Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 22 - സത്യവേദപുസ്തകം C.L. (BSI)


യെരൂശലേമിനെക്കുറിച്ച്

1 ദർശനത്താഴ്‌വരയെക്കുറിച്ചുള്ള അരുളപ്പാട്: “നിങ്ങൾ എല്ലാവരും മട്ടുപ്പാവുകളിൽ കയറത്തക്കവിധം എന്തുണ്ടായി?

2 ആർപ്പുവിളിയും ആഹ്ലാദത്തിമിർപ്പുംകൊണ്ട് ഇളകി മറിയുന്ന നഗരമേ, നിങ്ങളിൽ കൊല്ലപ്പെട്ടവർ വാളിനിരയായവരല്ല. യുദ്ധത്തിൽ മരിച്ചവരുമല്ല.

3 നിങ്ങളുടെ ഭരണാധിപന്മാരെല്ലാം ഒരുമിച്ച് പലായനം ചെയ്തു. അമ്പും വില്ലും കൂടാതെതന്നെ അവർ പിടിക്കപ്പെട്ടു. അവർ വിദൂരത്തേക്ക് ഓടിപ്പോയെങ്കിലും കണ്ണിൽ പെട്ടവരെല്ലാം പിടിക്കപ്പെട്ടു.

4 അതുകൊണ്ട് എന്നിൽനിന്നു കണ്ണു തിരിക്കുക. ഞാൻ വിങ്ങിവിങ്ങി കരയട്ടെ. എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കേണ്ടാ.

5 ദർശനത്താഴ്‌വരയിൽ പരിഭ്രാന്തിയുടെയും പരാജയത്തിന്റെയും അമ്പരപ്പിന്റെയും ഒരു ദിവസം. ഇതു സർവശക്തനായ സർവേശ്വരന്റെ ദിവസം. കോട്ടകൾ തകർക്കപ്പെടുന്നു. പർവതങ്ങളിൽ അവരുടെ നിലവിളി ഉയരുന്നു.

6 രഥങ്ങളും കുതിരപ്പടയുമുള്ള ഏലാം ആവനാഴി അണിഞ്ഞു. കീർദേശം പരിച പുറത്തെടുത്തു.

7 നിന്റെ മനോഹരമായ താഴ്‌വരകളിൽ രഥങ്ങൾ നിറയും. വാതില്‌ക്കൽ കുതിരപ്പട അണിനിരക്കും.

8 യെഹൂദായുടെ രക്ഷാകവചം മാറ്റപ്പെട്ടു. വനമധ്യത്തിലുള്ള ആയുധപ്പുരയിലേക്ക് അന്നു നിങ്ങൾ നോക്കി.

9 ദാവീദിന്റെ കോട്ടയിൽ നിരവധി വിള്ളലുകൾ നിങ്ങൾ കണ്ടു. താഴത്തെ കുളത്തിലെ വെള്ളം നിങ്ങൾ കെട്ടിനിർത്തി.

10 നിങ്ങൾ യെരൂശലേമിലെ വീടുകൾ എണ്ണി. മതിലുകളുടെ അറ്റകുറ്റപ്പണി നടത്താൻ അവയിൽ ചിലതു പൊളിച്ചു.

11 പഴയ കുളത്തിലെ ജലം സംഭരിക്കാൻ രണ്ടു മതിലുകൾക്കിടയിൽ ഒരു ജലസംഭരണി നിർമിച്ചു. എന്നാൽ ഇതു നിർമിച്ചവന്റെ അടുക്കലേക്കു നിങ്ങൾ തിരിയുകയോ, പണ്ടുതന്നെ ഇത് ആസൂത്രണം ചെയ്തവനെ നിങ്ങൾ ഓർക്കുകയോ ചെയ്തില്ല.

12 അന്നു തല മുണ്ഡനം ചെയ്തു ചാക്കുതുണി ഉടുത്തു കരയാനും വിലപിക്കാനും സർവശക്തനായ സർവേശ്വരൻ നിങ്ങളെ വിളിച്ചു.

13 എന്നാൽ നിങ്ങൾ ഇതാ, സന്തോഷിച്ചുല്ലസിക്കുന്നു, കാളയെ അറുക്കുന്നു, ആടിനെ വെട്ടുന്നു, മാംസം ഭക്ഷിക്കുന്നു. വീഞ്ഞു കുടിക്കുന്നു! “നമുക്കു തിന്നു കുടിച്ചുല്ലസിക്കാം, നാളെ മരിക്കുമല്ലോ” എന്നു നിങ്ങൾ പറയുന്നു.

14 സർവശക്തനായ സർവേശ്വരൻ എന്റെ ചെവിയിൽ പറഞ്ഞു: “ഈ അധർമം നിങ്ങൾ മരിക്കുന്നതുവരെ ക്ഷമിക്കപ്പെടുകയില്ല.”


ശെബ്നയ്‍ക്കെതിരെ താക്കീത്

15 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നീ ചെന്നു കൊട്ടാരം വിചാരിപ്പുകാരനായ ശെബ്നയോടു പറയുക:

16 “നിനക്കിവിടെ എന്തു കാര്യം? ഇവിടെ ആരാണ് നിനക്കുള്ളത്? ഉയർന്ന സ്ഥലത്തു കല്ലറ നിർമിക്കുകയും പാറ തുരന്നു പാർപ്പിടമുണ്ടാക്കുകയും ചെയ്യാൻ നിനക്കെന്തവകാശം?

17 കരുത്തനായ മനുഷ്യാ, സർവേശ്വരൻ നിന്നെ ചുഴറ്റി എറിഞ്ഞുകളയും.

18 വിശാലമായ ദേശത്തേക്ക് പന്തുപോലെ നിന്നെ ചുഴറ്റിയെറിയും. യജമാനന്റെ ഗൃഹത്തിന് അപമാനമായ നീ അവിടെക്കിടന്നു മരിക്കും. നിന്റെ പകിട്ടേറിയ രഥങ്ങൾ അവിടെ കിടക്കും.

19 നിന്റെ പദവിയിൽനിന്നു ഞാൻ നിന്നെ നീക്കും. നിന്റെ സ്ഥാനത്തുനിന്നു നിന്നെ വലിച്ചു താഴെയിടും.

20 അന്നു ഞാൻ ഹില്‌ക്കീയായുടെ പുത്രനും എന്റെ ദാസനുമായ എല്യാക്കീമിനെ വിളിക്കും.

21 നിന്റെ അങ്കിയും അരക്കച്ചയും ഞാനവനെ ധരിപ്പിക്കും, നിന്റെ അധികാരം അവനെ ഏല്പിക്കും. യെരൂശലേംനിവാസികൾക്കും യെഹൂദാഗൃഹത്തിനും അവൻ പിതാവായിരിക്കും.

22 ദാവീദിന്റെ ഗൃഹത്തിന്റെ താക്കോൽ ഞാൻ അവന്റെ ചുമലിൽ വയ്‍ക്കും. അവൻ തുറക്കുന്നത് ആരെങ്കിലും അടയ്‍ക്കുകയോ, അടയ്‍ക്കുന്നതു തുറക്കുകയോ ഇല്ല.

23 ഉറപ്പുള്ള സ്ഥലത്ത് ഒരു കുറ്റി എന്നപോലെ ഞാനവനെ ഉറപ്പിക്കും. അവൻ തന്റെ പിതൃഭവനത്തിനു മഹത്തായ സിംഹാസനം ആയിരിക്കും.

24 തന്റെ പിതൃഭവനത്തിലെ ബന്ധുക്കളും ആശ്രിതരും അവനു ഭാരമായിരിക്കും; കോപ്പകൾമുതൽ ഭരണികൾവരെ കുറ്റിയിൽ തൂക്കിയിടുന്നതുപോലെ അവൻ അവനിൽ തൂങ്ങിനില്‌ക്കും.

25 “അന്ന് ഉറച്ചസ്ഥലത്ത് ഉറപ്പിച്ചിരുന്ന കുറ്റി ഇളകിവീഴും. അതിൽ തൂക്കിയിട്ടിരുന്ന ഭാരവും അറ്റുവീഴും” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan