത് സ്വജനത്തിൽപ്പെട്ടവരോട് പറഞ്ഞു.

18 ഏഴാം ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് പട്ടണവാസികൾ ശിംശോനോടു പറഞ്ഞു: “തേനിനെക്കാൾ മധുരമേറിയതെന്ത്? സിംഹത്തെക്കാൾ ബലമേറിയതെന്ത്?” ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾ എന്റെ പശുക്കുട്ടിയെ പൂട്ടി ഉഴുതില്ലായിരുന്നു എങ്കിൽ എന്റെ കടത്തിന് ഉത്തരം പറയുകയില്ലായിരുന്നു.”

19 അപ്പോൾ സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ശക്തിയോടെ വന്നു; അയാൾ അസ്കലോനിൽ പോയി അവിടെയുള്ള മുപ്പതു പേരെ സംഹരിച്ചു; അവരുടെ വസ്ത്രങ്ങൾ അഴിച്ചെടുത്ത് കടങ്കഥയ്‍ക്ക് ഉത്തരം നല്‌കിയവർക്കു കൊടുത്തു. ശിംശോന്റെ കോപം ജ്വലിച്ചു; പിതൃഭവനത്തിലേക്ക് അയാൾ മടങ്ങിപ്പോയി.

20 ശിംശോന്റെ ഭാര്യ അയാളുടെ മണവറത്തോഴന്റെ ഭാര്യയായി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan