Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 31 - സത്യവേദപുസ്തകം C.L. (BSI)


യെരൂശലേമിനു സംരക്ഷണം

1 ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനിലേക്കു ദൃഷ്‍ടി ഉയർത്തുകയോ അവിടുത്തെ ഹിതം ആരായുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോവുകയും അവരുടെ കുതിരകളിലും രഥങ്ങളുടെ സംഖ്യാബലത്തിലും ബലിഷ്ഠരായ കുതിരപ്പടയാളികളിലും വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം!

2 എന്നാൽ സർവജ്ഞനായ അവിടുന്ന് അവർക്ക് അനർഥം വരുത്തും. അവിടുത്തെ വാക്ക് ഒരിക്കലും മാറുകയില്ല. തിന്മ പ്രവർത്തിക്കുന്നവരുടെ ഭവനത്തിനും അനീതിക്കു കൂട്ടു നില്‌ക്കുന്നവർക്കും എതിരായി അവിടുന്നു നീങ്ങും.

3 ഈജിപ്തുകാർ മനുഷ്യരാണ്, ദൈവമല്ല. അവരുടെ കുതിരകൾ മാംസമാണ്, ആത്മാവല്ല. സർവേശ്വരൻ കൈ നീട്ടുമ്പോൾ സഹായകൻ നിലംപതിക്കും; സഹായിക്കപ്പെടുന്നവൻ വീഴും. അവർ ഒരുമിച്ചു നശിക്കും.

4 സർവേശ്വരൻ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: സിംഹമോ, സിംഹക്കുട്ടിയോ ഇരകണ്ടു മുരളുമ്പോൾ ഇടയന്മാരുടെ സംഘത്തെ അതിനെതിരെ വിളിച്ചുകൂട്ടിയാൽ അവരുടെ കൂക്കു വിളികേട്ട് അതു പേടിക്കുകയില്ല. ഒച്ചപ്പാടു കേട്ടു വിരളുകയുമില്ല. അതുപോലെ സർവശക്തനായ സർവേശ്വരൻ യുദ്ധം ചെയ്യാൻ സീയോൻഗിരിയിലിറങ്ങിവരും.

5 പക്ഷികൾ കൂടിനു മീതെ വട്ടമിട്ടു പറന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ സർവേശ്വരൻ യെരൂശലേമിനെ കാത്തുസൂക്ഷിക്കും. അവിടുന്ന് അതിന് അഭയം നല്‌കും.

6 ഇസ്രായേൽജനമേ, നിങ്ങൾ കഠിനമായി എതിർത്തവങ്കലേക്കു തന്നെ തിരിയുവിൻ;

7 നിങ്ങളുടെ പാപത്തിന്റെ ഫലമായി നിർമിച്ച സ്വർണവിഗ്രഹങ്ങളും വെള്ളിവിഗ്രഹങ്ങളും അന്നു നിങ്ങൾ ദൂരെ വലിച്ചെറിയും.

8 അസ്സീറിയാക്കാർ മനുഷ്യൻറേതല്ലാത്ത വാളിനാൽ സംഹരിക്കപ്പെടും. മനുഷ്യൻറേതല്ലാത്ത വാളിന് അവർ ഇരയാകും. അവരുടെ യുവാക്കന്മാർ അടിമവേല ചെയ്യാനിടയാകും.

9 കൊടുംഭീതികൊണ്ട് അവരുടെ അഭയസ്ഥാനം പൊയ്പ്പോകും. സൈന്യാധിപന്മാർ ഭയപ്പെട്ടു യുദ്ധപതാക കൈവെടിഞ്ഞു പലായനം ചെയ്യും. സീയോനിൽ അഗ്നിയും യെരൂശലേമിൽ തീച്ചൂളയുമുള്ള സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan