Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 64 - സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരാ, ആകാശം പിളർന്ന് അവിടുന്ന് ഇറങ്ങി വന്നിരുന്നെങ്കിൽ, തിരുസാന്നിധ്യത്തിൽ പർവതങ്ങൾ വിറയ്‍ക്കുമായിരുന്നു;

2 തീയിൽ വിറക് എരിയുകയും വെള്ളം തിളയ്‍ക്കുകയും ചെയ്യുന്നതുപോലെ അവിടുത്തെ സാന്നിധ്യത്തിൽ ജനതകൾ ഞെട്ടിവിറയ്‍ക്കുമായിരുന്നു. അങ്ങനെയെങ്കിൽ അവിടുത്തെ ശത്രുക്കൾ തിരുനാമത്തെ അറിയുമായിരുന്നു.

3 അവിടുന്ന് ഇറങ്ങിവന്നു ഞങ്ങൾ പ്രതീക്ഷിക്കാത്ത ഭയാനകകൃത്യങ്ങൾ ചെയ്തപ്പോൾ അവിടുത്തെ സാന്നിധ്യത്തിൽ പർവതങ്ങൾ വിറകൊണ്ടു.

4 തന്നെ കാത്തിരുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവം അവിടുന്നല്ലാതെ മറ്റാരെങ്കിലുമുള്ളതായി ആരും കേൾക്കുകയോ കാണുകയോ ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.

5 സന്തോഷപൂർവം നീതി പ്രവർത്തിക്കുകയും അങ്ങയെ സ്മരിച്ചുകൊണ്ട് അവിടുത്തെ മാർഗത്തിൽ ചരിക്കുകയും ചെയ്യുന്നവരെ അങ്ങ് സ്വീകരിക്കുന്നു. ഞങ്ങൾ പാപം ചെയ്തതുകൊണ്ട് അവിടുന്നു ഞങ്ങളോടു കോപിച്ചു. ഞങ്ങൾ ദീർഘകാലം പാപത്തിൽ ജീവിച്ചു. ഞങ്ങൾക്കു രക്ഷ ഉണ്ടാവുമോ?

6 ഞങ്ങൾ എല്ലാവരും അശുദ്ധരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ സൽപ്രവൃത്തികൾ കറപുരണ്ട വസ്ത്രംപോലെയായിരിക്കുന്നു. ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു. അകൃത്യം നിമിത്തം ഞങ്ങൾ കാറ്റു പറത്തിക്കൊണ്ടു പോകുന്ന കരിയില പോലെയായിത്തീർന്നിരിക്കുന്നു.

7 അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ ആരുമില്ല. അങ്ങയെ മുറുകെപ്പിടിക്കാൻ ഉദ്യമിക്കുന്നവരുമില്ല. എന്തെന്നാൽ അവിടുന്ന് ഞങ്ങളിൽനിന്നു മുഖം മറച്ചു ഞങ്ങളെ ഞങ്ങളുടെ അകൃത്യങ്ങൾക്കു വിട്ടുകൊടുത്തിരിക്കുന്നു.

8 എങ്കിലും, സർവേശ്വരാ അവിടുന്നു ഞങ്ങളുടെ പിതാവാകുന്നുവല്ലോ. ഞങ്ങൾ കളി മണ്ണ്, അവിടുന്ന് മെനയുന്നവൻ; ഞങ്ങൾ അങ്ങയുടെ കരനിർമിതി.

9 സർവേശ്വരാ, അവിടുന്നു ഞങ്ങളോട് അളവറ്റു കോപിക്കരുതേ. ഞങ്ങളുടെ അകൃത്യം ഓർക്കരുതേ. ഞങ്ങൾ അങ്ങയുടെ ജനമാണെന്നു കരുതിയാലും.

10 അങ്ങയുടെ വിശുദ്ധനഗരങ്ങൾ വിജനമായും സീയോൻ മരുഭൂമിയായും യെരൂശലേം ശൂന്യമായും തീർന്നിരിക്കുന്നു.

11 ഞങ്ങളുടെ പിതാക്കന്മാർ അങ്ങയെ ആരാധിച്ചുവന്ന മനോഹരമായ വിശുദ്ധമന്ദിരം അഗ്നിക്കിരയായിരിക്കുന്നു. ഞങ്ങളുടെ രമ്യസ്ഥലങ്ങൾ തകർന്നു നശിച്ചിരിക്കുന്നു.

12 ഇതെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുന്നുവോ? മൗനമവലംബിച്ചു ഞങ്ങളെ കഠിനമായി പീഡിപ്പിക്കുന്നുവോ?

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan