ഹോശേയ 3 - സത്യവേദപുസ്തകം C.L. (BSI)ഹോശേയായും അവിശ്വസ്തയായ സ്‍ത്രീയും 1 സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അന്യദേവന്മാരിലേക്കു തിരിയുകയും വിഗ്രഹാർപ്പിതമായ മുന്തിരിയട ഇഷ്ടപ്പെടുകയും ചെയ്തിട്ടും ഇസ്രായേൽജനത്തെ സർവേശ്വരനായ ഞാൻ സ്നേഹിക്കുന്നതുപോലെ നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയുമായ ഒരു സ്‍ത്രീയെ സ്നേഹിക്കുക.” 2 പതിനഞ്ചു ശേക്കെൽ വെള്ളിയും ഒന്നര ഹോമർ ബാർലിയും കൊടുത്തു ഞാൻ അവളെ വാങ്ങി. 3 ഞാൻ അവളോടു പറഞ്ഞു: “ദീർഘകാലം നീ എന്റെകൂടെ പാർക്കണം; നീ വ്യഭിചരിക്കരുത്; അന്യപുരുഷൻറേതായിത്തീരുകയും അരുത്. ഞാനും അങ്ങനെതന്നെ നിൻറേതായി വർത്തിക്കും.” ഇസ്രായേലിന്റെ തിരിച്ചുവരവ് 4 ഇങ്ങനെ ഇസ്രായേൽജനത ദീർഘകാലം രാജാവോ പ്രഭുവോ യാഗമോ ആരാധനാസ്തംഭമോ ഏഫോദോ കുലദൈവമോ ഇല്ലാതെ കഴിയും. 5 പിന്നീട് ഇസ്രായേൽജനത മടങ്ങിവന്നു തങ്ങളുടെ ദൈവമായ സർവേശ്വരനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ന് അവർ ഭയഭക്തിയോടെ സർവേശ്വരനിലേക്കു തിരിയും; അവിടുത്തെ കൃപയ്‍ക്കു പാത്രമാകുകയും ചെയ്യും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India