Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 18 - സത്യവേദപുസ്തകം C.L. (BSI)


എത്യോപ്യക്കെതിരെ

1 ഹാ! എത്യോപ്യയിലെ നദികൾക്കപ്പുറമുള്ള ദേശം; ചിറകടി ശബ്ദം മുഴങ്ങുന്ന ദേശം. നൈൽനദി വഴി ഞാങ്ങണത്തോണികളിൽ ദൂതന്മാരെ അയയ്‍ക്കുന്ന ദേശം!

2 അവിടത്തെ ജനങ്ങൾ ദീർഘകായരും മൃദുചർമികളുമാണ്. ദൂരെയുള്ളവർപോലും ഭയപ്പെടുന്ന ബലശാലികളും പരാക്രമികളുമായ ജനം നിവസിക്കുന്നതും നദികളാൽ വിഭജിക്കപ്പെട്ടിരിക്കുന്നതുമായ ആ ദേശത്തേക്ക്, ശീഘ്രഗാമികളായ ദൂതന്മാരേ, നിങ്ങൾ പോകുവിൻ.

3 ഭൂമിയിൽ നിവസിക്കുന്ന സമസ്ത ജനങ്ങളേ, പർവതങ്ങളിൽ കൊടിയുയർത്തുമ്പോൾ നോക്കുവിൻ; കാഹളം ധ്വനിക്കുമ്പോൾ ശ്രദ്ധിക്കുവിൻ.

4 സർവേശ്വരൻ എന്നോട് അരുളിച്ചെയ്തിരിക്കുന്നു: “സൂര്യപ്രകാശത്തിന്റെ ചൂടുകിരണങ്ങൾപോലെ, കൊയ്ത്തു കാലത്തെ ചൂടിൽ തുഷാരമേഘംപോലെ, എന്റെ നിവാസത്തിൽനിന്നു ഞാൻ പ്രശാന്തനായി നോക്കും.

5 വിളവെടുപ്പിനു മുമ്പ്, പൂക്കൾ പൊഴിഞ്ഞു മുന്തിരി വിളയുന്നതിനു മുമ്പ് അവിടുന്ന് അരിവാൾകൊണ്ടു ചില്ലകളും വള്ളികളും മുറിച്ചുകളയും. പടർന്നു കിടക്കുന്ന ശാഖകൾ ചെത്തിക്കളയും.

6 അവ പർവതത്തിലെ കഴുകനും വന്യമൃഗങ്ങൾക്കും ഇരയാകും. വേനൽക്കാലത്ത് കഴുകനും മഞ്ഞുകാലത്ത് വന്യമൃഗങ്ങളും അവകൊണ്ട് ഉപജീവിക്കും.

7 അന്നു നദികളാൽ വിഭജിക്കപ്പെട്ടിരിക്കുന്ന ദേശത്തുനിന്ന്, ദീർഘകായന്മാരും മൃദുചർമികളും ദൂരെയുള്ളവർപോലും ഭയപ്പെടുന്ന ബലശാലികളും പരാക്രമികളുമായ ജനം നിവസിക്കുന്ന ദേശത്തുനിന്നു സീയോൻ പർവതത്തിലേക്കു സർവശക്തനായ സർവേശ്വരനു തിരുമുൽക്കാഴ്ചകൾ കൊണ്ടുവരും.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan