ഹോശേയ 9 - സത്യവേദപുസ്തകം C.L. (BSI)ശിക്ഷ വിളംബരം ചെയ്യുന്നു 1 ഇസ്രായേലേ, നീ ആഹ്ലാദിക്കേണ്ട; ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട; നിന്റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ. എല്ലാ മെതിക്കളങ്ങളിലും നിങ്ങൾ വേശ്യയുടെ കൂലിയാണല്ലോ അഭിലഷിച്ചത്. 2 മെതിക്കളങ്ങളും മുന്തിരിച്ചക്കുകളും അവരെ പോറ്റുകയില്ല. പുതുവീഞ്ഞ് അവർക്ക് ഇല്ലാതെയാകും. 3 സർവേശ്വരന്റെ ദേശത്ത് അവർ പാർക്കുകയില്ല. എഫ്രയീം ഈജിപ്തിലേക്കു മടങ്ങും; അസ്സീറിയായിൽ മലിനമായ ഭക്ഷണം അവർ കഴിക്കും. 4 അവർ സർവേശ്വരനു വീഞ്ഞ് അർപ്പിക്കുകയില്ല. അവരുടെ ബലി അവിടുത്തേക്കു പ്രസാദകരമാവുകയില്ല. വിലപിക്കുന്നവരുടെ അപ്പംപോലെ ആയിരിക്കും അവരുടെ അപ്പം. അതു ഭക്ഷിക്കുന്നവരെല്ലാം മലിനരായിത്തീരും; അവരുടെ ആഹാരം അവർക്കു വിശപ്പടക്കാൻ മാത്രമേ ഉപകരിക്കൂ. അതു സർവേശ്വരന്റെ ആലയത്തിൽ കൊണ്ടുവന്ന് അർപ്പിക്കപ്പെടുകയില്ല. 5 നിർദിഷ്ട ഉത്സവദിവസവും അവിടുത്തെ പെരുന്നാൾ ദിവസവും നിങ്ങൾ എന്തുചെയ്യും? 6 ഇതാ, അവർ വിനാശത്തിൽനിന്ന് ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചു കൂട്ടും. മെംഫിസ് അവരുടെ ശവകുടീരമായിത്തീരും. അവരുടെ വെള്ളികൊണ്ടുള്ള വിലപ്പെട്ട ഉരുപ്പടികൾ കൊടിത്തൂവ കൈവശപ്പെടുത്തും. മുൾച്ചെടികൾ അവരുടെ കൂടാരങ്ങളിൽ വളരും. 7 ശിക്ഷയുടെ ദിവസങ്ങൾ വന്നിരിക്കുന്നു. അതേ, പ്രതികാരത്തിന്റെ ദിനങ്ങൾ ആഗതമായിരിക്കുന്നു; ഇസ്രായേൽ അത് അറിയും. നിങ്ങളുടെ കടുത്ത അകൃത്യവും കൊടിയ വിദ്വേഷവുംമൂലം പ്രവാചകൻ നിങ്ങൾക്കു ഭോഷനായി; ആത്മാവിനാൽ പ്രചോദിതനായവൻ ഭ്രാന്തനായി. 8 പ്രവാചകൻ ദൈവജനമായ എഫ്രയീമിന്റെ കാവല്‌ക്കാരനാണ്; എങ്കിലും അവന്റെ വഴികളിൽ കെണി ഒരുക്കിയിരിക്കുന്നു. അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ വിദ്വേഷം കുടികൊള്ളുന്നു. 9 ഗിബെയയിൽ പാർത്തിരുന്ന ദിവസങ്ങളിലെന്നതുപോലെ ജനം അത്യന്തം ദുഷിച്ചിരിക്കുന്നു; ദൈവം അവരുടെ അകൃത്യം ഓർമിക്കും; അവരുടെ പാപങ്ങൾക്കു ശിക്ഷ നല്‌കുകയും ചെയ്യും. ഇസ്രായേലിന്റെ പാപവും അതിന്റെ ഫലങ്ങളും 10 മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ ഇസ്രായേലിനെ കണ്ടെത്തി. അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ ഇസ്രായേലിന്റെ പിതാക്കന്മാരെ കണ്ടെത്തി. എന്നാൽ ബാൽ-പെയോരിലെത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ബാലിനു സമർപ്പിച്ചു. തങ്ങൾ സ്നേഹിച്ച ദേവന്മാരെപ്പോലെ അവരും നിന്ദ്യരായിത്തീർന്നു. 11 എഫ്രയീമിന്റെ മഹിമ പക്ഷിയെപ്പോലെ പറന്നകലും; അവിടെ ജനനമോ ഗർഭമോ ഗർഭധാരണമോ നടക്കുകയില്ല. 12 അവർ മക്കളെ വളർത്തിയാൽത്തന്നെ അവർ ആരും അവശേഷിക്കാത്തവിധം ഞാൻ അവരെ സന്താനരഹിതരാക്കും. ഞാൻ അവരിൽനിന്നു പിന്തിരിയുമ്പോൾ അവർക്കു ദുരിതം! 13 എഫ്രയീമിന്റെ പുത്രന്മാർ വേട്ടയാടപ്പെടുന്നതായി കൺമുമ്പിൽ എന്നപോലെ ഞാൻ കാണുന്നു. എഫ്രയീമിനു തന്റെ പുത്രന്മാരെ കൊലക്കളത്തിലേക്കു കൊണ്ടുപോകേണ്ടിവരും. 14 സർവേശ്വരാ, അങ്ങ് എന്താണ് അവർക്കു കൊടുക്കുക? അലസുന്ന ഗർഭാശയവും വരണ്ട സ്തനങ്ങളും അവർക്കു നല്‌കിയാലും. 15 അവരുടെ ദുഷ്കൃത്യങ്ങൾ ഗിൽഗാലിൽ ആരംഭിച്ചു; അവിടെവച്ചു ഞാൻ അവരെ വെറുക്കാൻ തുടങ്ങി. അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ ഭവനത്തിൽനിന്നു ഞാൻ അവരെ ആട്ടിപ്പുറത്താക്കി. ഞാൻ അവരെ ഇനി സ്നേഹിക്കുകയില്ല; അവരുടെ പ്രഭുക്കന്മാർ എന്നോടു മത്സരിക്കുന്നവരാണ്. എഫ്രയീമിനു പുഴുക്കുത്തു വീണു; 16 അവരുടെ വേര് ഉണങ്ങിപ്പോയി; അവർ ഇനി ഫലം പുറപ്പെടുവിക്കുകയില്ല. അവർ പ്രസവിച്ചാലും അവരുടെ ഇഷ്ടസന്തതികളെ ഞാൻ സംഹരിക്കും. 17 എന്റെ ദൈവം അവരെ പുറന്തള്ളും; കാരണം, അവർ അവിടുത്തെ വാക്കു കേട്ടില്ല. അവർ ജനതകളുടെ ഇടയിൽ അലഞ്ഞുതിരിയും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India