യെശയ്യാവ് 20 - സത്യവേദപുസ്തകം C.L. (BSI)ഈജിപ്തിനും എത്യോപ്യക്കും എതിരെ 1 അസ്സീറിയയിലെ രാജാവായ സർഗോൻ അയച്ച സർവസൈന്യാധിപൻ അശ്ദോദിൽ ചെല്ലുകയും യുദ്ധം ചെയ്ത് അതിനെ കീഴടക്കുകയും ചെയ്ത വർഷം 2 ആമോസിന്റെ മകനായ യെശയ്യായോടു സർവേശ്വരൻ അരുളിച്ചെയ്തു: “നിന്റെ അരയിൽനിന്നു ചാക്കുതുണി അഴിക്കുക. കാലിൽ നിന്നു ചെരുപ്പൂരുക.” യെശയ്യാ അങ്ങനെ ചെയ്തു. അദ്ദേഹം വസ്ത്രം ധരിക്കാതെയും നഗ്നപാദനായും നടന്നു. 3 അവിടുന്ന് അരുളിച്ചെയ്തു: “ഈജിപ്തിനും എത്യോപ്യക്കും എതിരെയുള്ള അടയാളവും മുന്നറിയിപ്പുമായി എന്റെ ദാസനായ യെശയ്യാ നഗ്നനായി ചെരുപ്പിടാതെ മൂന്നു വർഷം സഞ്ചരിച്ചു. 4 അതുപോലെ അസ്സീറിയാരാജാവ് ഈജിപ്തുകാരെ അടിമകളും എത്യോപ്യക്കാരെ പ്രവാസികളും ആക്കുകയും അവരെ ആബാലവൃദ്ധം നൂൽബന്ധമില്ലാത്തവരും നഗ്നപാദരും പൃഷ്ഠഭാഗം മറയ്‍ക്കാത്തവരുമാക്കി പിടിച്ചുകൊണ്ടുപോയി ഈജിപ്തിനെ ലജ്ജിപ്പിക്കും. 5 അപ്പോൾ ഈജിപ്തിനെപ്പറ്റി അഭിമാനം കൊണ്ടവരും എത്യോപ്യയിൽ പ്രത്യാശ വച്ചിരുന്നവരും അമ്പരന്നു പരിഭ്രമിക്കും. 6 അന്ന് തീരദേശവാസികൾ പറയും: “അസ്സീറിയാരാജാവിൽനിന്നു രക്ഷപെടാൻവേണ്ടി നാം അഭയം പ്രാപിച്ചിരുന്നവർക്ക് ഇതാണല്ലോ ഗതി. പിന്നെ നാം എങ്ങനെ രക്ഷപെടും?” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India