യെശയ്യാവ് 27 - സത്യവേദപുസ്തകം C.L. (BSI)1 അന്നു സർവേശ്വരൻ ബലമേറിയ വലിയ വാളുകൊണ്ട് കുതിച്ചു പുളഞ്ഞു പായുന്ന ലിവ്യാഥാനെ ശിക്ഷിക്കും. സമുദ്രത്തിലെ വ്യാളത്തെ നിഗ്രഹിക്കും. 2 അന്നാളിൽ മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ചു പാടുവിൻ. 3 സർവേശ്വരനായ ഞാനാണ് അതിന്റെ സൂക്ഷിപ്പുകാരൻ. ഞാൻ നിരന്തരം അതിനെ നനയ്‍ക്കുന്നു. രാവും പകലും ഞാനതിനെ കാത്തുസൂക്ഷിക്കും. ആരും അതിനെ നശിപ്പിക്കുകയില്ല. 4 അതിനോട് എനിക്കു ക്രോധം ഇല്ല. മുള്ളും മുൾച്ചെടിയും വളർന്നുവന്നാൽ ഞാൻ അതിനെ സമൂലം നശിപ്പിക്കും. 5 എന്റെ ജനത്തിന്റെ ശത്രുക്കൾക്ക് എന്റെ സംരക്ഷണം വേണമെങ്കിൽ എന്നോടു സമാധാനഉടമ്പടി ചെയ്യട്ടെ. അതേ, എന്നോടു രമ്യതപ്പെടട്ടെ. 6 ഭാവിയിൽ ഇസ്രായേൽ വലിയ വൃക്ഷംപോലെ വേരൂന്നി വളരും. അതു പുഷ്പിക്കുകയും ഭൂമി മുഴുവൻ അതിന്റെ ഫലംകൊണ്ടു നിറയുകയും ചെയ്യും. 7 ഇസ്രായേലിനെ പ്രഹരിച്ചവരെ പ്രഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ പ്രഹരിച്ചിട്ടുണ്ടോ? ഇസ്രായേലിനെ സംഹരിച്ചവരെ സംഹരിച്ചതുപോലെ അവിടുന്ന് ഇസ്രായേലിനെ സംഹരിച്ചിട്ടുണ്ടോ? 8 സർവേശ്വരൻ തന്റെ ജനത്തെ പ്രവാസികളാക്കി ശിക്ഷിച്ചു. ഉഗ്രമായ കിഴക്കൻകാറ്റിൽ അവരെ ഊതിപ്പറപ്പിച്ചു. 9 ഇങ്ങനെ ഇസ്രായേലിന്റെ അകൃത്യത്തിനു പരിഹാരമുണ്ടാകും. ഇതായിരിക്കും പാപപരിഹാരത്തിന്റെ പരിണാമം; യാഗപീഠങ്ങളുടെ കല്ലുകൾ ചുണ്ണാമ്പുകല്ലുപോലെ തകർത്തുപൊടിക്കും; അശേരാപ്രതിഷ്ഠകളോ ധൂപപീഠങ്ങളോ അവശേഷിക്കുകയില്ല. സുരക്ഷിതമായ പട്ടണം ആളൊഴിഞ്ഞിരിക്കും. 10 ജനനിബിഡമായ സ്ഥലം മരുഭൂമിപോലെ വിജനവും ശൂന്യവും ആയിത്തീരും. അവിടെ കന്നുകാലി മേഞ്ഞു നടക്കും; അവ ചില്ലകൾ കാർന്നുതിന്ന് അവിടെ വിശ്രമിക്കും. 11 അവിടത്തെ മരക്കൊമ്പുകൾ ഉണങ്ങി ഒടിഞ്ഞുവീഴും. സ്‍ത്രീകൾ അവ പെറുക്കി തീ കത്തിക്കും. ഇവർ വിവേകമില്ലാത്ത ജനമാകയാൽ സ്രഷ്ടാവായ ദൈവം അവരോടു കരുണ കാട്ടുകയില്ല. അവർക്കു രൂപം നല്‌കിയവൻ അവരിൽ പ്രസാദിക്കുകയില്ല. 12 അന്നു യൂഫ്രട്ടീസ് നദിമുതൽ ഈജിപ്തിന്റെ അതിർത്തിയിലുള്ള തോടുവരെ സർവേശ്വരൻ കറ്റ മെതിച്ചു ധാന്യം ശേഖരിക്കും. ഇസ്രായേലേ, നിങ്ങളെ ഓരോരുത്തരായി അവിടുന്ന് ഒരുമിച്ചുകൂട്ടും. 13 അന്നു വലിയ കാഹളധ്വനി മുഴങ്ങും; അസ്സീറിയായിൽ വച്ചു കാണാതായവരും ഈജിപ്തിലേക്ക് ഓടിക്കപ്പെട്ടവരുമായ ജനം യെരൂശലേമിലെ വിശുദ്ധപർവതത്തിൽ വന്നു സർവേശ്വരനെ ആരാധിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India