ന്യായാധിപന്മാർ 10 - സത്യവേദപുസ്തകം C.L. (BSI)തോല 1 അബീമേലെക്കിന്റെ മരണശേഷം ദോദോയുടെ പൗത്രനും പൂവാവിന്റെ പുത്രനുമായ തോല ഇസ്രായേലിനെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടു. അയാൾ ഇസ്സാഖാർ ഗോത്രക്കാരൻ ആയിരുന്നു; എഫ്രയീം മലനാട്ടിലെ ശാമീരിൽ ആയിരുന്നു അയാൾ പാർത്തിരുന്നത്. 2 ഇരുപത്തിമൂന്നു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തിയശേഷം അയാൾ അന്തരിച്ചു; ശാമീരിൽ അയാളെ അടക്കം ചെയ്തു. യായീർ 3 പിന്നീട് ഗിലെയാദ്യനായ യായീർ ഇരുപത്തിരണ്ടു വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി. 4 കഴുതപ്പുറത്തു സവാരി ചെയ്തിരുന്ന മുപ്പതു പുത്രന്മാർ അയാൾക്കുണ്ടായിരുന്നു. അവരുടെ അധീനതയിൽ ഗിലെയാദിലെ മുപ്പതു പട്ടണങ്ങൾ ഉണ്ടായിരുന്നു. ഹവ്വോത്ത്-യായീർ എന്ന പേരിൽ ഇന്നും ആ പട്ടണങ്ങൾ അറിയപ്പെടുന്നു. 5 യായീർ മരിച്ചു; അയാളെ കാമോനിൽ സംസ്കരിച്ചു. യിഫ്താഹ് 6 ഇസ്രായേൽജനം സർവേശ്വരനു ഹിതകരമല്ലാത്തതു വീണ്ടും പ്രവർത്തിച്ചു; അവർ അവിടുത്തെ ആരാധിക്കാതെ ബാൽദേവന്മാരെയും അസ്താരോത്ത്പ്രതിഷ്ഠകളെയും സിറിയ, സീദോൻ, മോവാബ്, അമ്മോൻ, ഫെലിസ്ത്യ എന്നീ ദേശങ്ങളിലെ ദേവന്മാരെയും ആരാധിച്ചു. അവർ സർവേശ്വരനെ ഉപേക്ഷിച്ചു. 7 അപ്പോൾ അവിടുത്തെ കോപം ഇസ്രായേലിന്റെമേൽ ജ്വലിച്ചു; ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കൈയിൽ അവിടുന്ന് അവരെ ഏല്പിച്ചു. 8 അവർ ഇസ്രായേൽജനത്തെ പീഡിപ്പിച്ചു. യോർദ്ദാനക്കരെ അമോര്യരുടെ ദേശമായ ഗിലെയാദിൽ പാർത്തിരുന്ന ഇസ്രായേൽജനത്തെ അവർ പതിനെട്ടു വർഷം ക്രൂരമായി ഞെരുക്കി. 9 യെഹൂദാ, ബെന്യാമീൻ, എഫ്രയീം ഗോത്രക്കാരോടു യുദ്ധം ചെയ്യാൻ അമ്മോന്യർ യോർദ്ദാൻനദി കടന്നു. ഇസ്രായേൽ കൊടിയ ദുരിതത്തിലായി. 10 അവർ സർവേശ്വരനോടു നിലവിളിച്ചു: “ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ ആരാധിച്ചതിനാൽ ഞങ്ങൾ അങ്ങേക്ക് എതിരായി പാപം ചെയ്തു.” 11 സർവേശ്വരൻ ഇസ്രായേൽജനത്തോട് അരുളിച്ചെയ്തു: “ഈജിപ്തുകാർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരിൽനിന്ന് ഞാൻ നിങ്ങളെ വിടുവിച്ചില്ലേ? 12 സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചപ്പോഴും നിങ്ങൾ എന്നോടു നിലവിളിച്ചു. ഞാൻ അവരിൽനിന്നെല്ലാം നിങ്ങളെ മോചിപ്പിച്ചു. 13 എന്നിട്ടും, നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ ആരാധിച്ചു; അതുകൊണ്ട് ഇനി മേലിൽ ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല. 14 നിങ്ങൾ പോയി നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ദേവന്മാരോടു നിലവിളിക്കൂ! കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ.” 15 ഇസ്രായേൽജനം സർവേശ്വരനോട് അപേക്ഷിച്ചു: “ഞങ്ങൾ പാപം ചെയ്തുപോയി; അവിടുത്തേക്ക് ഉചിതമായി തോന്നുന്നതു ഞങ്ങളോട് പ്രവർത്തിച്ചാലും. എങ്കിലും ഇന്നു ഞങ്ങളെ രക്ഷിക്കുക.” 16 ഇസ്രായേൽജനം തങ്ങളുടെ ഇടയിൽനിന്ന് അന്യദേവന്മാരെ നീക്കം ചെയ്തു; അവർ സർവേശ്വരനെത്തന്നെ ആരാധിക്കുകയും ചെയ്തു. അപ്പോൾ ഇസ്രായേൽജനത്തിന്റെ സങ്കടത്തിൽ അവിടുത്തേക്ക് അനുകമ്പ തോന്നി. 17 ആ സമയത്ത് അമ്മോന്യർ യുദ്ധസന്നദ്ധരായി ഗിലെയാദിൽ പാളയമടിച്ചു. ഇസ്രായേൽജനം ഒന്നിച്ചുകൂടി മിസ്പായിലും പാളയമടിച്ചു. 18 ഗിലെയാദിലെ നേതാക്കന്മാർ അന്യോന്യം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നതാരോ അയാൾ ഗിലെയാദ്നിവാസികളുടെ നേതാവാകും.” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India