ഹോശേയ 11 - സത്യവേദപുസ്തകം C.L. (BSI)മത്സരിക്കുന്ന ജനത്തോടു ദൈവത്തിന്റെ സ്നേഹം 1 ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്തിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു. 2 ഞാൻ വിളിക്കുന്തോറും അവർ അകന്നുപൊയ്‍ക്കൊണ്ടിരുന്നു. അകന്നുപോകുന്തോറും അവർ ബാൽദേവന്മാർക്കു ബലിയും വിഗ്രഹങ്ങൾക്കു ധൂപവും അർപ്പിച്ചുകൊണ്ടിരുന്നു. 3 ഞാനാണ് എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത്; എന്റെ കൈകളിൽ ഞാൻ അവരെ എടുത്തുകൊണ്ടു നടന്നു. എന്നിട്ടും ഞാൻ ആണ് അവർക്കു സൗഖ്യം നല്‌കിയതെന്ന് അവർ അറിഞ്ഞില്ല. 4 സ്നേഹത്തിന്റെ കയർകൊണ്ടും കരുണയുടെ പാശംകൊണ്ടും ഞാൻ അവരെ നയിച്ചു. അവരുടെ താടിയെല്ലിൽനിന്നു നുകം അയച്ചുകൊടുക്കുന്നവനെപ്പോലെ ഞാൻ വർത്തിച്ചു. ഞാൻ കുനിഞ്ഞ് അവർക്ക് ആഹാരം നല്‌കി. 5 അവർ എങ്കലേക്കു തിരിയാൻ വിസമ്മതിക്കുന്നതുകൊണ്ട് അവർ ഈജിപ്തിലേക്കു മടങ്ങിപ്പോകും. അസ്സീറിയാ അവരെ ഭരിക്കും. 6 അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും. നഗരകവാടങ്ങളുടെ ഓടാമ്പലുകൾ തകർക്കും. അവരുടെ ആലോചനയാൽ തന്നെ അവർ നശിക്കും. 7 എന്റെ ജനം എന്നെ വിട്ടു പിന്തിരിയാൻ ഒരുങ്ങിയിരിക്കുന്നതിനാൽ അവർക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തുമാറ്റുകയില്ല. 8 എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷിക്കും? ഇസ്രായേലേ, ഞാൻ എങ്ങനെ നിന്നെ കൈവിടും? നിന്നെ ഞാൻ എങ്ങനെ അദ്മായെപ്പോലെ ആക്കും? നിന്നോടു ഞാൻ എങ്ങനെ സെബോയീമിനോടെന്നപോലെ പെരുമാറും? എന്റെ ഹൃദയം അതിന് എന്നെ അനുവദിക്കുന്നില്ല. എന്റെ അനുകമ്പ ഊഷ്മളവും ആർദ്രവുമായിത്തീരുന്നു. 9 ഞാൻ കോപം അഴിച്ചുവിടുകയില്ല. എഫ്രയീമിനെ വീണ്ടും ഞാൻ നശിപ്പിക്കുകയില്ല. കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല. ഞാൻ നിങ്ങളുടെ മധ്യേ ഉള്ള പരിശുദ്ധൻ തന്നെ; ഞാൻ നിങ്ങളെ നശിപ്പിക്കാൻ വരികയില്ല. 10 അവർ സർവേശ്വരനെ അനുഗമിക്കും. അവിടുന്നു സിംഹത്തെപ്പോലെ ഗർജിക്കും; അതേ, അവിടുന്നു ഗർജിക്കും; അപ്പോൾ അവിടുത്തെ പുത്രന്മാർ ഭയഭക്തിയോടെ വിറപൂണ്ടു പടിഞ്ഞാറുനിന്ന് ഓടിവരും. 11 പക്ഷികളെപ്പോലെ അവർ ഈജിപ്തിൽനിന്നു വേഗം വന്നെത്തും; പ്രാക്കളെപ്പോലെ അസ്സീറിയായിൽനിന്നും പാഞ്ഞുവരും. ഞാൻ അവരെ സ്വഭവനങ്ങളിൽ പാർപ്പിക്കും. ഇതു സർവേശ്വരന്റെ വചനം. ഇസ്രായേലും യെഹൂദായും വിധിക്കപ്പെടുന്നു 12 എഫ്രയീം അസത്യംകൊണ്ടും ഇസ്രായേൽഭവനം വഞ്ചനകൊണ്ടും എന്നെ വളഞ്ഞിരിക്കുന്നു. എന്നാൽ യെഹൂദായെ ദൈവം ഇന്നും അറിയുന്നു. അവൻ പരിശുദ്ധനായവനോടു വിശ്വസ്തത പുലർത്തുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India