യെശയ്യാവ് 35 - സത്യവേദപുസ്തകം C.L. (BSI)വിശുദ്ധ പാത 1 വിജനപ്രദേശവും വരണ്ട നിലവും സന്തോഷിക്കും. മരുഭൂമി ആനന്ദിച്ചു പുഷ്പിക്കും. 2 കുങ്കുമച്ചെടിപോലെ സമൃദ്ധമായി പൂക്കൾ വിരിയും. ആനന്ദഗീതം ആലപിച്ച് ആഹ്ലാദിക്കും. ലെബാനോനെപ്പോലെ അതു മനോഹരമായിരിക്കും. ശാരോനിന്റെയും കർമ്മേലിന്റെയും പ്രൗഢി അതിനു ലഭിക്കും. അവർ സർവേശ്വരന്റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്റെ മഹിമ ദർശിക്കും. 3 ദുർബലമായ കരങ്ങളെ ശക്തിപ്പെടുത്തുവിൻ. തളർന്ന കാൽമുട്ടുകളെ ഉറപ്പിക്കുവിൻ. 4 ഭീതിയിൽ കഴിയുന്നവനോട്, “ഭയപ്പെടേണ്ടാ, ധൈര്യമായിരിക്കൂ” എന്നു പറയുക. ഇതാ സർവേശ്വരൻ പ്രതികാരവുമായി വരുന്നു! അവിടുന്നു നിങ്ങളുടെ ശത്രുക്കളോടു പകരം വീട്ടുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും. 5 അന്ന് അന്ധന്മാരുടെ കണ്ണു തുറക്കും; ബധിരരുടെ ചെവി അടഞ്ഞിരിക്കുകയില്ല. 6 അന്നു മുടന്തൻ മാനിനെപ്പോലെ ചാടും. മൂകൻ ആനന്ദിച്ചുപാടും. മരുഭൂമിയിൽ നീരുറവകൾ ഉണ്ടാകും. വരണ്ട പ്രദേശത്ത് അരുവികൾ പൊട്ടിപ്പുറപ്പെടും. 7 ചുട്ടുപഴുത്ത മണൽപ്പരപ്പ് ജലാശയമായി മാറും. വരണ്ട ഭൂമി നീരുറവകളായിത്തീരും. കുറുനരികൾ വിഹരിച്ചിരുന്ന വരണ്ട ഭൂമി ചതുപ്പുനിലമായി മാറും. അവിടെ പുല്ലും ഞാങ്ങണയും കോരപ്പുല്ലും വളരും. 8 അവിടെ ഒരു പെരുവഴി ഉണ്ടാകും. അതിനു വിശുദ്ധവീഥി എന്ന പേരു വരും. അശുദ്ധർ അതിലൂടെ സഞ്ചരിക്കയില്ല. അവിടെ ബുദ്ധികെട്ടവർക്കുപോലും വഴി തെറ്റുകയില്ല. 9 സിംഹം അവിടെ ഉണ്ടായിരിക്കുകയില്ല. ഒരു ക്രൂരമൃഗവും അവിടെ പ്രവേശിക്കുകയില്ല, കാണപ്പെടുകയുമില്ല. വിമോചിതർ മാത്രം ആ വഴിയിലൂടെ സഞ്ചരിക്കും. 10 സർവേശ്വരനാൽ വീണ്ടെടുക്കപ്പെട്ടവൻ പാട്ടു പാടിക്കൊണ്ടു സീയോനിലേക്കു മടങ്ങിവരും. ശാശ്വതമായ ആനന്ദം അവരുടെ മുഖങ്ങളിൽ പരിലസിക്കും. അവർക്ക് ആനന്ദവും ഉല്ലാസവും ലഭിക്കും. സങ്കടവും നെടുവീർപ്പും അവരിൽ നിന്ന് ഓടിയകലും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India