Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 15 - സത്യവേദപുസ്തകം C.L. (BSI)


മോവാബിന്റെ നാശം

1 മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്; മോവാബിലെ ‘ആർ’ പട്ടണവും ‘കീർ’ പട്ടണവും ഒരൊറ്റ രാത്രികൊണ്ടു നശിച്ചു നിർജനമായിത്തീർന്നിരിക്കുന്നു.

2 അതിനാൽ മോവാബ് ഇല്ലാതായിരിക്കുന്നു. ദീബോനിലെ ജനം ദുഃഖാചരണത്തിനു പൂജാഗിരികളിലേക്കു കയറിപ്പോയിരിക്കുന്നു. നെബോവിനെയും മെദേബായെയുംകുറിച്ചു മോവാബ് വിലപിക്കുന്നു. എല്ലാവരും തല മുണ്ഡനം ചെയ്തു താടി കത്രിച്ചു.

3 അവർ വീഥികളിൽ ചാക്കുതുണി ധരിച്ചുനടക്കുന്നു. എല്ലാവരും കണ്ണീരും കൈയുമായി മട്ടുപ്പാവുകളിലും പൊതുസ്ഥലങ്ങളിലും കഴിയുന്നു.

4 ഹെശ്ബോനിലെയും എലെയായിലെയും ജനങ്ങൾ നിലവിളിക്കുന്നു. അവരുടെ രോദനം യഹസ്‍വരെ എത്തിയിരിക്കുന്നു. സായുധരായ മോവാബ്യർപോലും ഉറക്കെ നിലവിളിക്കുന്നു. മോവാബിന്റെ ഹൃദയം നടുങ്ങുന്നു.

5 എന്റെ ഹൃദയം മോവാബിനെച്ചൊല്ലി വിലപിക്കുന്നു. അവിടത്തെ ജനം അഭയാർഥികളായി സോവാരിലേക്കും എഗ്ലത്ത്-സെലീഷ്യായിലേക്കും ഓടിപ്പോകുന്നു. അവർ കരഞ്ഞുകൊണ്ടു ലുഹീത്തു കയറ്റത്തിൽ കയറുന്നു. ഹൊരാനയീമിലേക്കുള്ള വഴിയിൽ അവർ വിനാശത്തിന്റെ മുറവിളി ഉയർത്തുന്നു.

6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടുപോയിരിക്കുന്നു. പുല്ലുണങ്ങി ഇളനാമ്പുകൾ പൊടിക്കുന്നില്ല. പച്ചനിറം കാണാനേയില്ല.

7 സർവസമ്പത്തും നിക്ഷേപങ്ങളും എടുത്തുകൊണ്ട് അവർ അലരിച്ചെടികൾ വളരുന്ന അരുവിക്കരകൾ കടന്നുപോകും. മോവാബിലുടനീളം രോദനശബ്ദം വ്യാപരിച്ചിരിക്കുന്നു.

8 ആ വിലാപശബ്ദം എഗ്ലയീമും ബേർ-എലീമുംവരെ എത്തിയിരിക്കുന്നു.

9 ദീബോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. എങ്കിലും ദീബോന്റെമേൽ ഇതിലധികം ഞാൻ വരുത്തും. മോവാബിൽനിന്ന് ഓടിപ്പോയവരുടെയും അവിടെ ശേഷിക്കുന്നവരുടെയുംമേൽ ഒരു സിംഹത്തെ ഞാൻ അയയ്‍ക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan