യെശയ്യാവ് 25 - സത്യവേദപുസ്തകം C.L. (BSI)സ്തോത്രഗീതം 1 സർവേശ്വരാ, അവിടുന്നാണ് എന്റെ ദൈവം. അങ്ങയെ ഞാൻ പുകഴ്ത്തും. അവിടുത്തെ നാമം ഞാൻ പ്രകീർത്തിക്കും. അവിടുന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു. പണ്ടേ ആവിഷ്കരിച്ച പദ്ധതികൾ അവിടുന്നു വിശ്വസ്തതയോടും സത്യത്തോടും നിറവേറ്റി. 2 അവിടുന്നു നഗരം കല്‌ക്കൂമ്പാരമാക്കി. സുരക്ഷിതനഗരം ശൂന്യമാക്കി. വിദേശികളുടെ കൊട്ടാരങ്ങൾ എന്നേക്കുമായി തകർന്നു. അതിനു പുനർനിർമാണം ഉണ്ടാകയില്ല. 3 അതിനാൽ കരുത്തുള്ള ജനത അങ്ങയുടെ മഹത്ത്വം പ്രകീർത്തിക്കും. നിർദയരായ ജനതകളുടെ നഗരങ്ങൾ അങ്ങയെ ഭയപ്പെടും. 4 അവിടുന്നു ദരിദ്രരുടെ രക്ഷാസങ്കേതവും ആശ്രയമറ്റവർക്കു കഷ്ടതകളിൽ അഭയസ്ഥാനവുമാണ്. കൊടുങ്കാറ്റിൽ അഭയവും കൊടുംവെയിലിൽ തണലും. ക്രൂരജനതയുടെ ആക്രമണം മതിലിനെതിരെ വീശുന്ന കൊടുങ്കാറ്റുപോലെയാണ്. 5 വരണ്ട ഭൂമിയിലെ ഉഷ്ണം എന്നപോലെ, അവിടുന്നു വിദേശികളുടെ ആരവം അടക്കുന്നു. മേഘത്തിന്റെ മറവിൽ വെയിൽ എന്നപോലെ, ക്രൂരന്മാരുടെ ഗാനം നിലയ്‍ക്കുന്നു. സർവേശ്വരന്റെ വിരുന്ന് 6 സർവശക്തനായ സർവേശ്വരൻ ഈ പർവതത്തിൽ സർവജനതകൾക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും. മേൽത്തരം വീഞ്ഞും കൊഴുപ്പേറിയ സ്വാദിഷ്ഠഭോജ്യങ്ങളും വിളമ്പുന്ന വിരുന്ന്. 7 സർവജനതകളെയും മൂടിയിരിക്കുന്ന വിലാപത്തിന്റെ ആവരണവും സകല ജനതകളുടെയും മേലുള്ള ദുഃഖത്തിന്റെ വിരിയും ഈ പർവതത്തിൽ വച്ചു സർവേശ്വരൻ നശിപ്പിക്കും. 8 അവിടുന്നു മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും. എല്ലാവരുടെയും കണ്ണീർ തുടച്ചുകളയും. തന്റെ ജനത്തിന്റെ അപമാനം നീക്കുകയും ചെയ്യും. 9 സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു. അന്ന് എല്ലാവരും ഇങ്ങനെ പറയും: “ഇതാ, നമ്മുടെ ദൈവം! അവിടുത്തെയാണു നാം കാത്തിരുന്നത്. അവിടുന്ന് നമ്മെ രക്ഷിക്കും. അവിടുന്നുതന്നെ നമ്മുടെ സർവേശ്വരൻ. അവിടുത്തേക്കു വേണ്ടിയാണു നാം കാത്തിരുന്നത്. അവിടുത്തെ രക്ഷയിൽ നമുക്ക് ആനന്ദിച്ചുല്ലസിക്കാം.” മോവാബിനു ശിക്ഷ 10 സർവേശ്വരന്റെ കരം ഈ പർവതത്തിൽ വിശ്രമിക്കും. ചാണകക്കുഴിയിലെ വയ്‍ക്കോൽ പോലെ മോവാബ് ചവുട്ടിമെതിക്കപ്പെടും. 11 നീന്തൽക്കാരൻ നീന്താൻ കൈനീട്ടുന്നതുപോലെ മോവാബ് നീന്താൻ കൈ നീട്ടും. എന്നാൽ സർവേശ്വരൻ അവരുടെ അഹങ്കാരവും കരവിരുതും നശിപ്പിക്കും. 12 അവരുടെ ഉയർന്ന കോട്ടകളെ അവിടുന്ന് ഇടിച്ചു തവിടുപൊടിയാക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India