Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 40 - സത്യവേദപുസ്തകം C.L. (BSI)


തിരിച്ചുവരവിനെപ്പറ്റി

1 “ആശ്വസിപ്പിക്കുവിൻ, എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ” എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.

2 യെരൂശലേമിനോടു ദയാപൂർവം സംസാരിക്കുവിൻ. അവളുടെ അടിമത്തം അവസാനിച്ചു; അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവളുടെ പാപങ്ങൾക്കിരട്ടി ശിക്ഷ സർവേശ്വരനിൽനിന്നു ലഭിച്ചു കഴിഞ്ഞുവെന്ന് അവളോടു വിളിച്ചു പറയുക.

3 ഇതാ ഒരു ശബ്ദം ഉയരുന്നു: മരുഭൂമിയിൽ സർവേശ്വരനു വഴിയൊരുക്കുവിൻ, വിജനസ്ഥലത്തു നമ്മുടെ ദൈവത്തിനു പെരുവഴി ഒരുക്കുവിൻ.

4 എല്ലാ താഴ്‌വരകളും നികത്തണം, എല്ലാ കുന്നുകളും മലകളും നിരത്തണം, നിരപ്പില്ലാത്ത നിലം സമതലവും ദുർഘടതലങ്ങൾ സുഗമവും ആക്കണം.

5 സർവേശ്വരന്റെ മഹത്ത്വം വെളിവാകും, എല്ലാ മനുഷ്യരും ഒരുമിച്ച് അതു ദർശിക്കും.” ഇതു സർവേശ്വരന്റെ വചനം.

6 “വിളിച്ചു പറയുക” എന്നൊരു ശബ്ദം എന്നോടാജ്ഞാപിച്ചു. “എന്താണു വിളിച്ചു പറയേണ്ടത്? എന്നു ഞാൻ ചോദിച്ചു. സർവമനുഷ്യരും പുല്ലിനു സമം. അവരുടെ സൗന്ദര്യം കാട്ടുപൂവിനു തുല്യം.

7 സർവേശ്വരന്റെ നിശ്വാസം ഏല്‌ക്കുമ്പോൾ പുല്ലുണങ്ങുന്നു. പൂ വാടുന്നു.

8 എന്നാൽ നമ്മുടെ ദൈവത്തിന്റെ വചനം എന്നേക്കും നിലനില്‌ക്കും.

9 സീയോനിലേക്കു സദ്‍വാർത്ത കൊണ്ടുവരുന്നവരേ, ഒരുയർന്ന പർവതത്തിന്മേൽ കയറി നില്‌ക്കുവിൻ; യെരൂശലേമിലേക്കു സദ്‍വാർത്ത കൊണ്ടുവരുന്നവരേ, ഘോഷത്തോടെ ശബ്ദം ഉയർത്തുവിൻ! ഭയപ്പെടാതെ ശബ്ദം ഉയർത്തുവിൻ. യെഹൂദാ നഗരങ്ങളോട് “ഇതാ നിങ്ങളുടെ ദൈവം” എന്നു വിളിച്ചുപറയുവിൻ.

10 ഇതാ ദൈവമായ സർവേശ്വരൻ ശക്തിയോടെ വരുന്നു. അവിടുന്നു തന്റെ കരബലത്താൽ ഭരണം നടത്തും. ഇതാ പ്രതിഫലം അവിടുത്തെ പക്കലുണ്ട്. തന്റെ ജനത്തിനുള്ള സമ്മാനം അവിടുത്തെ മുമ്പിലുണ്ട്.

11 ഇടയനെപ്പോലെ അവിടുന്ന് തന്റെ ജനത്തെ മേയ്‍ക്കും. അവിടുന്ന് ആട്ടിൻകുട്ടികളെ കൈയിലെടുത്തു മാറോടണയ്‍ക്കും; തള്ളയാടുകളെ സൗമ്യതയോടെ നയിക്കും.

12 മഹാസമുദ്രത്തെ കൈക്കുമ്പിളിൽ അളക്കുകയും ആകാശത്തെ കൈകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും ഭൂമിയിലെ പൂഴി മുഴുവൻ നാഴിയിൽ ഒതുക്കുകയും പർവതങ്ങളെ തുലാസിലും കുന്നുകളെ വെള്ളിക്കോലിലും തൂക്കി നോക്കുകയും ചെയ്യുന്നതാര്?

13 സർവേശ്വരനു മാർഗനിർദേശം നല്‌കാൻ ആർക്കു കഴിയും? ആര് ഉപദേഷ്ടാവായി സർവേശ്വരനു ശിക്ഷണം നല്‌കും?

14 ജ്ഞാനോദയത്തിനുവേണ്ടി അവിടുന്ന് ആരുടെയെങ്കിലും ഉപദേശം തേടിയിട്ടുണ്ടോ? സർവേശ്വരനു നീതിയുടെ മാർഗം പഠിപ്പിച്ചു കൊടുക്കുകയും ജ്ഞാനം ഉപദേശിക്കുകയും വിവേകത്തിന്റെ പാത ചൂണ്ടിക്കാണിക്കുകയും ചെയ്യാൻ ആരുണ്ട്?

15 ജനതകൾ സർവേശ്വരനു തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെ മാത്രം. അവർ തുലാസിൽ ധൂളിപോലെ മാത്രമേ ഗണിക്കപ്പെടുകയുള്ളൂ. ഇതാ ദ്വീപുകളെ അവിടുന്നു നേർത്ത പൊടിപോലെ എടുക്കുന്നു.

16 ലെബാനോനിലെ വൃക്ഷങ്ങൾ വിറകിനും അതിലെ മൃഗങ്ങൾ ഒരു ഹോമയാഗത്തിനും അവിടുത്തേക്കു മതിയാകയില്ല.

17 എല്ലാ ജനതകളും കൂടിയാലും തിരുമുമ്പിൽ ഏതുമില്ല. ഒന്നുമില്ലായ്മയ്‍ക്കും ശൂന്യതയ്‍ക്കും താഴെയായി മാത്രം അവിടുന്ന് അവരെ കണക്കാക്കുന്നു.

18 ഏതൊന്നിനോടു നിങ്ങൾ ദൈവത്തെ തുലനം ചെയ്യും? അല്ലെങ്കിൽ ഏതൊരു വിഗ്രഹം അവിടുത്തെ ഛായ വെളിപ്പെടുത്തും? അതൊരു ശില്പി വാർക്കുന്നു.

19 തട്ടാൻ അതിന്മേൽ സ്വർണം പൊതിയുന്നു. അതിനുവേണ്ടി വെള്ളിച്ചങ്ങല നിർമിക്കുന്നു.

20 അതിനു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കഷണം അർച്ചനയ്‍ക്കായി കണ്ടെത്തുന്നു. ഇളകാത്ത ഒരു വിഗ്രഹം നിർമിച്ചു സ്ഥാപിക്കാൻ വിദഗ്ധശില്പിയെ അന്വേഷിക്കുന്നു.

21 നിങ്ങൾ അറിഞ്ഞിട്ടില്ലേ, കേട്ടിട്ടില്ലേ? ആദിമുതൽ തന്നെ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ?

22 സർവേശ്വരനാണു ഭൂമണ്ഡലത്തിനു മീതെ ഇരുന്നരുളുന്നത്. ഭൂവാസികൾ വെട്ടുക്കിളികളെപ്പോലെ മാത്രമാകുന്നു. ദൈവം ആകാശത്തെ തിരശ്ശീലപോലെ വിരിക്കുകയും കൂടാരംപോലെ നിവർത്തുകയും ചെയ്യുന്നു.

23 അവിടുന്നു ഭൂമിയിലെ പ്രഭുക്കന്മാരെ ഇല്ലാതാക്കുകയും ഭരണാധിപന്മാരെ ശൂന്യതയിലേക്കു നയിക്കുകയും ചെയ്യുന്നു.

24 വിതയോ നടീലോ കഴിഞ്ഞു വേരു പിടിക്കുന്നതിനു മുമ്പ് അവിടുത്തെ നിശ്വാസത്താൽ അവ വാടിക്കരിയുന്നു. കൊടുങ്കാറ്റ് അവയെ വയ്‍ക്കോൽപോലെ പറത്തിക്കളയുന്നു.

25 എങ്കിൽ നിങ്ങൾ എന്നെ ആരോടു താരതമ്യപ്പെടുത്തുന്നു? ഞാൻ ആർക്കു സദൃശനാണ്, എന്നു പരിശുദ്ധനായവൻ ചോദിക്കുന്നു.

26 നിങ്ങൾ ഉയരത്തിലേക്കു നോക്കുവിൻ; ആരാണ് ഇവയെല്ലാം സൃഷ്‍ടിച്ചത്? ഒരു സൈന്യത്തെപ്പോലെ നയിക്കത്തക്കവിധം അവ എത്രയുണ്ടെന്ന് അറിഞ്ഞു സംഖ്യാക്രമമനുസരിച്ച് അവയെ പേരുവിളിച്ചു പുറത്തു കൊണ്ടുവരുന്നവൻ തന്നെ. അവിടുത്തെ ശക്തിപ്രഭാവവും അധികാരസ്ഥിരതയുംകൊണ്ട് അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല.

27 എന്റെ വഴി സർവേശ്വരനിൽനിന്നു മറഞ്ഞിരിക്കുന്നു എന്നും എന്റെ അവകാശം അവിടുന്നു അവഗണിച്ചിരിക്കുന്നുവെന്നും യാക്കോബേ, നീ പറയുന്നതെന്ത്? ഇസ്രായേലേ നീ ആവലാതിപ്പെടുന്നതെന്ത്?

28 ഭൂമിയുടെ അറുതികളെ നിർമിച്ച സർവേശ്വരൻ നിത്യനായ ദൈവമാകുന്നു എന്നു നീ കേട്ടിട്ടില്ലേ? നിനക്കറിഞ്ഞുകൂടേ? അവിടുന്നു ക്ഷീണിക്കയോ തളരുകയോ ചെയ്യുന്നില്ല. അവിടുത്തെ മനോഗതം ആർക്കാണറിയാവുന്നത്?

29 ബലഹീനനു കരുത്തു നല്‌കുന്നത് അവിടുന്നത്രേ. ശക്തിഹീനന്റെ കരുത്തു വർധിപ്പിക്കുന്നതും അവിടുന്നു തന്നെ.

30 യുവാക്കൾപോലും ക്ഷീണിച്ചു തളരും, യൗവനക്കാർ പരിക്ഷീണരായി വീഴും.

31 എന്നാൽ സർവേശ്വരനെ കാത്തിരിക്കുന്നവർ ശക്തി വീണ്ടെടുക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടും, തളരുകയില്ല. അവർ നടക്കും, ക്ഷീണിക്കുകയില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan