Biblia Todo Logo
Bìoball air-loidhne

- Sanasan -

ന്യായാധിപന്മാർ 12 - സത്യവേദപുസ്തകം C.L. (BSI)


യിഫ്താഹും എഫ്രയീമ്യരും

1 എഫ്രയീമ്യർ യുദ്ധസന്നദ്ധരായി യോർദ്ദാൻനദി കടന്നു സാഫോനിൽ ചെന്നു യിഫ്താഹിനോടു പറഞ്ഞു: “നീ അമ്മോന്യരോടു യുദ്ധം ചെയ്യാൻ അതിർത്തി കടന്നു പോയപ്പോൾ ഞങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല? ഞങ്ങൾ നിന്നെയും നിന്റെ ഭവനത്തെയും ചുട്ടുകളയും.”

2 യിഫ്താഹ് അവരോടു പറഞ്ഞു: “ഞാനും എന്റെ ജനവും അമ്മോന്യരുമായി വലിയ കലഹമുണ്ടായപ്പോൾ ഞാൻ നിങ്ങളുടെ സഹായം അപേക്ഷിച്ചു; എന്നാൽ നിങ്ങൾ ഞങ്ങളെ രക്ഷിക്കാൻ വന്നില്ല.

3 നിങ്ങൾ എന്നെ സഹായിക്കുകയില്ല എന്നു മനസ്സിലായപ്പോൾ ഞാൻ എന്റെ ജീവൻ തൃണവൽഗണിച്ചുകൊണ്ട് അവരോടു യുദ്ധം ചെയ്യാൻ അതിർത്തി കടന്നു. സർവേശ്വരൻ അവരെ എന്റെ കൈയിൽ ഏല്പിച്ചു. എന്നിട്ടിപ്പോൾ നിങ്ങൾ എന്നോടു യുദ്ധത്തിനു വരികയാണോ?”

4 യിഫ്താഹ് ഗിലെയാദിലെ ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി. അവർ എഫ്രയീമ്യരോടു യുദ്ധം ചെയ്ത് അവരെ തോല്പിച്ചു. കാരണം ഗിലെയാദ്യർ എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും വന്ന വെറും അഭയാർഥികളാണെന്ന് എഫ്രയീമ്യർ പറഞ്ഞിരുന്നു.

5 എഫ്രയീമ്യരിൽനിന്ന് ഗിലെയാദ്യർ യോർദ്ദാൻനദിയിലെ കടവുകൾ അധീനമാക്കി. അഭയാർഥിയായ ഒരു എഫ്രയീമ്യൻ നദി കടക്കാൻ അനുവാദം ചോദിക്കുമ്പോൾ; “നീ എഫ്രയീമ്യനാണോ” എന്ന് അവർ ചോദിക്കും. “അല്ല” എന്ന് അവൻ പറഞ്ഞാൽ

6 “ശിബ്ബോലത്ത്” എന്നു പറയാൻ അവർ ആവശ്യപ്പെടും. ആ പദം ശരിയായി ഉച്ചരിക്കാൻ കഴിയാതെ “സിബ്ബോലത്ത്” എന്നു പറയും. അപ്പോൾ അവർ അവനെപ്പിടിച്ച് ആ കടവിൽവച്ചുതന്നെ കൊന്നുകളയും. ആ കാലത്ത് അങ്ങനെ എഫ്രയീമ്യരിൽ നാല്പത്തീരായിരം പേർ സംഹരിക്കപ്പെട്ടു.

7 ഗിലെയാദ്യനായ യിഫ്താഹ് ഇസ്രായേലിൽ ആറു വർഷം ന്യായപാലനം ചെയ്തു. പിന്നീട് അദ്ദേഹം മരിച്ചു; ഗിലെയാദിൽ അദ്ദേഹത്തെ സംസ്കരിച്ചു.


ഇബ്സാൻ, ഏലോൻ, അബ്‍ദോൻ

8 യിഫ്താഹിനു ശേഷം ബേത്‍ലഹേംകാരനായ ഇബ്സാൻ ഇസ്രായേലിൽ ന്യായപാലനം നടത്തി.

9 അയാൾക്കു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. പുത്രിമാരെ അന്യകുലങ്ങളിൽപ്പെട്ട പുരുഷന്മാർക്കു വിവാഹം ചെയ്തുകൊടുക്കുകയും പുത്രന്മാർക്കു ഭാര്യമാരായി അന്യകുലങ്ങളിൽപ്പെട്ട സ്‍ത്രീകളെ സ്വീകരിക്കുകയും ചെയ്തു. ഇബ്സാൻ ഇസ്രായേലിൽ ഏഴു വർഷം ന്യായപാലനം നടത്തി.

10 അതിനുശേഷം അദ്ദേഹം മരിച്ചു; ബേത്‍ലഹേമിൽ അദ്ദേഹത്തെ സംസ്കരിച്ചു.

11 ഇബ്സാനുശേഷം സെബൂലൂന്യനായ ഏലോൻ ന്യായപാലകനായി. അദ്ദേഹം ഇസ്രായേലിൽ പത്തു വർഷം ന്യായപാലനം ചെയ്തു.

12 പിന്നീട് അദ്ദേഹവും മരിച്ചു; അയാളെ സെബൂലൂൻനാട്ടിലെ അയ്യാലോനിൽ സംസ്കരിച്ചു.

13 ഏലോനുശേഷം, പിരാഥോനിൽനിന്നുള്ള ഹില്ലേലിന്റെ പുത്രൻ അബ്‍ദോൻ ഇസ്രായേലിൽ ന്യായപാലനം നടത്തി.

14 അയാൾക്ക് നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരുമുണ്ടായിരുന്നു; എഴുപതു കഴുതകളെ അവർ സവാരിക്ക് ഉപയോഗിച്ചിരുന്നു.

15 എട്ടു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തിയശേഷം അബ്‍ദോൻ അന്തരിച്ചു. അമാലേക്യരുടെ മലനാടായ എഫ്രയീംദേശത്തുള്ള പിരാഥോനിൽ അദ്ദേഹത്തെ സംസ്കരിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan