യെശയ്യാവ് 12 - സത്യവേദപുസ്തകം C.L. (BSI)സ്തോത്രഗീതം 1 അന്നു നീ പറയും: “സർവേശ്വരാ, ഞാൻ അങ്ങേക്കു നന്ദി പറയുന്നു; അവിടുന്ന് എന്നോടു കോപിച്ചെങ്കിലും ഇപ്പോൾ അവിടുത്തെ കോപം ശമിക്കുകയും അവിടുന്ന് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തുവല്ലോ. 2 ഇതാ, ദൈവമാണ് എന്റെ രക്ഷ! അവിടുത്തെ ഞാൻ ആശ്രയിക്കും. ഞാൻ ഭയപ്പെടുകയില്ല; കാരണം, ദൈവമായ സർവേശ്വരൻ എന്റെ ബലവും എന്റെ ഗാനവുമാണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു. 3 നീ ആനന്ദത്തോടെ രക്ഷയുടെ കിണറ്റിൽനിന്ന് വെള്ളം കോരി എടുക്കും.” 4 അന്നു നീ പറയും: “സർവേശ്വരനു നന്ദി പറയുവിൻ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ, അവിടുത്തെ പ്രവൃത്തികൾ വിജാതീയരുടെ ഇടയിൽ ഘോഷിക്കുവിൻ. അവിടുത്തെ നാമം മഹത്ത്വമേറിയത് എന്നു പ്രഖ്യാപിക്കുവിൻ.” 5 സർവേശ്വരനു സ്തോത്രഗാനം പാടുവിൻ, അവിടുത്തെ മഹത്ത്വമേറിയ പ്രവൃത്തികൾ ഭൂമിയിലെല്ലാടവും പ്രസിദ്ധമായിത്തീരട്ടെ. 6 സീയോൻനിവാസികളേ, നിങ്ങൾ ഉച്ചത്തിൽ ആർത്തുഘോഷിക്കുവിൻ, ഇസ്രായേലിന്റെ പരിശുദ്ധൻ മഹത്ത്വമുള്ളവൻ, അവിടുന്നു നിങ്ങളുടെ മധ്യേ വാഴുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India