Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 28 - സത്യവേദപുസ്തകം C.L. (BSI)


വടക്കേരാജ്യത്തിനു താക്കീത്

1 ഇസ്രായേൽരാജ്യത്തിനു നാശം! മദ്യപരുടെ ഗർവിഷ്ട കിരീടത്തിനു സമ്പന്നമായ താഴ്‌വരയിലെ മദ്യമത്തരുടെ ശിരോലങ്കാരമായ മഹാസൗന്ദര്യത്തിന്റെ വാടുന്ന പുഷ്പത്തിനു ഹാ ദുരിതം!

2 ഇതാ, സർവേശ്വരന്റെ കരുത്തുറ്റവൻ! കന്മഴ ചൊരിയുന്ന വിനാശകമായ കാറ്റുപോലെയും പേമാരിപോലെയും കര കവിഞ്ഞൊഴുകുന്ന പെരുവെള്ളപ്രവാഹംപോലെയും അവൻ അവരെ നിലത്ത് ആഞ്ഞെറിഞ്ഞുകളയും.

3 മദ്യപരുടെ ഗർവകിരീടം നിലത്തിട്ടു ചവുട്ടും.

4 സമൃദ്ധമായ താഴ്‌വരയുടെ ശിരസ്സിലെ മഹാസൗന്ദര്യത്തിന്റെ വാടുന്ന പുഷ്പം, വിളവെടുപ്പിനു മുമ്പേ പഴുക്കുന്ന ആദ്യഫലമായ അത്തിപ്പഴംപോലെയാണ്. അതു കാണുന്നവർ ഉടൻ പറിച്ചുതിന്നും.

5 അന്നു സർവശക്തനായ സർവേശ്വരൻ മഹത്ത്വത്തിന്റെ മകുടമായിരിക്കും. തന്റെ ജനത്തിൽ അവശേഷിക്കുന്നവർക്കു സൗന്ദര്യത്തിന്റെ കിരീടവുമായിരിക്കും.

6 അവൻ ന്യായാധിപനു നീതിബോധവും ശത്രുസൈന്യത്തെ പായിച്ച് നഗരഗോപുരം സംരക്ഷിക്കുന്നവനു ശക്തിയുമായിരിക്കും.


പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും മുന്നറിയിപ്പ്

7 പ്രവാചകന്മാരും പുരോഹിതന്മാരും കുടിച്ചു കൂത്താടുന്നു. ലഹരിപിടിച്ചു കറങ്ങുന്നു. മദ്യം നിമിത്തം അവരുടെ ബുദ്ധി കുഴഞ്ഞുമറിയുന്നു. അവരുടെ ദർശനത്തിൽ പിഴപറ്റുന്നു. തീർപ്പു കല്പിക്കുന്നതിൽ അവർക്കു തെറ്റുപറ്റുന്നു.

8 ഛർദികൊണ്ടു മേശകളെല്ലാം നിറഞ്ഞിരിക്കുന്നു. മലിനമാകാത്ത ഒരിടവുമില്ല.

9 അവർ പറയുന്നു: “ആരെയാണിവൻ പഠിപ്പിക്കുന്നത്? ആർക്കുവേണ്ടിയാണു തന്റെ സന്ദേശം വിശദീകരിക്കുന്നത്?

10 മുലകുടി മാറിയ ശിശുക്കൾക്കുവേണ്ടിയോ? ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, ആജ്ഞയ്‍ക്കു മീതെ ആജ്ഞ, ഇവിടെ അല്പം, അവിടെ അല്പം.”

11 അപരിചിതമായ ശബ്ദത്തിലും അന്യഭാഷയിലും സർവേശ്വരൻ തന്റെ ജനത്തോടു സംസാരിക്കും.

12 അവർക്കു വിശ്രമവും സ്വസ്ഥതയും അവിടുന്നു വാഗ്ദാനം ചെയ്തു. എന്നാൽ അവർ അതു നിരസിച്ചു.

13 അതുകൊണ്ടു സർവേശ്വരന്റെ വചനം അവർക്കു ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, ആജ്ഞയ്‍ക്കു മീതെ ആജ്ഞ. ഇവിടെ അല്പം, അവിടെ അല്പം എന്നിങ്ങനെ ആയിരിക്കും. അതുകൊണ്ട് അവർ തകർന്നു പിറകോട്ടു മറിഞ്ഞു കെണിയിൽപ്പെട്ടു പിടിക്കപ്പെടും.


സീയോൻ മൂലക്കല്ല്

14 യെരൂശലേമിലെ ജനത്തെ ഭരിക്കുന്ന മതനിന്ദകരേ, സർവേശ്വരന്റെ വചനം ശ്രദ്ധിക്കുവിൻ.

15 നിങ്ങൾ വമ്പു പറയുന്നു. മരണവുമായി ഞങ്ങൾ ഉടമ്പടിയിലാണ്. അധോലോകവുമായി ഞങ്ങൾക്കൊരു കരാറുണ്ട്. വിനാശകരമായ മഹാമാരി കടന്നുപോകുമ്പോൾ അതു ഞങ്ങളെ സ്പർശിക്കുകയില്ല. കാരണം ഭോഷ്കു ഞങ്ങളുടെ അഭയസ്ഥാനവും നുണ ഞങ്ങളുടെ രക്ഷാകേന്ദ്രവുമായിരിക്കും.

16 അതുകൊണ്ടു ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, സീയോനിൽ എന്റെ അടിസ്ഥാനശിലയായി പരിശോധിക്കപ്പെട്ട ഒരു ഉറപ്പുള്ള കല്ല്, അമൂല്യമായ ഒരു മൂലക്കല്ലു ഞാൻ സ്ഥാപിച്ചിരിക്കുന്നു. വിശ്വസിക്കുന്നവൻ ചഞ്ചലപ്പെടുകയില്ല.

17 ഞാൻ നീതിയെ അളവുനൂലും ധർമനിഷ്ഠയെ തൂക്കുകട്ടയും ആക്കും. കന്മഴ നിന്റെ അഭയസ്ഥാനമായ വ്യാജത്തെ നീക്കിക്കളയും. പെരുവെള്ളം നിന്റെ രക്ഷാസങ്കേതത്തെ നിർമാർജനം ചെയ്യും.

18 അപ്പോൾ മരണവുമായുള്ള നിങ്ങളുടെ ഉടമ്പടി അസാധുവാകും. അധോലോകവുമായുള്ള കരാർ നിലനില്‌ക്കുകയുമില്ല. പ്രതിരോധിക്കാനാവാത്ത മഹാമാരി കടന്നു പോകുമ്പോൾ നിങ്ങൾ അതിന്റെ അടിയേറ്റു വീഴും.

19 അതു നിരന്തരം പ്രഹരിക്കും; പ്രഭാതം തോറും ആഞ്ഞടിക്കും. രാത്രിയിലും അതു തുടരും. ആ വാർത്ത കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടിവിറയ്‍ക്കും.

20 നിവർന്നു കിടക്കാൻ നീളമില്ലാത്ത കട്ടിലും ദേഹം ആകെ മൂടാൻ തക്ക വീതിയില്ലാത്ത പുതപ്പുമുള്ളവന്റെ അവസ്ഥയായിരിക്കും നിങ്ങളുടേത്.

21 പെരാസീംപർവതത്തിലെന്നപോലെ തന്റെ പ്രവൃത്തി നിറവേറ്റാൻ സർവേശ്വരൻ എഴുന്നേല്‌ക്കും. അവിടുത്തെ പ്രവൃത്തി അദ്ഭുതകരവും അപ്രതീക്ഷിതവും ആയിരിക്കും. ഗിബെയോൻതാഴ്‌വരയിൽ വച്ചെന്നപോലെ അവിടുന്നു കോപാകുലനാകുകയും ചെയ്യും. നിങ്ങൾ നിന്ദിക്കരുത്.

22 നിങ്ങൾ പരിഹസിച്ചാൽ നിങ്ങളുടെ ബന്ധനം മുറുകും. ദേശത്തിനുണ്ടാകാൻ പോകുന്ന നാശത്തെക്കുറിച്ചു സർവശക്തനായ ദൈവമായ സർവേശ്വരന്റെ വിധി ഞാൻ കേട്ടിരിക്കുന്നു.


കർഷകന്റെ ദൃഷ്ടാന്തം

23 ചെവിതരുവിൻ, എന്റെ സ്വരം ശ്രദ്ധിക്കുവിൻ. ഞാൻ പറയുന്നതു കേൾക്കുവിൻ.

24 വിതയ്‍ക്കാൻ നിലം ഉഴുന്ന കർഷകൻ എപ്പോഴും ഉഴുതു കൊണ്ടിരിക്കുമോ? അവൻ എപ്പോഴും ഉഴുതുമറിച്ചു കട്ട ഉടച്ചുകൊണ്ടിരിക്കുമോ?

25 നിലം സമനിരപ്പാക്കിയശേഷം അവൻ ചതകുപ്പയും ജീരകവും വിതയ്‍ക്കുകയില്ലേ? വരിവരിയായി കോതമ്പു നടുകയും യഥാസ്ഥാനങ്ങളിൽ ബാർളി വിതയ്‍ക്കുകയും ചെറുകോതമ്പ് അതിനുള്ളിൽ ഇടുകയും ചെയ്യുന്നില്ലേ?

26 എന്തെന്നാൽ അവനു ശരിയായ അറിവ് ലഭിച്ചിരിക്കുന്നു. അവന്റെ ദൈവം അവനെ അഭ്യസിപ്പിക്കുന്നു.

27 ചതകുപ്പ മെതിയന്ത്രംകൊണ്ടു മെതിക്കുന്നില്ല. ജീരകത്തിന്മേൽ വണ്ടിച്ചക്രം ഉരുട്ടുന്നുമില്ല. ചതകുപ്പ വടികൊണ്ടും ജീരകം കോലുകൊണ്ടും തല്ലി വേർതിരിക്കുന്നു.

28 മെതിക്കുമ്പോൾ കോതമ്പ് ആരും ചതച്ചുകളയുകയില്ല. കുതിരവണ്ടിച്ചക്രം അതിന്മേൽ ഉരുട്ടാറുമില്ല.

29 ഈ അറിവും സർവശക്തനായ സർവേശ്വരനിൽ നിന്നാണു ലഭിക്കുന്നത്. ദൈവത്തിന്റെ ഉപദേശം അദ്ഭുതകരവും വിവേകം അതിശ്രേഷ്ഠവും ആകുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan