യെശയ്യാവ് 63 - സത്യവേദപുസ്തകം C.L. (BSI)ജനതകളോടുള്ള പ്രതികാരം 1 എദോമിൽനിന്നു വരുന്നതാരാണ്? രക്താംബരധാരിയായി എദോമിലെ ബൊസ്രായിൽനിന്നു വരുന്നതാരാണ്? വേഷപ്രൗഢിയോടും ശക്തിപ്രഭാവത്തോടും കൂടി അടിവച്ചടിവച്ചു മുന്നോടു വരുന്നത് ആരാണ്? ഇതു ഞാൻതന്നെ. നീതി വിളംബരം ചെയ്തുകൊണ്ടു നിന്നെ രക്ഷിക്കാൻ ശക്തിയുള്ളവൻ. 2 അങ്ങയുടെ വേഷം എന്താണ് ചുവന്നിരിക്കുന്നത്? അങ്ങയുടെ വസ്ത്രം മുന്തിരിച്ചക്കു ചവുട്ടുന്നവൻറേതുപോലെ ആയിരിക്കുന്നുവല്ലോ! 3 ഞാൻ ഏകനായി മുന്തിരിച്ചക്കു ചവുട്ടി. ജനപദങ്ങളിൽനിന്ന് ആരും എന്റെ കൂടെ ഇല്ലായിരുന്നു. ഞാൻ കോപിച്ച് അവരെ ചവുട്ടി. രോഷത്താൽ ഞാനവരെ മെതിച്ചു. അവരുടെ രക്തം തെറിച്ചുവീണ് എന്റെ വസ്ത്രമെല്ലാം മലിനമായി. 4 പ്രതികാരത്തിനു ഞാനൊരു ദിവസം നിശ്ചയിച്ചിരുന്നു; എന്റെ വിമോചനവർഷം വന്നിരിക്കുന്നു. 5 ഞാൻ ചുറ്റും നോക്കി, സഹായത്തിന് ആരെയും കണ്ടില്ല. ഞാൻ അമ്പരന്നുപോയി. താങ്ങാൻ ആരും ഉണ്ടായിരുന്നില്ലല്ലോ. എന്റെ കരം തന്നെ എനിക്കു വിജയം നേടിത്തന്നു. 6 എന്റെ ക്രോധം എന്നെ ശക്തനാക്കി. എന്റെ കോപത്തിൽ ജനതകളെ ചവുട്ടിമെതിച്ചു. എന്റെ കോപത്തിൽ ഞാനവരെ തകർത്തു. അവരുടെ ജീവരക്തം ഞാൻ നിലത്തൊഴുക്കി. ജനത്തിന്റെ പ്രാർഥന 7 സർവേശ്വരന്റെ അചഞ്ചലസ്നേഹത്തെക്കുറിച്ചു ഞാൻ നിരന്തരം പറയും. അവിടുന്ന് നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുമായി ഞാൻ സ്തോത്രം ചെയ്യും. 8 സുസ്ഥിരസ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് തന്റെ ജനമായ ഇസ്രായേൽജനത്തെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. “അവർ നിശ്ചയമായും എന്റെ ജനം, അവർ എന്നെ വഞ്ചിക്കുകയില്ല” എന്നു സർവേശ്വരൻ അരുളിച്ചെയ്തു. അതുകൊണ്ട് അവിടുന്ന് അവരുടെ രക്ഷകനായി. 9 അവരുടെ സർവദുരിതങ്ങളിലും അവരോടൊത്തു അവിടുന്നു ദുരിതമനുഭവിച്ചു. അവിടുത്തെ സാന്നിധ്യമാകുന്ന ദൂതൻ അവരെ രക്ഷിച്ചു. സ്നേഹവും കാരുണ്യവുംകൊണ്ട് അവിടുന്ന് അവരെ ഉദ്ധരിച്ചു; കഴിഞ്ഞ കാലങ്ങളിലെല്ലാം സ്വന്തം കരങ്ങളിൽ സംവഹിച്ചു. 10 എന്നിട്ടും അവർ മത്സരിച്ചു. അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അങ്ങനെ അവിടുന്ന് അവരുടെ ശത്രുവായിത്തീർന്ന് അവരോടു പോരാടി. 11 അവർ കഴിഞ്ഞ കാലങ്ങളെ, സർവേശ്വരന്റെ ദാസനായ മോശയുടെ നാളുകളെത്തന്നെ അനുസ്മരിച്ചു. ആട്ടിൻപറ്റത്തോടൊപ്പം ഇടയനെ കടലിലൂടെ നയിച്ചവൻ എവിടെ? 12 തന്റെ പരിശുദ്ധാത്മാവിനെ അവരുടെ ഇടയിൽ അയച്ചവൻ എവിടെ? അവരുടെ മുമ്പിലുള്ള കടലിനെ രണ്ടായി ഭാഗിച്ച് ആഴത്തിലൂടെ അവരെ നയിക്കുകയും തന്റെ ഭുജബലം മോശയുടെ വലതുകരത്തിന്മേൽ പകർന്ന് അവിടുത്തെ നാമം അനശ്വരമാക്കുകയും ചെയ്ത സർവേശ്വരൻ എവിടെ? 13 മരുഭൂമിയിലെ കുതിരകളെപ്പോലെ അവർ കാലിടറാതെ നടന്നു. 14 താഴ്‌വരയിലേക്കിറങ്ങിപ്പോകുന്ന കന്നുകാലികൾക്കെന്നപോലെ അവർക്കു സർവേശ്വരന്റെ ആത്മാവ് വിശ്രമം നല്‌കി. അങ്ങനെ അവിടുന്നു തന്റെ ജനത്തെ നയിക്കുകയും തിരുനാമത്തിനു മഹിമ വരുത്തുകയും ചെയ്തു. സഹായത്തിനും കാരുണ്യത്തിനും വേണ്ടി 15 സ്വർഗത്തിൽനിന്നു താഴേക്കു നോക്കിയാലും! വിശുദ്ധവും മഹിമയേറിയതുമായ തിരുനിവാസത്തിൽനിന്നു നോക്കിക്കണ്ടാലും! അവിടുത്തെ തീക്ഷ്ണതയും ശക്തിയും എവിടെ? ഞങ്ങളോടുള്ള കരുണയും വാത്സല്യവും അവിടുന്നു പിൻവലിച്ചിരിക്കുന്നുവല്ലോ. 16 എങ്കിലും അവിടുന്ന് ഞങ്ങളുടെ പിതാവാകുന്നു. അബ്രഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും യാക്കോബു ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും സർവേശ്വരാ, 17 അവിടുന്നു ഞങ്ങളുടെ പിതാവാകുന്നു. ഞങ്ങളുടെ രക്ഷകൻ എന്നാണു പണ്ടുമുതലേ അവിടുത്തെ നാമം. സർവേശ്വരാ, ഞങ്ങൾ അവിടുത്തെ വഴി വിട്ടുപോകാനും അങ്ങയെ ഭയപ്പെടാതിരിക്കത്തക്കവിധം ഞങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കാനും ഇടയാക്കിയതെന്ത്? 18 അവിടുത്തെ ദാസന്മാർക്കുവേണ്ടി, അവിടുത്തെ അവകാശമായ ഗോത്രങ്ങൾക്കുവേണ്ടി, മടങ്ങിവന്നാലും. അല്പകാലത്തേക്ക് അവിടുത്തെ മന്ദിരം, അവിടുത്തെ വിശുദ്ധജനത്തിന്റെ കൈവശമായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളുടെ ശത്രുക്കൾ അതു ചവുട്ടിമെതിച്ചു കളഞ്ഞിരിക്കുന്നു. 19 അങ്ങയുടെ ഭരണം അറിഞ്ഞിട്ടില്ലാത്തവരെപ്പോലെയും അവിടുത്തെ നാമത്തിൽ വിളിക്കപ്പെടാത്തവരെപ്പോലെയും ഞങ്ങൾ ആയിത്തീർന്നിരിക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India