Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 24 - സത്യവേദപുസ്തകം C.L. (BSI)


ന്യായവിധി

1 സർവേശ്വരൻ ഭൂമിയെ ശൂന്യവും വിജനവും ആക്കിത്തീർക്കും. ഭൂമുഖത്തെ കീഴ്മേൽ മറിച്ച് അതിലെ നിവാസികളെ ചിതറിക്കും.

2 ജനത്തിനും പുരോഹിതനും ദാസനും യജമാനനും ദാസിക്കും യജമാനത്തിക്കും വാങ്ങുന്നവനും വിൽക്കുന്നവനും വായ്പ വാങ്ങുന്നവനും കൊടുക്കുന്നവനും പലിശയ്‍ക്കു പണം വാങ്ങുന്നവനും കൊടുക്കുന്നവനും ഒരേ അനുഭവം ഉണ്ടാകും.

3 ഭൂമി നിശ്ശേഷം ശൂന്യമാകും; പൂർണമായി കൊള്ളയടിക്കപ്പെടും. ഇതു സർവേശ്വരന്റെ വചനം.

4 ഭൂമി വിലപിക്കും. അത് ഉണങ്ങിക്കരിയും. ലോകം തളരും, അത് ഉണങ്ങി വരളും.

5 ലോകത്തിലെ ഉന്നതന്മാർ തളർന്നുപോകും. ഭൂവാസികൾ നിമിത്തം ഭൂമി മലിനയായിത്തീർന്നിരിക്കുന്നു. അവർ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും ശാശ്വതമായ ഉടമ്പടി തകർക്കുകയും ചെയ്തിരിക്കുന്നു.

6 അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായിരിക്കുന്നു. ഭൂവാസികൾ തങ്ങളുടെ അപരാധം നിമിത്തം ദുരിതം അനുഭവിക്കുന്നു. അവർ വെന്തു കരിയുന്നു. ചുരുക്കം ചിലർ അവശേഷിക്കുന്നു. മുന്തിരിവള്ളി വാടുന്നു.

7 പുതുവീഞ്ഞ് ദുർലഭമായിത്തീരുന്നു. ആഹ്ലാദചിത്തർ നെടുവീർപ്പിടുന്നു.

8 തപ്പുകളുടെ താളമേളവും ആർപ്പുവിളിയുടെ ഘോഷവും കിന്നരത്തിന്റെ ആഹ്ലാദസ്വരവും നിലച്ചു.

9 അവർ പാടിക്കൊണ്ട് ഇനി വീഞ്ഞു കുടിക്കുകയില്ല. മദ്യം അവർക്കു കയ്പായിത്തീരും.

10 താറുമാറായ നഗരം വീണടിഞ്ഞിരിക്കുന്നു. ആർക്കും പ്രവേശിച്ചുകൂടാത്തവിധം വീടുകളെല്ലാം അടയ്‍ക്കപ്പെട്ടിരിക്കുന്നു.

11 വീഞ്ഞില്ലാത്തതിനാൽ വീഥികളിൽ നിലവിളി ഉയരുന്നു. സന്തോഷം അസ്തമിച്ചിരിക്കുന്നു.

12 ഭൂമിയിൽ ആഹ്ലാദം അപ്രത്യക്ഷമായിരിക്കുന്നു. നഗരവാതിലുകൾ തല്ലിത്തകർക്കപ്പെട്ടിരിക്കുന്നു. നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു.

13 ഒലിവു തല്ലുന്നതുപോലെയും മുന്തിരി വിള എടുത്തശേഷം കാലാപെറുക്കുന്നതുപോലെയും ആയിരിക്കും ഭൂമിയിൽ ജനതകളുടെ ഇടയിൽ ഇതു സംഭവിക്കുക.

14 അവർ ആഹ്ലാദത്തോടെ പാടും. പടിഞ്ഞാറുനിന്ന് അവർ ആർത്തുഘോഷിച്ച് സർവേശ്വരന്റെ മഹത്ത്വത്തെ പ്രകീർത്തിക്കും.

15 അതിനാൽ കിഴക്കുള്ളവർ സർവേശ്വരനെ വാഴ്ത്തിപ്പുകഴ്ത്തട്ടെ. തീരദേശവാസികൾ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ മഹത്ത്വത്തെ പ്രകീർത്തിക്കട്ടെ.

16 നീതിമാനായ ദൈവത്തെ പ്രകീർത്തിക്കുന്ന ഗാനം ഭൂമിയുടെ അറുതിയിൽനിന്നു നാം കേൾക്കുന്നു. എന്നാൽ ഞാൻ പറയുന്നു: ഞാൻ ക്ഷയിച്ചുപോകുന്നു. ക്ഷയിച്ചു പോകുന്നു. ഹാ! എനിക്കു ദുരിതം! വഞ്ചകർ വഞ്ചിക്കുന്നു. അവർ കൊടിയ വഞ്ചന കാട്ടുന്നു.

17 ഭൂവാസികളേ, ഭീകരതയും ചതിക്കുന്ന ഗർത്തവും കെണിയും നിങ്ങളെ കാത്തിരിക്കുന്നു.

18 ഭീകരശബ്ദം കേട്ട് ഓടുന്നവർ കുഴിയിൽ വീഴും. കുഴിയിൽനിന്നും കയറുന്നവർ കെണിയിൽ പെടും. ആകാശജാലകങ്ങൾ തുറന്നിരിക്കുന്നു. ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.

19 ഭൂമി തീർത്തും തകർന്നുകഴിഞ്ഞു. അതു വിണ്ടുകീറിയിരിക്കുന്നു. അതു പ്രകമ്പനം കൊള്ളുന്നു.

20 ഭൂമി ഉന്മത്തനെപ്പോലെ ചാഞ്ചാടുന്നു. കാറ്റിൽ കാവൽമാടം എന്നപോലെ ആടി ഉലയുന്നു. അതിന്റെ അകൃത്യഭാരം അത്യധികമാകയാൽ അതു വീഴുന്നു. ഇനി എഴുന്നേല്‌ക്കുകയില്ല.

21 അന്നു സർവേശ്വരൻ ആകാശശക്തികളെ ആകാശത്തു വച്ചും, ഭൂപതികളെ ഭൂമിയിൽവച്ചും ശിക്ഷിക്കും.

22 ഇരുട്ടറയിൽ തടവുകാരെ എന്നപോലെ അവരെ ഒരുമിച്ച് ഒരു കുഴിയിൽ ഇടും. അനേകനാളുകൾക്കു ശേഷം അവരെ ശിക്ഷിക്കും. അന്ന് ചന്ദ്രൻ മുഖം മറയ്‍ക്കും. സൂര്യൻ നാണിക്കും.

23 സർവശക്തനായ സർവേശ്വരൻ സീയോൻപർവതത്തിലും യെരൂശലേമിലും വാണരുളുമല്ലോ. അവിടുന്നു ശ്രേഷ്ഠപുരുഷന്മാരുടെ മുമ്പിൽ തന്റെ മഹത്ത്വം വെളിപ്പെടുത്തും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan