ഹോശേയ 14 - സത്യവേദപുസ്തകം C.L. (BSI)ദൈവത്തിങ്കലേക്കു മടങ്ങുക 1 ഇസ്രായേലേ, നിന്റെ ദൈവമായ സർവേശ്വരനിലേക്കു മടങ്ങുക; നിന്റെ അകൃത്യങ്ങളാൽ നീ ഇടറി വീണിരിക്കുന്നുവല്ലോ. 2 അനുതാപവാക്കുകളോടെ സർവേശ്വരനിലേക്കു മടങ്ങുക; “ഞങ്ങളുടെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കണമേ. ഞങ്ങളിൽ നന്മയായുള്ളതു സ്വീകരിച്ചാലും. സ്തുതിയും സ്തോത്രവും ആകുന്ന അധരഫലങ്ങൾ ഞങ്ങൾ അർപ്പിക്കും. 3 അസ്സീറിയായ്‍ക്കു ഞങ്ങളെ രക്ഷിക്കാൻ സാധ്യമല്ല. പടക്കുതിരകൾ ഞങ്ങളെ സംരക്ഷിക്കുകയുമില്ല. ഞങ്ങളുടെ കരനിർമിതമായ വിഗ്രഹങ്ങളെ ‘ഞങ്ങളുടെ ദൈവമേ!’ എന്ന് ഇനി വിളിക്കുകയില്ല. അനാഥർ അങ്ങയിൽ കാരുണ്യം കണ്ടെത്തുന്നുവല്ലോ” എന്ന് അവിടുത്തോടു പറയുക. ഇസ്രായേലിനു പുതിയജീവിതം 4 ഞാൻ അവരുടെ അവിശ്വസ്തതയുടെ വ്രണം സുഖപ്പെടുത്തും; എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു. ഞാൻ അവരെ അതിരറ്റു സ്നേഹിക്കും. 5 ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും. അവൻ ലില്ലിപ്പൂപോലെ വിടരും. ഇലവുപോലെ വേരൂന്നും. അവൻ പടർന്നു പന്തലിക്കും. 6 ഒലിവുമരത്തിന്റെ സൗന്ദര്യവും ലെബാനോന്റെ പരിമളവും അവനുണ്ടായിരിക്കും. 7 അവൻ തിരിച്ചുവന്ന് എന്റെ തണലിൽ വസിക്കും. പൂന്തോട്ടംപോലെ അവൻ പൂത്തുലയും. മുന്തിരിപോലെ തളിർക്കും; ലെബാനോനിലെ വീഞ്ഞുപോലെ അവർ സൗരഭ്യം പരത്തും. 8 ഇസ്രായേൽജനമേ, ഇനി നിങ്ങൾക്കു വിഗ്രഹംകൊണ്ട് എന്തു കാര്യം? നിന്നെ സംരക്ഷിക്കുന്നതും നിനക്ക് ഉത്തരമരുളുന്നതും ഞാനാണ്. നിത്യഹരിതമായ സരളവൃക്ഷംപോലെയാണു ഞാൻ, ഞാനാണു നിനക്കു ഫലം നല്‌കുന്നത്. സമാപനം 9 ജ്ഞാനമുള്ളവൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചുകൊള്ളട്ടെ; വിവേകമുള്ളവൻ ഇവ മനസ്സിലാക്കട്ടെ. സർവേശ്വരന്റെ വഴികൾ ശരിയായുള്ളവയാകുന്നു. നീതിമാന്മാർ അവയിലൂടെ ചരിക്കുന്നു. പാപികൾ അവയിൽ ഇടറിവീഴുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India