Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 17 - സത്യവേദപുസ്തകം C.L. (BSI)


സിറിയയ്‍ക്കും ഇസ്രായേലിനും ശിക്ഷ

1 ദമാസ്കസിനെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാട്: ദമാസ്കസ് ഇനിമേൽ ഒരു പട്ടണമായിരിക്കുകയില്ല. അതു ശൂന്യാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിരിക്കും.

2 അതിലെ നഗരങ്ങൾ വിജനമായിത്തീരും. അവ ആട്ടിൻപറ്റങ്ങളുടെ താവളമാകും. ആരും അവയെ ഭയപ്പെടുത്തുകയില്ല.

3 എഫ്രയീമിന്റെ കോട്ട അപ്രത്യക്ഷമാകും. ദമാസ്കസിൽ രാജവാഴ്ച ഇല്ലാതെയാകും. സിറിയയിൽ അവശേഷിക്കുന്നവരുടെ മഹത്ത്വം ഇസ്രായേൽജനത്തിൻറേതുപോലെയാകും എന്നിങ്ങനെ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.

4 അന്ന് ഇസ്രായേലിന്റെ മഹത്ത്വം ക്ഷയിക്കും. മേദസ്സ് കുറഞ്ഞ് ശരീരം മെലിയും.

5 അതു കൊയ്ത്തുകാലത്ത് കതിർക്കുലകൾ കൊയ്തെടുത്തു കഴിഞ്ഞ വയൽപോലെയോ, കാലാ പെറുക്കിക്കഴിഞ്ഞ രെഫായീം താഴ്‌വരപോലെയോ ആയിരിക്കും.

6 ഒലിവുവൃക്ഷത്തിന്റെ വിളവെടുക്കുമ്പോൾ തലപ്പത്തുള്ള കൊമ്പിൽ രണ്ടോ മൂന്നോ കായ് ശേഷിക്കുന്നതുപോലെയോ, മറ്റേതെങ്കിലും ഫലവൃക്ഷത്തിന്റെ കൊമ്പുകളിൽ നാലോ അഞ്ചോ കനികൾ ശേഷിക്കുന്നതുപോലെയോ മാത്രം ആളുകൾ ഇസ്രായേലിൽ ശേഷിക്കും എന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.

7 അന്നു മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിങ്കലേക്ക് ആദരപൂർവം കണ്ണുയർത്തും; ഇസ്രായേലിന്റെ പരിശുദ്ധനായവങ്കലേക്കു നോക്കും.

8 തങ്ങളുടെ കൈകൾകൊണ്ടു നിർമിച്ച ബലിപീഠങ്ങളെ വിലമതിക്കുകയോ,

9 തങ്ങളുടെ കൈവിരലുകൾ രൂപം നല്‌കിയ അശേരാ വിഗ്രഹങ്ങളിലും ധൂപപീഠങ്ങളിലും ദൃഷ്‍ടി ഊന്നുകയോ ചെയ്യുകയില്ല. അവരുടെ സുശക്തമായ നഗരങ്ങൾ ഇസ്രായേല്യർ നിമിത്തം ഹിവ്യരും അമോര്യരും ഉപേക്ഷിച്ച സ്ഥലങ്ങൾപോലെ അന്നു വിജനമായിത്തീരും.

10 കാരണം നിന്നെ രക്ഷിക്കുന്ന ദൈവത്തെ നീ മറന്നു. നിനക്ക് അഭയം നല്‌കുന്ന പാറയെ നീ ഓർക്കുന്നില്ല.

11 നിങ്ങൾ മനോഹരമായ ചെടികൾ നട്ടു തോട്ടമുണ്ടാക്കുകയും വിതയ്‍ക്കുന്ന ദിവസംതന്നെ പ്രഭാതത്തിൽ അവ പൂവണിയുകയും ചെയ്താലും മഹാസങ്കടത്തിന്റെയും പൊറുക്കാത്ത വേദനയുടെയും നാളിൽ ആ വിള നഷ്ടപ്പെടും.


ശത്രുക്കളുടെ പരാജയം

12 ഹാ! ജനപദങ്ങളുടെ ഗർജനം; അതു കടൽ ഇരമ്പുന്നതുപോലെയാണ്. അതാ! അലറുന്ന ജനതകൾ! പെരുവെള്ളം ഗർജിക്കുന്നതുപോലെ അവർ ഗർജിക്കുന്നു.

13 ജലരാശികളുടെ ഇരമ്പൽപോലെ ജനതകൾ ആരവം മുഴക്കുന്നു. എന്നാൽ ദൈവം അവരെ ശാസിക്കും. അവർ മലകളിൽ കാറ്റിൽ പറന്നകലുന്ന പതിരുപോലെയും ചുഴലിക്കാറ്റിൽ അകപ്പെട്ട വയ്‍ക്കോൽപോലെയും ഓടി അകലും.

14 സന്ധ്യാവേളയിൽ കൊടുംഭീതി! എന്നാൽ പ്രഭാതമാകുംമുമ്പ് അവർ അപ്രത്യക്ഷരാകുന്നു. ഇതാണു നമ്മെ കൊള്ളയടിക്കുന്നവർക്കുള്ള ഓഹരി. നമ്മെ കവർച്ച ചെയ്യുന്നവരുടെ ഗതി.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan