യെശയ്യാവ് 56 - സത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ന്യായം പാലിക്കൂ, നീതി പ്രവർത്തിക്കൂ, എന്റെ രക്ഷ താമസിയാതെ വന്നെത്തും. എന്റെ മോചനം വെളിപ്പെടും. 2 ശബത്തിനെ അശുദ്ധമാക്കാതെ പാലിക്കുന്നവൻ തിന്മയിൽനിന്നു തന്റെ കൈകൾ അകറ്റി നിർത്തുന്നതുകൊണ്ട് ഇതു ചെയ്യുന്ന മനുഷ്യനും ഇതിൽ മുറുകെപ്പിടിക്കുന്ന മനുഷ്യപുത്രനും അനുഗൃഹീതൻ. 3 “സർവേശ്വരൻ തീർച്ചയായും അവിടുത്തെ ജനത്തിൽനിന്ന് എന്നെ വേർതിരിക്കും” എന്ന് സർവേശ്വരനോടു ചേർന്നിട്ടുള്ള പരദേശിയും “കാണുക, ഞാൻ ഒരു ഉണക്കമരമാണെന്ന്” ഷണ്ഡനും പറയാതിരിക്കട്ടെ. കാരണം, സർവേശ്വരൻ അരുളിച്ചെയ്യുന്നു: 4 “എന്റെ ശബത്തുകൾ പാലിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും എന്റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്ന 5 ഷണ്ഡന്മാർക്ക് ഞാൻ എന്റെ ആലയത്തിലും എന്റെ മതിലുകൾക്കുള്ളിലും എന്റെ പുത്രീപുത്രന്മാരെക്കാൾ ശ്രേഷ്ഠമായൊരു സ്മാരകവും നാമവും നല്‌കും. വിച്ഛേദിക്കപ്പെടാത്തതും എന്നും നിലനില്‌ക്കുന്നതുമായ ഒരു നാമവും ഞാൻ അവർക്കു നല്‌കും. 6 സർവേശ്വരനെ സേവിച്ച്, അവിടുത്തെ നാമത്തെ സ്നേഹിച്ച്, അവിടുത്തെ ദാസരായിരിക്കാൻ അവിടുത്തോടു ചേർന്നുനില്‌ക്കുന്ന പരദേശികളേ, ശബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്നവരെ 7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്കു കൊണ്ടുവന്ന് എന്റെ പ്രാർഥനാലയത്തിൽ അവർക്കും സന്തോഷം നല്‌കും. എന്റെ യാഗപീഠത്തിൽ അവരുടെ ദഹനയാഗങ്ങളും യാഗങ്ങളും സ്വീകരിക്കും. എന്റെ ആലയം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും. 8 ഇസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിവരുത്തുന്ന സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ഇപ്പോൾ കൂടിവന്നിരിക്കുന്നവരെ കൂടാതെ മറ്റുള്ളവരെയും ഞാൻ കൂട്ടിവരുത്തും.” 9 വയലിലെയും കാട്ടിലെയും സകല മൃഗങ്ങളുമേ, വന്നു ഭക്ഷിക്കുവിൻ. അവന്റെ കാവല്‌ക്കാർ അന്ധരാണ്; അവർ എല്ലാവരും അറിവില്ലാത്തവരാണ്; 10 അവർ എല്ലാം കുരയ്‍ക്കാൻ കഴിയാത്ത ഊമനായ്‍ക്കളാണ്; അവർ ഉറക്കപ്രിയരായി സ്വപ്നം കണ്ടു കിടക്കുന്നു. 11 ഈ നായ്‍ക്കൾക്കു വല്ലാത്ത വിശപ്പാണ്; ഇവയ്‍ക്ക് ഒരിക്കലും തൃപ്തിവരുന്നില്ല. ഇടയന്മാർക്ക് ഒന്നും മനസ്സിലാകുന്നില്ല; അവർ എല്ലാവരും അവനവന്റെ നേട്ടത്തിനുവേണ്ടി അവനവന്റെ വഴിക്കുപോകുന്നു. 12 അവർ പറയുന്നു: “വരൂ പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയം നിറയെ കുടിക്കാം. ഇന്നത്തെപ്പോലെ നാളെയും അളവില്ലാതെ കുടിക്കാം. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India